ADVERTISEMENT

കൊച്ചി ∙ അമേരിക്കൻ പണപ്പെരുപ്പം ഓഗസ്റ്റിലും വളർന്നതും, അമേരിക്കൻ ഫെഡിന്റെ നിരക്കുയർത്തലും രാജ്യാന്തര വിപണിയെ വീണ്ടും സാമ്പത്തികമാന്ദ്യ ഭീഷണിയിലേക്കു തള്ളിയിട്ടു. ഇന്ത്യൻ വിപണിയുടെ 2022ലെ നേട്ടങ്ങൾ മുഴുവൻ നഷ്ടമായി. നിഫ്റ്റി 2021 അവസാന ദിന ക്ലോസിങ്ങിലും താഴ്ന്ന് 17,327 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. മുൻ ആഴ്ചയിൽ 18,000 പോയിന്റ് കടന്നുപോയ നിഫ്റ്റി കഴിഞ്ഞ ആഴ്ചയിലും ആദ്യ രണ്ട് ദിനങ്ങളിൽ തിരിച്ചുവരവ് കാണിച്ച ശേഷം രാജ്യാന്തര സമ്മർദത്തിൽ വീണ്ടും വീണു.

ഡോളറിനെതിരെ രൂപയുടെ വീഴ്ചയും ആഗോളമാന്ദ്യ ഭയവും അടുത്ത ആഴ്ചയിൽ ആർബിഐ നിരക്കുയർത്തിയേക്കാമെന്ന ഭയവും ബാങ്കിങ്– ഫിനാൻഷ്യൽ സെക്ടറുകൾക്ക് മുന്നേറ്റം നിഷേധിച്ചതും ഇന്ത്യൻ വിപണിയുടെ വീഴ്ചയ്ക്ക് കാരണമായി. ആർബിഐയുടെ എം ആൻഡ് എം ഫിനാൻസിനു മേലുള്ള റിക്കവറി-നിരോധനം വെള്ളിയാഴ്ച ബാങ്കിങ്-ഫിനാൻസിങ് ഓഹരികളെ തകർത്തതും, ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ വാങ്ങലുകാരായ വിദേശ ഫണ്ടുകൾ അവസാന ദിവസങ്ങളിൽ വിൽപനക്കാരായതും ഇന്ത്യൻ വിപണിയുടെ ആദ്യഘട്ട തകർച്ച പൂർത്തിയാക്കി. 17,100 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ആർബിഐ നയപ്രഖ്യാപനം

ഇന്ത്യൻ രൂപ ഡോളറുമായുള്ള വ്യാപാരത്തിൽ റെക്കോർഡ് തകർച്ച നേരിട്ട ശേഷം നടക്കുന്ന ആർബിഐ അവലോകന യോഗം വിപണിക്ക് വളരെ പ്രധാനമാണ്. അടുത്ത ബുധനാഴ്ച യോഗം ആരംഭിച്ച് വെള്ളിയാഴ്ച പുതിയ നയപ്രഖ്യാപനം നടത്തുന്ന മോണിറ്ററി പോളിസി കമ്മിറ്റി പണപ്പെരുപ്പത്തേക്കാൾ ഫെഡ് നിരക്കുയർത്തലിൽ തകർന്ന രൂപയുടെ മൂല്യം തിരിച്ചുപിടിക്കുന്നതിന് പ്രാധാന്യം നൽകിയേക്കാം. 5.40 ശതമാനത്തിൽ നിൽക്കുന്ന റിപ്പോ നിരക്ക് ഇത്തവണയും അര ശതമാനം വർധിപ്പിച്ചേക്കാം.

റിവേഴ്‌സ് റിപ്പോ നിരക്ക് 3.25 ശതമാനവും, ക്യാഷ് റിസർവ് റേഷ്യോ 4.50 ശതമാനവുമാണ്. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം വർധിക്കുന്നതു മൂലം ഇന്ത്യയുടെ ഫൊറെക്സ് റിസർവ് 2020ന് ശേഷം ആദ്യമായി 550 ബില്യൻ ഡോളറിൽ താഴെ എത്തിയതും ആർബിഐ പരിഗണിക്കും. കഴിഞ്ഞ കൊല്ലം ഇന്ത്യയുടെ വിദേശ നാണ്യശേഖരം 642 ബില്യൻ യുഎസ് ഡോളർ വരെ എത്തിയിരുന്നു.

‘ഷൈനിങ് സ്റ്റാർ ഇന്ത്യ’

ആഗോള സമ്പദ്‌വ്യവസ്ഥയുടെ ‘ജ്വലിക്കുന്ന നക്ഷത്ര’മാണ് ഇന്ത്യ എന്ന എസ് ആൻഡ് പി ഗ്ലോബ റേറ്റിങ്ങിന്റെ ചീഫ് ഇക്കണോമിസ്റ്റായ പോൾ ഗ്രെൻ വാൾഡ് പറഞ്ഞുവച്ചത് ഇന്ത്യൻ വിപണിക്കും വരും ദിനങ്ങളിൽ അനുകൂലമായേക്കാം. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം വീഴ്ചയെ നേരിടുമ്പോൾ ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിൽ 7 ശതമാനത്തിൽ അധികവും, അടുത്ത സാമ്പത്തിക വർഷത്തിൽ 6.5 ശതമാനവും ആഭ്യന്തര ഉൽപാദന വളർച്ച പ്രതീക്ഷിക്കുന്നത് തന്നെയാണ് ഇന്ത്യയെ ആകർഷകമാക്കുന്നത്.

