ADVERTISEMENT

കോഴിക്കോട്∙ കോർപറേഷനുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽപ്പോലും കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലെ നടപടികൾക്ക് ഒടുവിൽ നിയമപരമായി മൂക്കുകയറിട്ട് ബിജെപി കൗൺസിലർമാർ. നീതി ആയോഗിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയ കേന്ദ്രവിരുദ്ധ പ്രമേയം റദ്ദാക്കാൻ ഹൈക്കോടി ഉത്തരവ്. ബിജെപി കൗൺസിലർമാർ പാർട്ടി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കോർപറേഷൻ ഭരണസമിതിക്കെതിരെ വിവാദവിഷയങ്ങൾ കത്തിനിൽക്കുമ്പോൾ കശ്മീർ വിഷയത്തിലും മറ്റും പ്രമേയം പാസാക്കിയതു മുൻകാലങ്ങളിൽ വിവാദമായിരുന്നു. ഇതിനിടെയാണു നീതി ആയോഗിനെതിരെയുള്ള പ്രമേയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. 75ാം വാർഡ് കൗൺസിലർ വി.കെ.മോഹൻദാസാണ് അജണ്ട അവതരിപ്പിക്കാനിരുന്നത്.

ഇത്തരം പ്രമേയങ്ങൾ കോർപ്പറേഷന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും നഗരപാലിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ പ്രമേയമാണെന്നും ചൂണ്ടിക്കാട്ടി ‌ആക്ഷേപമുന്നയിച്ചു കൗൺസിലറും ബിജെപി കൗൺസിൽ പാർട്ടി ലീഡറുമായ നവ്യ ഹരിദാസ് നോട്ടിസ് നല്കിയിരുന്നു. എന്നാൽ മേയറോ സെക്രട്ടറിയോ അവതരണാനുമതി നിഷേധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിലെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് നീതി ആയോഗിനെതിരെയുള്ള പ്രമേയം പിൻവലിക്കാനാണ് ഉത്തരവിട്ടത്. ഇനിയങ്ങോട്ടു വരുന്ന കൗൺസിൽ യോഗങ്ങളിൽ കേന്ദ്ര നിയമങ്ങൾക്കെതിരെയുള്ള പ്രമേയങ്ങൾക്കും ഈ ഉത്തരവ് ബാധകമാകും.

ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുന്നത് അവസാനിപ്പിക്കണം:വി.കെ.സജീവൻ

കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുന്നവർക്കുള്ള താക്കീതാണു കോർപറേഷനിലെ കേന്ദ്രസർക്കാർവിരുദ്ധ പ്രമേയം പിൻവലിക്കാനുളള കോടതി ഉത്തരവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു. നിരന്തരമായി ഒരു ചടങ്ങുപോലെ ചട്ടങ്ങൾക്കു വിരുദ്ധമായി കൗൺസിൽയോഗത്തിന്റെ അജണ്ടകളിൽ കേന്ദ്രസർക്കാരിനെതിരായ പ്രമേയങ്ങൾ വരുന്നതു കൊണ്ടാണ് കോടതി നടപടിയിലേക്കു നീങ്ങാൻ ബിജെപി ജില്ലാക്കമ്മിറ്റി നിർദ്ദേശം നൽകിയത്. സംസ്ഥാനത്തെ പല വകുപ്പുകളും സ്ഥാപനങ്ങളും ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വി.കെ.സജീവൻ പറഞ്ഞു.

English Summary: Kerala High Court bans resolution against Central Government in Kozhikode Municipal Corporation Council Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com