ADVERTISEMENT

തിരുവനന്തപുരം∙ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആര്യാടൻ മുഹമ്മദ് മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നിയമസഭാ സാമാജികനാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച നേതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘‘ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനാണ്. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവു പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ്’’– മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

∙ ജനകീയ നേതാവ്: എ.എൻ.ഷംസീർ

ശ്രദ്ധേയനായ നിയമസഭാ സാമാജികൻ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് മുൻപന്തിയിൽ നിന്ന വ്യക്തി എന്ന നിലയിലും ആര്യാടൻ മുഹമ്മദ് ശ്രദ്ധേയനായിരുന്നു എന്നു സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ജനകീയനായ നേതാവായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

∙ തീരാനഷ്ടം: രാഹുൽ ഗാന്ധി

ആര്യാടൻ മുഹമ്മദിന്റെ വിയോഗം പാർട്ടിക്കും തനിക്കും തീരാനഷ്ടമാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

∙ ജീവിതം മാതൃക: വി.ഡി.സതീശന്‍

മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്നു തോന്നിക്കുമായിരുന്ന സന്ദർഭങ്ങൾ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാർട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചത് ആര്യാടൻ മുഹമ്മദായിരുന്നു.

മതേതരത്വത്തിന് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണ്. മികച്ച സാമാജികനായും ഭരണകർത്താവായും അദ്ദേഹത്തിന് തിളങ്ങാനായി. ആര്യാടൻ മുഹമ്മദിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവർത്തകരുടെയും കടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

∙ ദീപ്‌തമായ പൊതുജീവിതം: കെ.സുധാകരൻ

‌ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. ഏഴു പതിറ്റാണ്ട് കോണ്‍ഗ്രസിന് ഊടുംപാവും നെയ്‌ത ദീപ്‌തമായ പൊതുജീവിതത്തിനാണ് വിരാമമായത്. കോണ്‍ഗ്രസ് വികാരം നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. അഗാധമായ അറിവും രാഷ്ട്രീയ നിലപാട് തന്റേടത്തോടെ ആരുടെ മുന്‍പിലും പറയാനുള്ള ധൈര്യവുമാണ് മറ്റുള്ള നേതാക്കളില്‍നിന്നും ആര്യാടനെ വ്യത്യസ്‌തനാക്കിയത്.

കോണ്‍ഗ്രസിന്റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്‌ക്കേണ്ടതല്ലെന്നു ഉറക്കെ വിളിച്ച പറഞ്ഞ നേതാവ്. യുവജന വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്ക് എന്നും ആവേശം പകര്‍ന്ന് സാധാരണക്കാരുടെ നേതാവായി വളര്‍ന്ന വ്യക്തി. ജനം അതിന് നല്‍കിയ അംഗീകാരമായിരുന്നു നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തെ എട്ടുതവണ നിമയസഭയിലേക്ക് അയച്ചത്. കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവ് കൂടിയായിരുന്നു അദ്ദേഹം.

മികച്ച ഭരണകര്‍ത്താവും സമാജികനുമായിരുന്നു ആര്യാടന്‍. പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഏത് പ്രതിസന്ധിഘട്ടത്തിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിലും ആര്യാടന്‍ കാട്ടിയിട്ടുള്ള കഴിവും ദീര്‍ഘവീക്ഷണവും കാലം എന്നും ഓർമിക്കും. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തുന്നതില്‍ ആര്യാടന്റെ പങ്ക് വളരെ വലുതാണ്.

ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയും ആരോഗ്യസ്ഥിതി ചോദ്യച്ചറിയുകയും ചെയ്തിരുന്നു. എന്നും പോരാട്ട ജീവിതം നയിച്ചിട്ടുള്ള ആര്യാടന്‍ ആരോഗ്യ പ്രതിസന്ധിയെ അതിജീവിച്ച് മടങ്ങിവരുമെന്നാണ് മറ്റെല്ലാവരെയുംപോലെ ഞാനും വിശ്വസിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള ദേഹവിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആര്യാടന്‍ ഒഴിച്ചിട്ട ഇടം ആര്‍ക്കും നികത്താന്‍ സാധിക്കാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു.

∙ കറകളഞ്ഞ മതേതരവാദി: ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രജ്​ഞന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ്. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.

2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയാണ് അദ്ദേഹം 8 തവണ നിലമ്പൂരില്‍‌നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

∙ സമർഥനായ ഭരണാധികാരി: ആന്റണി രാജു

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ പ്രഗൽഭനായ നിയമസഭാംഗവും സമർഥനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.

∙  രാഷ്ട്രീയ തന്ത്രജ്ഞതയും പ്രായോഗികതയും ഒരുപോലെ കൈകാര്യം ചെയ്തു: രാമചന്ദ്രൻ കടന്നപ്പള്ളി

അവിഭക്ത കോൺഗ്രസിന്റെ കാലത്തെ അടുത്ത ബന്ധമാണ് ആര്യാടൻ മുഹമ്മദുമായി. രാഷ്ട്രീയ രംഗത്ത് രാഷ്ട്രീയ തന്ത്രജ്ഞതയും പ്രായോഗികതയും ഒരുപോലെ കൈകാര്യം ചെയ്യാൻ ആര്യാടനു പ്രത്യേക വൈഭവമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ വിഭാഗങ്ങളിലും സൗഹൃദവും വ്യക്തിബന്ധവും ധാരാളമുണ്ടായിട്ടുണ്ട്. മന്ത്രി പദത്തിലും പാർട്ടി നേതൃനിരയിലും ഒരുപോലെ ശ്രദ്ധേയനായതും അതുകൊണ്ടു തന്നെ. വർത്തമാനകാല സാഹചര്യത്തിൽ മതനിരപേക്ഷത വെല്ലുവിളിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ മതേതരവാദിയായ ആര്യാടന്റെ ദേഹവിയോഗം കനത്തതായി മാറുന്നു. 

English Summary: Leaders pays tribute to Aryadan Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com