ADVERTISEMENT

ന്യൂഡൽഹി∙ അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷനായാൽ രാജസ്ഥാൻ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം. ജയ്പുരിൽ അശോക് ഗെലോട്ടിന്റെ വസതിയിൽ ഇന്നു വൈകിട്ട് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. നിരീക്ഷകനായി മല്ലികാർജുൻ ഖാർഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും യോഗത്തിൽ പങ്കെടുക്കും. യുവ നേതാവ് സച്ചിൻ പൈലറ്റിനെ കോൺഗ്രസ് ഹൈക്കമാൻഡ് പിന്തുണയ്ക്കുമ്പോൾ സ്പീക്കർ സി.പി.ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ഗെലോട്ടിന്റെ ശ്രമം.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികയുടെ ഫോം അശോക് ഗെലോട്ട് ഉടൻ വാങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കൽ ഇന്നലെ ആരംഭിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ക്യാമ്പ് ആവശ്യപ്പെടുന്നത്. ഇതിനിടെയാണ്  ഇന്നു വൈകിട്ട് 7ന് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നത്.

2018ൽ ഭരണം പിടിക്കാൻ മുന്നിൽ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. സ്പീക്കർ സി.പി.ജോഷിയുമായും എംഎൽഎമാരുമായും സച്ചിൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാൽ, നേരത്തേ സച്ചിൻ ക്യാമ്പിലായിരുന്ന സി.പി.ജോഷിയെ മുന്നിൽ നിർത്തിയാണ് അശോക് ഗെലോട്ട് നീക്കങ്ങൾ നടത്തുന്നത്. ഭൂരിപക്ഷം എംഎൽഎമാർ പിന്തുണക്കുന്നയാളെ മുഖ്യമന്ത്രിയാക്കുക എന്ന നയത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഗെലോട്ട് ആവശ്യപ്പെടും. എംഎൽഎ ശാന്തി ധരിവാൾ, പിസിസി അധ്യക്ഷൻ ഗോവിന്ദ് ദോതസര എന്നീ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നിട്ടുണ്ട്.

English Summary: In Ashok Gehlot vs Sachin Pilot, Big Congress Meet On Rajasthan Top Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com