ADVERTISEMENT

ബെംഗളൂരു ∙ ജാലഹള്ളിയിലെ വ്യോമസേന ടെക്‌നിക്കൽ കോളജിലെ (എഎഫ്‌ടിസി) ട്രെയിനി കെഡറ്റിനെ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ബിഹാർ സ്വദേശിയായ അങ്കിത് കുമാർ ഝായെ (27) ശനിയാഴ്‍ചയാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. അങ്കിതിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

മരണത്തിനു മുൻപ് അങ്കിത് എഴുതിയ കുറിപ്പിൽ പരാമർശിച്ചിരുന്ന ആറ് വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെയാണു കൊലപാതക കുറ്റം ചുമത്തി ഗംഗമ്മനഗുഡി പൊലീസ് കേസെടുത്തത്. ആത്മ‌ഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നതിനു മുൻപുതന്നെ അങ്കിതിന്റെ കുടുംബം നൽകിയ പരാതിയിലും ഈ ആറ് പേരുടെ പേര് പരാമർശിച്ചിരുന്നു. എയർ കമ്മഡോർ, ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ എന്നീ റാങ്കുകളിലുള്ളവരാണ് പ്രതികൾ.

കേസിൽ തെളിവുകൾ ശേഖരിക്കുന്നതായും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും  ഗംഗമ്മനഗുഡി പൊലീസ് അറിയിച്ചു. പോസ്റ്റ്‍‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഗംഗമ്മനഗുഡി പൊലീസ് അറിയിച്ചു. 

‘‘അങ്കിത് കുമാർ ഝായ്ക്കെതിരെ അച്ചടക്ക നടപടിയുടെ പേരിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ എഎഫ്‌ടിസിയിൽ നിന്ന് പുറത്താക്കി ഉത്തരവിറങ്ങി’’– ഡിസിപി വിനായക് പാട്ടീൽ പറഞ്ഞു. ഉദ്യോഗസ്ഥർ മാനസികമായി തന്നെ പീഡിപ്പിച്ചിരുന്നതായും ചില രേഖകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതായും കഴിഞ്ഞ ബുധനാഴ്ച സഹോദരന് അങ്കിത് സന്ദേശമയച്ചിരുന്നു.

ആത്മഹത്യാ കുറിപ്പിൽ കെഡറ്റ് അനുഭവിച്ച പീഡനങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടെന്നും പ്രതികൾ അങ്കിത് കുമാർ ഝായെ പീഡിപ്പിച്ചിരുന്നതായും ഗംഗമ്മനഗുഡി പൊലീസ് അറിയിച്ചു. 

English Summary: Air Force Cadet Found Dead, 6 Officers Charged With Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com