ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ 24-ാം പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നവതിയുടെ നിറവില്‍. സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളിലൂടെ ഇന്ത്യയെ പുതിയ കാലത്തിലേക്ക് നയിച്ച ഭരണാധികാരി, ഇപ്പോൾ അനാരോഗ്യം മൂലം ഡല്‍ഹിയില്‍ വിശ്രമത്തിലാണ്. നോട്ടുനിരോധനവും മഹാമാരിയും വിലക്കയറ്റവും പിടിച്ചുലച്ച രാജ്യം എട്ടുവര്‍ഷത്തിനകം തന്നെ മന്‍മോഹന്‍ സിങ് എന്ന പ്രധാനമന്ത്രിയുടെ സംഭാവനകളെ വിലയിരുത്തി തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ സാമ്പത്തിക പരിഷ്ക്കാരങ്ങളെ ഒരിക്കല്‍ വിമര്‍ശിച്ചവര്‍ പോലും ഇന്ത്യയെ മുന്നോട്ട് നയിച്ചതില്‍ മന്‍മോഹന്‍ സിങ്ങിനുള്ള പങ്ക് ഇന്ന് അംഗീകരിക്കുന്നു.

തീര്‍ത്തും ദുര്‍ബലമായിരുന്ന ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താനാണ് 1991ല്‍ പ്രധാനമന്ത്രി നരസിംഹ റാവു, മന്‍മോഹന്‍സിങ്ങിനെ ധനമന്ത്രിയാക്കിയത്. നെഹ്റൂവിയന്‍ സോഷ്യലിസ്റ്റ് നയത്തില്‍നിന്ന് നവഉദാരവല്‍ക്കരണത്തിലേക്കുള്ള മാറ്റമാണ് പിന്നീട് ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ കണ്ടത്. സാമ്പത്തികരംഗം തുറന്നത് ഇന്ത്യയെ പുതിയ ലോകത്തിലേക്കാനയിച്ചു.

2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷത്തെ പ്രധാനമന്ത്രി പദവിയിലും ചരിത്രം അടയാളപ്പെടുത്തിയ നിരവധി ഭരണപരിഷ്ക്കാരങ്ങള്‍ ഡോ. സിങ് നടപ്പാക്കി. രാഷ്ട്രീയ പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കി മറിക്കുന്ന ആവേശപ്രകടനങ്ങളുമായിരുന്നില്ല, അവധാനതയോടെയുള്ള നയപരിപാടികളായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഉദാരവല്‍ക്കരണം സാമ്പത്തിക അസമത്വം വര്‍ധിപ്പിച്ചു എന്ന തിരിച്ചറിവില്‍ മഹാത്മാ ഗാന്ധി േദശീയ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചു. പൗരാവകാശങ്ങള്‍ ഊട്ടിയുറപ്പിച്ച വിവരാവകാശനിയമം ഇന്ത്യന്‍ ജനാധിപത്യത്തിലെ തിളക്കമുള്ള ഏടായി.

ആധാര്‍, ഇന്ത്യ– അമേരിക്ക ആണവ കരാര്‍, 51 ശതമാനം വിദേശനിക്ഷേപം, പ്രത്യേക സാമ്പത്തിക മേഖലാ നിയമം, ചാന്ദ്രയാന്‍, മംഗള്‍യാന്‍ ദൗത്യങ്ങള്‍ ഒന്നും സ്വന്തം പേരില്‍ ആഘോഷിക്കാന്‍ ഈ അക്കാദമീഷ്യന്‍ തയാറായില്ല. അഴിമതിയുടെ കറപുരളാത്ത മന്‍മോഹന്‍സിങ്ങിന് പക്ഷേ സഖ്യകക്ഷികളുടെ അഴിമതിയുടെ പാപഭാരം പേറേണ്ടി വന്നു. സോണിയാ ഗാന്ധിയുടെ പാവയെന്ന ആക്ഷേപവും കേട്ടു.

രാഷ്ട്രീയ ഗിമ്മിക്കുകള്‍ വശമില്ലാതിരുന്ന മന്‍മോഹന്‍സിങ്, വിവാദങ്ങളോട് മൗനം പുലര്‍ത്തി. കോവിഡ്കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിച്ചെന്ന് അടുത്തിടെ അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ഒട്ടേറെ അവാര്‍ഡുകളും പുരസ്കാരങ്ങളും നേടിയിട്ടുള്ള മന്‍മോഹന്‍ സിങ്ങിനെ 1987ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

English Summary: Manmohan singh birthday special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com