ADVERTISEMENT

കൊല്ലം ∙ ചടയമംഗലത്ത് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചടയമംഗലം സ്വദേശി ഹരികൃഷ്ണനെന്ന കിഷോറിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലക്ഷ്മിയെ ചടയമംഗലത്തെ ഭര്‍തൃ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന കിഷോർ അന്നു രാവിലെ വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം.

ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവരിൽനിന്നു വിവരം ശേഖരിച്ച ചടയമംഗലം പൊലീസ് മരണത്തേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കിഷോറിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം അടൂർ പഴവിളയിൽ വീട്ടിലാണ് സംസ്കരിച്ചത്. 

എൻജിനീയറിങ് ബിരുദധാരിയായ ലക്ഷ്മി അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്. ഒരു വർഷം മുൻപാണു ലക്ഷ്മിയുടെ വിവാഹം നടന്നത്. ഒരു മാസം കഴിഞ്ഞ് വിദേശത്ത് പോയ കിഷോർ കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. വാതിൽ തുറക്കുന്നില്ല എന്ന് അറിയിച്ചു കിഷോർ ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തി. അമ്മ എത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് വാതിൽ ചവിട്ടി തുറന്നപ്പോള്‍ ലക്ഷ്മി മരിച്ച നിലയിൽ ആയിരുന്നു.

അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി, കിഷോർ വരുന്നതിനെ തുടർന്നാണ് ഇവിടെ എത്തിയത്. സ്ത്രീധനമായി സ്വർണവും പണവും നൽകിയിരുന്നതായും ഭർത്താവുമായി നിരന്തരം ഫോണിൽ വാക്കേറ്റം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ബസ് സ്റ്റാൻഡിൽ‍ നിന്നു ഓട്ടോയിൽ വീട്ടിൽ എത്തിയപ്പോൾ പുറത്ത് കിഷോറിന്റെ ബന്ധുക്കൾ കൂടി നിൽക്കുന്നതാണ് കണ്ടതെന്നു ലക്ഷ്മിയുടെ അമ്മ രമ വ്യക്തമാക്കിയിരുന്നു. കാര്യം തിരക്കിയപ്പോൾ ഞാൻ മുകളിൽ പോകുകയോ അവൾ താഴേയ്ക്ക് എന്നെ കാണാൻ വരികയോ ചെയ്തില്ലെന്നാണു കിഷോർ പറഞ്ഞത്. മകൾക്ക് എന്തു പറ്റിയെന്ന് ആരും പറഞ്ഞില്ല. മുകളിലെ നിലയിലാണ് ലക്ഷ്മി താമസിച്ചിരുന്നത്. ലക്ഷ്മിയെ കൂടാതെ വീട്ടിൽ കിഷോറിന്റെ അമ്മയും സഹോദരിമാരും ആണ് ഉള്ളത്.

മകളെ കാണാനായി മുകളിലെ നിലയിലേക്ക് കയറുമ്പോൾ കിഷോറും ബന്ധുക്കളും ഓടിയെത്തി മുറിയിൽ നിൽക്കുന്നതാണു കണ്ടതെന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞു. ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം മാറ്റിയാൽ മതിയെന്നു അറിയിച്ചിട്ടും ആരും കേട്ടില്ലെന്നും രമ ആരോപിച്ചിരുന്നു.

English Summary: Kollam Lakshmi Pillai Suicide, Husband Kishore Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com