ADVERTISEMENT

യുണൈറ്റഡ് നേഷൻസ്∙ റഷ്യയെയും ചൈനയെയും ശക്തമായി വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ സംസാരിക്കവെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ആണ് ഇരു രാജ്യങ്ങളുടെയും പേരെടുത്തു പറയാതെ വിമർശനം ഉന്നയിച്ചത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഏഴുമാസങ്ങൾക്കുശേഷം റഷ്യയ്ക്കുമേൽ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രസ്താവനയാണ് ഇത്.

റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ രാജ്യാന്തര സമൂഹത്തിന് ‘പരമമായ’ ആശങ്കയുണ്ടെന്ന്’ ജയ്ശങ്കർ വ്യക്തമാക്കി. ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും തിരിച്ചുവരണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ കാലഘട്ടം യുദ്ധത്തിന്റേത് ആകാൻ പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശമെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. ‘‘യുദ്ധ സാഹചര്യത്തിലാണെങ്കിലും മനുഷ്യാവകാശങ്ങളോ രാജ്യാന്തര നിയമങ്ങളോ ലംഘിക്കുന്നത് ന്യായീകരിക്കാനാകില്ല. അങ്ങനെയുണ്ടായാൽ അവ സ്വതന്ത്യമായും വസ്തുനിഷ്ഠമായും അന്വേഷിക്കപ്പെടണം. ബുച്ചയിലെ കൊലപാതകങ്ങളിലും ഇന്നും ഇതേ നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ആണവ വിഷയവും ആശങ്കയ്ക്ക് ഇടയാക്കുന്നു’’ – ജയ്ശങ്കർ കൂട്ടിച്ചേർത്തു.

ഭീകരരെ വിലക്കാനുള്ള തീരുമാനത്തെ എതിർത്ത ചൈനയുടെ തീരുമാനത്തിനെതിരെയും ജയ്ശങ്കർ ശക്തമായ വിമർശനം ഉയർത്തി. ‘‘ശിക്ഷിക്കപ്പെടുമെന്ന സന്ദേശം അസന്ദിഗ്ധമായും സ്പഷ്ടമായും രക്ഷാസമിതി നൽകണം. രാഷ്ട്രീയം വച്ച് അതിനെ സംരക്ഷിക്കരുത്. ലോകത്തെ ഏറ്റവും ഭയാനകന്മാരായ തീവ്രവാദികളെ വിലക്കാനുള്ള കാര്യത്തിൽ അതുകാണുന്നത് ദുഃഖകരമാണ്. പകൽവെളിച്ചത്തിൽ അങ്ങേയറ്റം മോശമായ ആക്രമണം നടത്തിയവർക്ക് ശിക്ഷ ലഭിക്കാതെ പോകുമ്പോൾ ശിക്ഷിക്കപ്പെടില്ലെന്ന സന്ദേശമാണ് ഈ സമിതി നൽകുന്നത്. വിശ്വാസ്യത ഉറപ്പുവരുത്തണമെങ്കിൽ തുടർച്ച ഉണ്ടായിരിക്കണം’’ – ജയ്ശങ്കർ കൂട്ടിച്ചേർത്തു.

English Summary: UNSC: Jaishankar takes tough stand on Russia, targets Beijing also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com