ADVERTISEMENT

ഖമ്മം (തെലങ്കാന)∙ പ്രസവിച്ചുകിടന്ന ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഭാര്യ മരിച്ചെന്ന് ആരോപിച്ച് പ്രതി നഷ്ടപരിഹാരം കൈപ്പറ്റിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് നിർണായകമായത്. പേഡതൻഡ സ്വദേശിയായ തേജാവത് ബിക്ഷയാണ് (42) ഭാര്യ നവീനയെ കൊന്നതിന് അറസ്റ്റിലായത്. 

രണ്ടാമത്തെ പ്രസവത്തിനു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നവീന  കു‍ഞ്ഞിനു ജന്മം നൽകിയ ശേഷമാണ് ഓഗസ്റ്റ് 30നു മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കാരണമെന്ന് ആരോപിച്ച് തേജാവത് ബഹളം വയ്ക്കുകയും നഷ്ടപരിഹാരം നൽകി അധികൃതർ കേസ് ഒതുക്കിത്തീർക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടം പോലും നടത്താതെ മൃതദേഹം വിട്ടുനൽകി. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തേജാവത് തന്നെയാണ് വിഷം കുത്തിവച്ചു ഭാര്യയെ കൊന്നതെന്നു വ്യക്തമായത്.

ആദ്യഭാര്യയിൽ കുട്ടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് ഇയാൾ നവീനയെ വിവാഹം കഴിച്ചതെന്നും 2 ഭാര്യമാരും തമ്മിൽ വീട്ടിൽ കലഹം പതിവായിരുന്നു എന്നും പൊലീസ് പറഞ്ഞു. ജനിക്കുന്നതു ആണ്‍കുഞ്ഞായിരിക്കണമെന്ന് ഇയാള്‍ നേരത്തെ ഭാര്യയോടു പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ഭാര്യ പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. തുടർന്നാണ് ആരോഗ്യ പ്രവർത്തകൻ കൂടിയായ തേജാവത് രണ്ടാം ഭാര്യയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ഖമ്മം ജില്ലയില്‍ മണ്ടല്‍ എന്ന സ്ഥലത്ത് തിങ്കളാ‌ഴ്‌ച സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്‌തിരുന്നു. ബൈക്ക് യാത്രക്കാരനായ ജമാല്‍ സാഹിബ് എന്നയാളെ പിൻ സീറ്റിൽ യാത്ര ചെയ്തയാള്‍ വിഷം കുത്തിവച്ചുകൊന്നിരുന്നു. സംഭവത്തില്‍ ജമാലിന്റെ ഭാര്യ ഷെയിക് ഇമാംബീ, കാമുകന്‍ ഗോഡ മോഹന്‍ റാവു, തുടങ്ങി ആറുപേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

English Summary: Telangana man kills wife with lethal jab, gets compensation for her death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com