ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിൽ എന്താണ് സംഭവിക്കുന്നത് ? ലോകവ്യാപകമായി ഇപ്പോൾ ഉയരുന്ന ആകാംക്ഷയേറിയ ചോദ്യം. ‘ദുരൂഹമായത് എന്തോ സംഭവിച്ചു’ എന്ന കാര്യത്തിൽമാത്രം വലിയ തർക്കമില്ല. പൊതുവേ ആഭ്യന്തര വിഷയങ്ങൾ പുറത്തറിയിക്കുന്നതിൽ വൈമുഖ്യമുള്ള ചൈനയുടെ ശൈലിവച്ച്, എന്താണ് സംഭവിച്ചത് എന്ന് അറിയാനും നിവൃത്തിയില്ല. ഏകാധിപത്യ ചുറ്റുപാടിൽ ചൈന ഭരിക്കുന്ന പ്രസിഡന്റ് ഷി ചിൻപിങ്ങിനെ സൈനിക അട്ടിമറിയിലൂടെയോ രാഷ്ട്രീയ അട്ടിമറിയിലൂടെയോ പുറത്താക്കിയെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചും ഒട്ടേറെ അഭ്യൂഹങ്ങൾ വ്യാപിക്കുന്നുണ്ട്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ യാത്രാ വിമാനങ്ങൾ അസാധാരണമായ രീതിയിൽ റദ്ദാക്കിയെന്ന റിപ്പോർട്ടുകളാണ് അഭ്യൂഹങ്ങൾക്ക് കരുത്തുപകരുന്ന ഒരു ഘടകം. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിനു കാത്തുനിൽക്കാതെ ഷി മടങ്ങിയതും, അതിനുശേഷം പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെടാത്തതും അഭ്യൂഹങ്ങൾക്കു ശക്തിയേകുന്നു. അനേകം സൈനിക വാഹനങ്ങൾ രാജ്യതലസ്ഥാനമായ ബെയ്ജിങ്ങിലേക്കു നീങ്ങുന്നു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോകളും അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്നതാണ്.

സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും, ഔദ്യോഗികമായി ചൈനീസ് സർക്കാർ ഇതുവരെ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല എന്നതാണു ശ്രദ്ധേയം. വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിക്കാനോ ശരിവയ്ക്കാനോ അവർ തയാറായിട്ടില്ല.

∙ ചൈനയിൽ സൈനിക അട്ടിമറി?

ചൈനയിൽ സൈനിക അട്ടിമറി നടന്നു എന്ന വാദത്തിനുതന്നെയാണു സമൂഹമാധ്യമങ്ങളിൽ മേൽക്കൈ. ‘പുറത്താക്കപ്പെട്ട’ ഷി ചിൻപിങ്ങിന്റെ ‘പിൻഗാമി’ എന്ന പേരിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ ചിത്രവും പ്രചരിക്കുന്നു. ‘ജനറൽ ലി കിയോമിങ് ഷി ചിൻപിങ്ങിന്റെ പിൻഗാമിയായി ചൈനീസ് പ്രസിഡന്റാകും’ എന്നാണ് പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള വാചകം. പക്ഷേ, ഈ പ്രചാരണങ്ങളൊന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നല്ല എന്നത് ശ്രദ്ധേയം.

‘‘രാജ്യത്തെ വിമാന സർവീസുകളിൽ 59 ശതമാനവും റദ്ദാക്കിയെന്നും മുതിർന്ന ഉദ്യോഗസ്ഥരെ തടവിലാക്കിയെന്നുമുള്ള റിപ്പോർട്ടുകൾക്കു തൊട്ടുപിന്നാലെയാണ് സൈനിക വാഹനങ്ങൾ ബെയ്ജിങ്ങിലേക്കു നീങ്ങുന്ന വിഡിയോ പുറത്തുവന്നത്. എന്തായാലും ചൈന ഇപ്പോൾ അസ്ഥിരമാണ്’ – സൈനിക നീക്കത്തിന്റെ ദൃശ്യം പങ്കുവയ്ക്കുന്ന ട്വീറ്റിൽ പറയുന്നു.