രണ്ടാംപാദ ഫലങ്ങൾ

രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുന്ന ഇന്ത്യയുടെ രണ്ടാംപാദ ഫലപ്രഖ്യാപനങ്ങൾ മുന്നിൽക്കണ്ട് ഈ തകർച്ചയിൽ മികച്ച ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. ഡോളർ വീണ്ടും ശക്തിപ്പെടുന്നതും, ആക്സഞ്ചറിന്റെ മികച്ച റിസൾട്ടും ഐടി സെക്ടറിന് അനുകൂലമായേക്കാം. ആർബിഐ നയപ്രഖ്യാപനത്തോടെ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളും മുന്നേറും. എഫ്എംസിജി, ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോ, ഇലക്ട്രോണിക്സ്, ട്രാവൽ, ഹോട്ടൽ, ഫാഷൻ, ധാന്യം, പവർ, ലിക്കർ ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം.

ഫെഡ് നിരക്കുയർത്തലും മാന്ദ്യവും

ഇത്തവണയും അമേരിക്കൻ ഫെഡ് റിസർവ് 75 ബേസിസ് പോയിന്റ് ഉയർത്തി ഫെഡ് റേറ്റ് 3.25 ശതമാനത്തിൽ എത്തിച്ചത് വിപണി പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. എന്നാൽ അടുത്ത യോഗങ്ങളിലും ഇതേ നിരക്കിൽ ഫെഡ് റേറ്റ് ഉയർത്തൽ തുടർന്നാൽ മാത്രമേ അമേരിക്കൻ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കാനാവൂ എന്ന വിപണി ധാരണ വിപണിയിൽ മാന്ദ്യഭയം പടർത്തിയത് ലോക വിപണിയുടെ വീഴ്ചയ്ക്ക് വഴിവച്ചു. മുൻപ് പണപ്പെരുപ്പം താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും, പണപ്പെരുപ്പം തനിയെ നിയന്ത്രിതമായിക്കൊള്ളുമെന്നും പറഞ്ഞിരുന്ന ഫെഡ് ചെയർമാൻ ഇപ്പോൾ പണപ്പെരുപ്പം എന്ന് നിയന്ത്രിതമാകുമെന്ന് അറിയില്ല എന്നും, നിരക്കുവർധന തുടരുമെന്നും പറയുന്നതും ആശയക്കുഴപ്പത്തിന് കാരണമായി.

ഫെഡ് നിരക്ക് 4.50 ശതമാനത്തിൽ വരെ ഉയർത്തിയേക്കുമെന്ന് വിപണി പ്രതീക്ഷിക്കുമ്പോൾ പ്രഫ. ലാറി സമ്മേഴ്‌സ് അടിസ്ഥാന പണപ്പെരുപ്പത്തിനും ഒരു ശതമാനത്തിൽ എങ്കിലും മുകളിൽ പലിശ നിരക്ക് നിന്നാൽ മാത്രമെ അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിതമാകൂ എന്നഭിപ്രായപ്പെടുന്നതും മാന്ദ്യഭയം വർധിപ്പിച്ചു.

പവൽ വീണ്ടും വരുന്നു

നാളെയും ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും, ചൊവ്വാഴ്ചയും ബുധനാഴ്ചയും ഫെഡ് ചെയർമാൻ ജെറോം പവലും, ഫെഡ് അംഗം ജെയിംസ് ബല്ലാർഡും സംസാരിക്കുന്നതും വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടും. ഫെഡ് നിരക്കുകൾക്ക് അടിസ്ഥാനമായ പിസിഇ പ്രൈസ് ഇൻഡക്സ് അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നതും വിപണിയെ സ്വാധീനിക്കും. വ്യാഴാഴ്ച പുറത്തുവരുന്ന അമേരിക്കൻ ജിഡിപി കണക്കുകളും വിപണിക്ക് പ്രധാനമാണ്.

ക്രൂഡ് ഓയിൽ

ഫെഡ് നിരക്കുയർത്തൽ ലോകത്തെ വീണ്ടും മാന്ദ്യഭയത്തിലേക്ക് തള്ളിയിട്ടത് ക്രൂഡ് ഓയിലിനെയും തകർത്തു. 86 ഡോളറിലേക്കെത്തിയ ബ്രെന്റ് ക്രൂഡ് ഓയിൽ വില 90 ഡോളറിൽ സമ്മർദം പ്രതീക്ഷിക്കുന്നു. ഡോളർ ശക്തമാകുന്നതും ക്രൂഡ് ഓയിലിന് പ്രതികൂലമാണ്.

സ്വർണം

അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.70 ശതമാനം കടന്നത് സ്വർണത്തിനും വീഴ്ച നൽകി. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടേക്കാവുന്നത് സ്വർണത്തിനും പ്രതീക്ഷയാണ്. മാന്ദ്യഭയം വിപണിയിൽ നിന്നും സ്വർണത്തിലേക്ക് പണമൊഴുക്കിയേക്കാം.

English Summary: Stock market analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com