ADVERTISEMENT

ഹൈദരാബാദ് ∙ ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കാർത്തികേയ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ ഡോക്ടർക്കും രണ്ടു മക്കൾക്കും ദാരുണാന്ത്യം. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ആശുപത്രിയിലെ ഡോക്ടർ രവിശങ്കർ റെഡ്ഡി, 14 വയസ്സുള്ള മകൻ, ഒൻപതു വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

5 വർഷം മുൻപു പണിത മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ആശുപത്രി. മരിച്ച  രവിശങ്കർ റെഡ്ഡിയും കുടുംബവും മുകളിലെ നിലയിലാണ് താമസിച്ചിരുന്നത്. പുലർച്ചെ തീപിടിത്തമുണ്ടാകുമ്പോൾ ഇവർ ഉറക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്പോൾ താഴത്തെ നിലയിലാണ് ഡോക്ടർ മരിച്ചുകിടന്നിരുന്നത്.

തീപിടിത്തമുണ്ടായതറിഞ്ഞ് പടികൾ ഇറങ്ങി താഴേയ്ക്കു വന്നപ്പോൾ പുക ശ്വസിച്ച് ബോധം കെടുകയും തീയിൽ അകപ്പെടുകയും ചെയ്തെന്നാണ് നിഗമനം. വാതിൽ തകർത്ത് അകത്തുകയറിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടികളെ രക്ഷപ്പെടുത്തി കോണിവഴി താഴെയിറക്കി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും അപ്പോഴേയ്ക്കും വിഷവാതകമായ കാർബൺ മോണോക്സൈഡ് ധാരാളം ശ്വസിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

‘ഇവർ താമസിച്ചിരുന്ന വീടു നിറയെ ഫർണിച്ചറും മറ്റു വസ്തുക്കളുമുണ്ടായിരുന്നു. പക്ഷേ, പുക പുറത്തുപോകാൻ ആവശ്യമായ ജനാലകളോ വാതിലുകളോ ഉണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായതോടെ ഇവരുടെ വീട് ഗ്യാസ് ചേംബറായി മാറി’ – അഗ്നിരക്ഷാ സേനയിലെ ഒരു അംഗത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

English Summary: Doctor, His 2 Children Die In Andhra Pradesh Hospital Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com