ADVERTISEMENT

ന്യൂയോർക്ക് ∙ ഭീകരവാദത്തോട് അസഹിഷ്ണുത എന്ന ഇന്ത്യന്‍ നയത്തിന് മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. ഭീകരതയെ വെള്ളപൂശാനുള്ള ഒരു ശ്രമത്തിനും അവര്‍ വീഴ്ത്തിയ രക്തക്കറ മായ്ക്കാനാവില്ലെന്നും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്ക് പിന്തുണയേകുന്ന രാജ്യങ്ങള്‍ക്കെതിരായ യുഎന്‍ നീക്കങ്ങള്‍ക്ക് തടയിടുന്നവര്‍ സ്വന്തം നാശത്തിനാണ് വഴിതെളിക്കുന്നത്. ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള പരോക്ഷ സന്ദേശമായി അദ്ദേഹം വ്യക്തമാക്കി.

ഭീകരരെ സംരക്ഷിക്കുന്നവർ സ്വയം അപകടം വിളിച്ചുവരുത്തുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്ൻ–റഷ്യ യുദ്ധത്തിലും വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കി. ‘നിങ്ങൾ ആരുടെ പക്ഷത്താണെന്നു പലപ്പോഴും ചോദിക്കാറുണ്ട്. ഞങ്ങൾ ശരിയുടെയും സത്യസന്ധതയുടെയും ഒപ്പമാണ്. സമാധാനത്തിന്റെ ഭാഗത്താണ്. അവിടെ ഉറച്ചുനിൽക്കുന്നു. ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരുടെ പക്ഷത്താണ് ഞങ്ങൾ.

അതുകൊണ്ട് സംഘർഷം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ അകത്തും പുറത്തും ക്രിയാത്മകമായി പ്രവർത്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്.’– ജയ്ശങ്കർ പറഞ്ഞു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരെ യുഎൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യയും യുഎസും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് വീറ്റോ പവർ ഉപയോഗിച്ച് ചൈന തടയുകയും നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്കറെ തയിബ നേതാവ് സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കഴി‍ഞ്ഞ മാസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതും ചൈന തടഞ്ഞിരിക്കുകയാണ്.

English Summary: "Defend Terrorists At Your Own Peril": India Takes A Swipe At Pak, China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com