ADVERTISEMENT

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ എത്തുമെന്ന് ഉറപ്പായതായി സൂചന നല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പാര്‍ട്ടി അധ്യക്ഷനാകില്ലെന്ന് രാഹുല്‍ ഗാന്ധി തന്നോടു വ്യക്തമാക്കിയതായി അശോക് ഗെലോട്ട് പറഞ്ഞു. കഴിച്ച ദിവസം കേരളത്തിലെത്തി രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ശേഷമാണ് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്. ഇതോടെ അശോക് ഗെലോട്ട് - ശശി തരൂര്‍ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

എല്ലാവരുടെയും ആഗ്രഹപ്രകാരം വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുലിനോട് നിരവധി തവണ ആവശ്യപ്പെട്ടുവെന്ന് ഗെലോട്ട് പറഞ്ഞു. എന്നാല്‍ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും അടുത്ത അധ്യക്ഷനാകേണ്ടെന്നാണ് തീരുമാനമെന്ന് രാഹുല്‍ പറഞ്ഞു. 'ഞാന്‍ അധ്യക്ഷനാകണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്ന് എനിക്കറിയാം. അവരുടെ താല്‍പര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷപദവിയില്‍ എത്തണമെന്നാണ് എന്റെ തീരുമാനം' - രാഹുല്‍ പറഞ്ഞതായി ഗെലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരം ഉറപ്പായി. രാഹുല്‍ ഗാന്ധിക്ക് പകരം അശോക് ഗെലോട്ട് ആണ് മത്സരിക്കുന്നതെങ്കിലും ശശി തരൂരും മത്സരരംഗത്തുണ്ടാകും. 

ഇരട്ടപദവി അനുവദിക്കില്ലെന്നു രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും ഉറച്ച നിലപാടെടുത്തതോടെ, കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രി പദവും ഒന്നിച്ചു വഹിക്കാനുള്ള അശോക് ഗെലോട്ടിന്റെ നീക്കം പാളിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തുള്ളയാള്‍ മുഖ്യമന്ത്രി പദവും വഹിച്ച ചരിത്രമില്ലെന്നും പ്രസിഡന്റായാല്‍ ആ പദവി വഹിക്കുമെന്നും രാഹുലുമായി കേരളത്തില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ഗെലോട്ട് വ്യക്തമാക്കിയതോടെ, ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന അനിശ്ചിതത്വത്തിനു വിരാമമായി. 

രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിനായി ഇത്രയും നാള്‍ ക്ഷമയോടെ കാത്തിരുന്ന യുവ നേതാവ് സച്ചിന്‍ പൈലറ്റിന് ഇനി അവസരം നല്‍കാമെന്നും അതിനു തടസ്സം നില്‍ക്കരുതെന്നും രാഹുല്‍ ഗെലോട്ടിനെ അറിയിച്ചതായാണു സൂചന. ഇതിനോടു ഗെലോട്ട് പൂര്‍ണമായി യോജിച്ചിട്ടില്ല.

സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും. 2018 ഡിസംബർ 14ലെ ചിത്രം. (Photo by CHANDAN KHANNA / AFP)
സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും. 2018 ഡിസംബർ 14ലെ ചിത്രം. (Photo by CHANDAN KHANNA / AFP)

മുഖ്യമന്ത്രി പദത്തിലേക്ക് 'ഒരാള്‍ക്ക് ഒരു പദവി' നയം ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസ് എടുത്ത പ്രതിജ്ഞയാണെന്നും അതു പാലിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

തിരഞ്ഞെടുക്കപ്പെട്ട പദവികളായതിനാല്‍ പ്രസിഡന്റ്, മുഖ്യമന്ത്രി പദങ്ങള്‍ ഒന്നിച്ചു വഹിക്കാമെന്ന് ആവര്‍ത്തിച്ച്്, രാജസ്ഥാന്‍ വിഷയത്തില്‍ തീരുമാനമുണ്ടാക്കാന്‍ ഗെലോട്ട് കേരളത്തിലെത്തിയ ദിവസം തന്നെ രാഹുല്‍ നിലപാട് വ്യക്തമാക്കിയത് അദ്ദേഹത്തിനുള്ള വ്യക്തമായ സന്ദേശമായി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് പ്രസിഡന്റാവുകയാണെങ്കില്‍ മുഖ്യമന്ത്രി പദമൊഴിയാന്‍ ഗെലോട്ട് സമ്മതമറിയിച്ചത്.

താന്‍ മുഖ്യമന്ത്രിയാകുന്നതു തടയാന്‍ വിശ്വസ്തരിലൊരാളെ ആ പദവിയില്‍ പ്രതിഷ്ഠിക്കാന്‍ ഗെലോട്ട് ശ്രമമാരംഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സച്ചിന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗെലോട്ട് ഒഴിഞ്ഞാല്‍ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം രാഹുല്‍ സച്ചിന് നല്‍കിയതായാണു വിവരം. ഒരാള്‍ക്കു 2 പദവി വഹിക്കാനാകില്ലെന്ന് സച്ചിനും അതു ശരിവച്ച് രാഹുലും പിന്നാലെ പരസ്യ പ്രതികരണം നടത്തിയതും ഇരട്ടപ്പദവിക്കായുള്ള ഗെലോട്ടിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് വിജ്ഞാപനമായി

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കോണ്‍ഗ്രസ് ഇറക്കി. ഒന്‍പതിനായിരത്തിലധികമുള്ള പിസിസി പ്രതിനിധികള്‍ ഒക്ടോബര്‍ 17ന് സ്വന്തം സംസ്ഥാനങ്ങളിലെ പിസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും; 19ന് എഐസിസി ആസ്ഥാനത്തു വോട്ടെണ്ണും. നാളെ മുതല്‍ 30 വരെ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 26നു ഗെലോട്ട് പത്രിക സമര്‍പ്പിച്ചേക്കും. 

ഇതിനു മുന്‍പ് 2001 ലാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 7,448 വോട്ടു നേടി സോണിയ ഗാന്ധി വിജയിച്ചു. എതിരാളിയായ ജിതേന്ദ്ര പ്രസാദയ്ക്ക് 94 വോട്ടാണു ലഭിച്ചത്.

English Summary: No one from the Gandhi family should become the party chief confirms Ashok Gehlot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com