ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമവും കല്ലേറും ബോംബേറും. അക്രമങ്ങളിൽ 170 പേർ അറസ്റ്റിലായി. സംസ്ഥാനത്താകെ 157 കേസുകൾ റജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ കേസ് കണ്ണൂർ സിറ്റിയിലാണ്. പ്രതിരോധ നടപടികൾക്കായി 368 പേരെ കരുതൽ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു.

കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ലോറിയുടെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍നിന്നും തലശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായി എ‍‍ഡിജിപി അറിയിച്ചു. കണ്ണൂരിൽ മിൽമ ടീ സ്റ്റാൾ അടിച്ചുതകർത്തു. ജോലി ചെയ്യുകയായിരുന്ന അതിഥിത്തൊഴിലാളിക്ക് തലയ്ക്ക് പരുക്കേറ്റു. കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കല്യാശേരിയിൽ ബോംബുമായി ഒരാളെ കസ്റ്റ‍ഡിയിലെടുത്തു.

മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. ജനൽചില്ല് തകർന്നു. ഓഫിസിലെ കിടക്കയ്ക്ക് തീപിടിച്ചു. സ്കൂട്ടിയിലെത്തിയ രണ്ടുപേരാണ് ബോംബ് എറിഞ്ഞത്. കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിച്ചു കയറ്റി. കോട്ടയം സംക്രാന്തിയിൽ ലോട്ടറി കട അടിച്ചുതകര്‍ത്തു. ചങ്ങനാശേരിയില്‍ ഡോക്ടര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ഈരാറ്റുപേട്ടയിലും സംഘർഷമുണ്ടായി. പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി.

തൃശൂർ ചാവക്കാട് ആംബുലൻസിനു നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകൾ അടിച്ചുതകർത്തു. നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് അക്രമത്തിൽ പരുക്കേറ്റു. ഹോട്ടലിനു മുൻപിൽ നിർത്തിയിട്ട ബൈക്കും തകർത്തു. 

ബേംബേറുണ്ടായ ആർഎസ്എസ് കാര്യാലയത്തിന്റെ ഭാഗം
ബേംബേറുണ്ടായ ആർഎസ്എസ് കാര്യാലയത്തിന്റെ ഭാഗം

സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. ലോറികൾക്കു നേരെയും കല്ലെറിഞ്ഞു. ഡ്രൈവർമാർ ഉൾപ്പെടെ പത്തുപേർക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ ജിനുവിനു പരുക്കേറ്റു. അക്രമത്തെ തുടർന്ന് പല ജില്ലകളിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു.

മുൻ ഉത്തരവ് ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ.

English Summary: Popular Front Harthal in Kerala Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com