ADVERTISEMENT

തിരുവനന്തപുരം∙ ലോട്ടറി അടിച്ചപ്പോൾ സന്തോഷമായിരുന്നെന്നും എന്നാല്‍ ഇപ്പോൾ മാസ്ക് വച്ച് പോലും പുറത്തിറങ്ങാനാകുന്നില്ലെന്നും തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച ശ്രീവരാഹം സ്വദേശി അനൂപ്. വിഡിയോ സന്ദേശത്തിലൂടെയാണ് അനൂപിന്റെ പ്രതികരണം. ഇതുവരെ സമ്മാനത്തുക ലഭിച്ചിട്ടില്ലെന്നും ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണെന്നും അനൂപ് പറഞ്ഞു. TJ 750605 എന്ന ടിക്കറ്റിനാണ് ബംപറടിച്ചത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. 

അനൂപിന്റെ പ്രതികരണം

‘‘ലോട്ടറി അടിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. പിടിച്ചുനിൽക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു. പക്ഷേ ഇപ്പോൾ ഓരോ ദിവസവും കഴിയുമ്പോൾ അവസ്ഥ മാറിമാറി വരുകയാണ്. പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല, എവിടെയും പോകാൻ പറ്റുന്നില്ല. ഓരോ ദിവസും ഓരോ വീട്ടിലാണ് നിൽക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആൾക്കാർ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആൾക്കാർ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. ഇപ്പോൾ വിഡിയോയിൽ പറയുന്നതിനിടയിലും ആൾക്കാർ വന്ന് ഗേറ്റിൽ തട്ടിക്കൊണ്ടുനിൽക്കുന്നു. 

ശ്വാസംമുട്ടൽ കാരണം ജോലിക്ക് പോയിട്ട് രണ്ടുമാസമായി. ലോട്ടറി അടിച്ചതിന്റെ പണം കിട്ടിയിട്ടില്ല. എല്ലാവരും ഇതു മനസ്സിലാക്കണം. കിട്ടി കഴിഞ്ഞാലും എനിക്കിപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവർ പറയുന്നത് കേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. രണ്ടുവർഷത്തേക്ക് ലോട്ടറിയടിച്ച പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്ക് അക്കൗണ്ടിൽ ഇടാനാണ് തീരുമാനം. അതുകഴിഞ്ഞെ എന്തെങ്കിലും ചെയ്യൂ. ഇതിന്റെ പേരിൽ ആർക്കൊക്കെ പിണക്കമുണ്ടായാലും എനിക്കൊന്നും ചെയ്യാനില്ല. 

എന്റെ അവസ്ഥ മനസ്സിലാക്കണം. ആൾക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണ്. സ്വന്തം വീട്ടിൽ കയറാൻ പറ്റുന്നില്ല. അടുത്ത വീട്ടിലെ ആൾക്കാർ പോലും ശത്രുക്കളായി. പണ്ടും ശത്രുക്കളുണ്ട്. ഇപ്പോൾ ശത്രുക്കൾ കൂടി വരുന്നു. ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല. മൂന്നാം സമ്മാനം അടിച്ചാൽ മതിയായിരുന്നു. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. ഇതു മാധ്യമങ്ങളോട് പറയാത്തത്, ഒരു ചാനലിനോട് പറഞ്ഞാൽ, മറ്റു ചാനലുകാർ വന്നുകൊണ്ടിരിക്കും. മാസ്ക് വച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.’’

English Summary: Onam Bumper Lottery winner Anoop about Bumper Prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com