ADVERTISEMENT

മലപ്പുറം∙ എസ്ഡിപിഐയുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്‌ലിം ലീഗ് ആണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടുപിടിച്ച സിപിഎം നേതൃത്വമാണിപ്പോള്‍, ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ (പിഎഫ്ഐ) ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘മുസ്‌ലിം ലീഗിനെതിരെ തീവ്ര നിലപാടുളളവരെ ഒരേ വേദിയില്‍ എത്തിച്ചത് സിപിഎം ആണ്. ആര്‍എസ്എസിന് പകരം ഐഎസ്എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ഒപ്പം ചേര്‍ത്തുനിര്‍ത്തി രാഷ്ട്രീയ ഐക്യമുണ്ടാക്കിയവരാണ് തീവ്രസ്വഭാവമുളള സംഘടനകളുടെ വളർച്ചയ്ക്ക് വളം നല്‍കി ഒപ്പം നിന്നത്’’– പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംരക്ഷകര്‍ മുസ്‌ലിം ലീഗ് ആണന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രസ്താവനയോടാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. 

‘‘മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്ന് സ്വപ്നം കണ്ട് ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഈ സംഘടനകളുടെ സഹായം ആവശ്യമുളളപ്പോള്‍ സ്വീകരിക്കുകയും തിരിച്ചു സഹായിക്കുകയും ചെയ്തത് സിപിഎമ്മും ഇടതു പാര്‍ട്ടികളുമാണ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്തുണയോടെ ഇടതുപക്ഷം ഭരണം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളുണ്ട്. രാഷ്ട്രീയമായി മുസ്‌ലിം ലീഗ് ഏറ്റവും ക്ഷീണിച്ച ഘട്ടങ്ങളില്‍ പോലും തീവ്രസ്വഭാവമുളള സംഘടനകളുടെ സഹായം സ്വീകരിച്ചിട്ടില്ല’’ – അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്നു മുതല്‍ നടത്തുന്ന ഗള്‍ഫ് പര്യടനം തീവ്ര സ്വഭാവമുളള സംഘടനകള്‍ക്കെതിരെയുളള ക്യാംപെയിന്‍ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: PK Kunhalikutty on SDPI and Popular Front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com