ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. ഒരു വനിത ഉൾപ്പെടെ രണ്ടു പ്രാദേശിക നേതാക്കൾ സംശയനിഴലിലാണ്. എന്നാൽ ജിതിനെതിരെ ഉയർത്തുന്ന പല തെളിവുകളും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇനിയും സാധിച്ചിട്ടില്ല. അതിനിടെ ജിതിന്റെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും ഇന്നു കോടതി പരിഗണിക്കും.

യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിൻ എകെജി സെന്ററിനുനേർക്ക് സ്ഫോടക വസ്തു എറിഞ്ഞതിനു പിന്നിൽ പ്രാദേശിക രാഷ്ട്രീയ ഗൂഢാലോചന ആരോപിക്കുന്ന ക്രൈം ബ്രാഞ്ച് ഒന്നിലേറെ പ്രതികളുണ്ടന്നും ഉറപ്പിച്ചിട്ടുണ്ട്. സ്ഫോടക വസ്തു എറിയാനുള്ള യാത്രക്കായി ജിതിന് സ്കൂട്ടർ എത്തിച്ച നൽകിയ സുഹൃത്തിനെയാണു രണ്ടാം പ്രതിയായി കണക്കാക്കുന്നത്. യുഡിഎഫിലെ ഘടകകക്ഷിയുടെ പ്രാദേശിക വനിതാ നേതാവിനെയാണ് ഇതിൽ പ്രധാനമായും സംശയിക്കുന്നത്. ഇനിയും കണ്ടെത്താനുള്ള സ്കൂട്ടർ ഇവരുടെ ബന്ധുവിന്റേതാണെന്നും സംശയിക്കുന്നുണ്ട്.

സ്ഫോടക വസ്തു വാങ്ങിയതിലും ആക്രമണ പദ്ധതി തയാറാക്കിയതിലും പങ്കുള്ളവരാണ് അടുത്ത പ്രതികൾ. യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് ഉൾപ്പെടെ മൂന്നു പേരാണ് ഇക്കാര്യത്തിൽ സംശയമുനയിലുള്ളത്. ജിതിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇവരെയൊക്കെ പ്രതി ചേർക്കാനുള്ള വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ നിലവിൽ ജിതിനെതിരെ ഉയർത്തിക്കാട്ടുന്ന പല തെളിവുകളും ഇനിയും കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. മുഖ്യതെളിവെന്ന് പറയപ്പെടുന്ന ടീ ഷർട്ട്, ഷൂസ് എന്നിവ ലഭിച്ചിട്ടില്ല. പ്രതിയെത്തിയ സ്കൂട്ടറും കണ്ടെത്തിയിട്ടില്ലെന്നു മാത്രമല്ല നമ്പർ പോലും തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടക വസ്തുവിന്റെ ഉറവിടവും വ്യക്തമല്ല.

കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യലിൽ ഇവയ്ക്കും ഉത്തരം ലഭിച്ചാൽ മാത്രമേ കേസ് നിലനിൽക്കൂ. അതിനാൽ 5 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അപേക്ഷക്കൊപ്പം ജിതിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാൽ ക്രൈംബ്രാഞ്ചിനും സിപിഎമ്മിനും വലിയ തിരിച്ചടിയാവും.

English Summary: AKG Centre attack case Crime Branch Investigation updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com