ടിബറ്റിനു മുകളിലൂടെ ശനിയാഴ്ച ഒറ്റ വിമാനം പോലും പറന്നിട്ടില്ലെന്ന് വിദേശകാര്യ ലേഖകനായ സൗരവ് ഝാ ട്വിറ്ററിൽ കുറിച്ചു.

∙ വിദഗ്ധർ പറയുന്നത് എന്ത്?

സമൂഹമാധ്യമങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ പ്രചാരണങ്ങൾ ‍മാറ്റിനിർത്തിയാൽ, ചൈനയിൽ സൈനിക അട്ടിമറിയോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും നീക്കങ്ങളോ സംഭവിച്ചതിന്റെ യാതൊരുവിധ അടയാളങ്ങളുമില്ലെന്നാണ് വിദഗ്ധരുടെ ഭാഷ്യം. ഉസ്ബെക്കിസ്ഥാനിലെ ഷാങ്‌ഹായ് സഹകരണ ഉച്ചകോടിക്കു ശേഷം ഷി ചിൻപിങ്ങിനെ പൊതുജന മധ്യത്തിൽ കാണാത്തത് അദ്ദേഹം ക്വാറന്റീനിലായതു കൊണ്ടാകാം എന്ന സാമാന്യം യുക്തിഭദ്രമായ വിശദീകരണമാണ് ചൈനീസ് കാര്യങ്ങളിൽ വിദഗ്ധനായ ആദിൽ ബ്രാർ നൽകുന്നത്.

ചൈനയിൽ വ്യോമ ഗതാഗതത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ചൈനയിൽ എല്ലാം സാധാരണ പോലെയാണെന്നു വ്യക്തമാക്കാൻ, മുതിർന്ന ഉദ്യോഗസ്ഥർ നടത്തുന്ന വാർത്താ സമ്മേളനങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ അദ്ദേഹം പങ്കുവച്ചു. സൈനിക അട്ടിമറിക്കും വീഴ്ത്താനാകാത്ത തരത്തിൽ ചൈനയിൽ പ്രബലനാണ് ഷി ചിൻപിങ്ങെന്നാണ് മാധ്യമപ്രവർത്തകനായ സാക്ക് ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.

‘‘ചൈനയിൽ സൈനിക അട്ടിമറി നടന്നു എന്ന തരത്തിൽ രാവിലെ മുതൽ ഒട്ടേറെ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലൊന്നുപോലും വിശ്വസനീയമല്ല. ചൈനയിൽ സൈനിക അട്ടിമറിക്ക് സാധ്യത തീർത്തും വിരളമാണ്. കാരണം പീപ്പിൾസ് ലിബറേഷൻ ആർമി സെൻട്രൽ മിലിട്ടറി കമ്മിഷനു കീഴിലാണു വരുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ, ഷി ചിൻപിങ്ങാണ് ഈ കമ്മിഷന്റെ അധ്യക്ഷൻ. അതായത് ചൈനയിലെ സൈന്യം സർക്കാരിനു കീഴിലല്ല, മറിച്ച് പാർട്ടിക്കു കീഴിലാണ്’ – സാക്ക ജേക്കബ് ട്വീറ്റ് ചെയ്തു.

സൈനിക അട്ടിമറി നടന്നതിന്റെ യാതൊരു സൂചനകളും പ്രകടമല്ലെന്നാണ് മറ്റൊരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനന്തകൃഷ്ണന്റെ നിലപാട്. ‘‘ദുരൂഹതയുടെ കാര്യത്തിൽ അങ്ങേയറ്റത്തു നിൽക്കുന്ന ഒന്നാണ് ചൈനീസ് രാഷ്ട്രീയമെങ്കിലും, ബെയ്ജിങ്ങിൽ സൈനിക അട്ടിമറി നടന്നുവെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഞാൻ ഒരിടത്തും കണ്ടില്ല’’ – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഹോങ്കോങ് കേന്ദ്രീകരിച്ചുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റും ഇതുവരെ സൈനിക അട്ടിമറിയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ അവർ ഒട്ടേറെ കാര്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിലെവിടെയും സൈനിക അട്ടിമറിയേക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സൂചനകളെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല.

English Summary: Is China Having A Coup And Is Xi Jinping Under House Arrest? Here's What We Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com