ADVERTISEMENT

തൃശൂർ∙ കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ മോഷണം പതിവാക്കിയ കുപ്രസിദ്ധ കുറ്റവാളി വാടാനപ്പിള്ളി രായമരക്കാര്‍ വീട്ടില്‍ സുഹൈല്‍ (44) എന്ന ഓട്ടോ സുഹൈല്‍ പിടിയിലായതോടെ ചുരുളഴിഞ്ഞത് കൗതുകകരമായ മറ്റൊരു കേസ്. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍നിന്നു മൊബൈല്‍ ഫോണുകള്‍, ബാങ്ക് പാസ്ബുക്ക്, വൈഫൈ കണക്‌ഷന്റെ സ്വിച്ച്, പണം തുടങ്ങിയവ മോഷ്ടിച്ച കേസിലാണ് തൃശൂര്‍ സിറ്റി പൊലീസ് സുഹൈലിനെ പിടികൂടിയത്. 

സുഹൈലിനെ ചോദ്യം ചെയ്തതോടെ, നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഭാര്യയുടെ ബിസിനസ് തകര്‍ക്കാന്‍ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്തും സുഹൈല്‍ മോഷണം നടത്തിയിരുന്നു. പാലക്കാട് ചിറ്റൂരില്‍ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഒരു കേസില്‍പെട്ട് ജയിലില്‍ കഴിയവേ സുഹൈലും ജയിലില്‍ അന്തേവാസിയായിരുന്നു. അവിടെവച്ച് അയാളുമായി പരിചയത്തിലായ സുഹൈലിനോട് തന്റെ ഭാര്യ നടത്തിവന്നിരുന്ന ബിസിനസ് എങ്ങിനെയെങ്കിലും തകര്‍ക്കണമെന്ന് പറയുകയും സുഹൈല്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ചെയ്തു.

ജയിലില്‍നിന്ന് ഇറങ്ങിയശേഷം, ക്വട്ടേഷന്‍ നല്‍കിയയാളുടെ ഭാര്യ നടത്തിവന്നിരുന്ന ബിസിനസ് സ്ഥാപനത്തില്‍ കയറി സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍, തുടങ്ങിയ മോഷ്ടിച്ച് സുഹൈല്‍ കടന്നുകളഞ്ഞു. ഈ കേസില്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സുഹൈലിനെ ഈ കേസിനു വേണ്ടി ചിറ്റൂര്‍ പൊലീസിന് കൈമാറും.

ഇതുകൂടാതെ 2021 ഡിസംബറില്‍ പാവറട്ടി മുല്ലശ്ശേരി പെട്രോള്‍ പമ്പില്‍നിന്നും 25,000 രൂപയും പാലക്കാട് ചിറ്റൂര്‍ അരങ്ങുപള്ളം എന്ന സ്ഥലത്ത് അടഞ്ഞു കിടന്നിരുന്ന വീട്ടിലും പോസ്റ്റ് ഓഫിസിലും, കുഴല്‍മന്ദം കണ്ണന്നൂര്‍ സ്‌കൂളില്‍നിന്നു ലാപ്പ്‌ടോപ്പുകളും അന്തിക്കാട് കണ്ടശാംകടവില്‍നിന്ന് മോട്ടര്‍ സൈക്കിളും, മലപ്പുറം എടപ്പാള്‍ അംശക്കച്ചേരി പോസ്റ്റ് ഓഫിസിലും മോഷണം നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.

കുടുങ്ങിയത് സ്‌കൂളിലെ മോഷണത്തില്‍ 

മോഷണ മുതലുകള്‍ വില്‍പന നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന സുഹൈലിനെ മലപ്പുറം പൊന്നാനിയില്‍വച്ചാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടില്‍ ഷമീര്‍ (32) ജയിലിലാണ്. 

ഓഗസ്റ്റ് 28ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന്റെ പ്രധാന ഗേറ്റിന്റെയും സ്റ്റാഫ് മുറിയുടെയും സ്റ്റോര്‍ റൂമിന്റെയും പൂട്ടു പൊളിച്ച് മോഷ്ടാവ് അകത്തു കയറുകയും തുടര്‍ന്ന് ഓഫിസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, ബാങ്ക് പാസ്ബുക്ക്, വൈഫൈ കണക്‌ഷന്റെ സ്വിച്ച്, മേശവലിപ്പിലുണ്ടായിരുന്ന പണം എന്നിവ മോഷണം നടത്തി സ്ഥലം വിടുകയായിരുന്നു.

പാവറട്ടി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് ഉപയോഗിച്ച ബൈക്ക് കണ്ടെത്തുകയും, ഇതേ ബൈക്ക് ഉപയോഗിച്ച് സമാനരീതിയിലുള്ള മോഷണം പാലക്കാട് കൊഴിഞ്ഞാമ്പാറയിലും നടത്തിയിട്ടുള്ളതായി തെളിയുകയുമുണ്ടായി.

ഈ കേസില്‍ അറസ്റ്റിലായ പ്രതി ഷമീറിനെ അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് ചിറ്റാട്ടുകരയില്‍ മോഷണം നടത്തിയത് അയാളുടെ സുഹൃത്ത് സുഹൈല്‍ ആണെന്ന് വെളിപ്പെട്ടത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍പന നടത്തുവാന്‍ സഹായിച്ചതിനും കുറ്റകൃത്യം ചെയ്യാനാണെന്നറിഞ്ഞിട്ടും മോഷ്ടിച്ച ബൈക്ക് നല്‍കിയതിനുമാണ് ഷമീറിനെ പ്രതിചേര്‍ത്തത്.

അറസ്റ്റിലായ ഓട്ടോ ഷമീര്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. രാത്രികാലങ്ങളില്‍ സ്‌കൂളുകളിലും പോസ്റ്റ് ഓഫിസുകളിലും വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാള്‍ക്കെതിരെ അന്തിക്കാട്, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്, വാടാനപ്പിള്ളി, പേരാമംഗലം, മലപ്പുറം, വലപ്പാട്, കാട്ടൂര്‍, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളുണ്ട്.

പാവറട്ടി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എം.കെ.രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.എം.രതീഷ്, സി.എസ്.നെല്‍സണ്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനീഷ് വി.നാഥ്, വി.പി.സുമേഷ്, ടി.എസ്.സുവീഷ്, തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി.സുവ്രതകുമാര്‍, പി.എം.റാഫി, പി.രാഗേഷ്, കെ.ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.വി.ജീവന്‍, പി.കെ.പളനിസ്വാമി, എം.എസ്.ലിഗേഷ്, കെ.ബി.വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് സുഹൈലിനെ പിടികൂടിയത്.

English Summary: Auto Suhail Arrested by Thrissur Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com