ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളിക്കേസിൽ ഇ.പി.ജയരാജൻ കോടതിയിൽ ഹാജരായി. ജയരാജനെതിരെയുള്ള കുറ്റപത്രം കോടതിയിൽ വായിച്ചു. ജയരാജൻ കുറ്റം നിഷേധിച്ചു. വിചാരണയ്ക്കു മുന്നോടിയായി പ്രതികൾക്കു കൈമാറേണ്ട രേഖകൾ നൽകാൻ ഒരു മാസത്തെ സമയം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. അടുത്ത മാസം 26ന് വിചാരണ തീയതി കോടതി തീരുമാനിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മന്ത്രി ശിവൻകുട്ടി അടക്കമുള്ള അഞ്ചു പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ 14ന് വായിച്ചിരുന്നു. കഴിഞ്ഞ തവണ കേസിലെ മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നത്താൽ ഇ.പി.ജയരാജൻ ഹാജരായിരുന്നില്ല. മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി നിയമസഭയ്ക്ക് 2.20  ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

യുഡിഎഫ് സർക്കാർ പ്രതിപക്ഷത്തിനു നേരെ നടത്തിയ ആസൂത്രിത നടപടിയാണ് ഈ കേസെന്ന് ഇ.പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സഭകളുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു കേസ് ഉണ്ടായിട്ടില്ല. നിയമസഭാ നടപടിക്രമങ്ങൾ പരിഹാസ്യപ്പെടുത്തുക എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ ഉദ്ദേശ്യം. ഒരു വിഷയത്തിൽ പരാതി ഉന്നയിച്ചാൽ ഭരണ–പ്രതിപക്ഷങ്ങളെ ഏകോപിപ്പിച്ച് തീരുമാനമെടുക്കുന്നതിനു പകരം തലേദിവസം നിയമസഭയ്ക്കുള്ളിൽ യുഡിഎഫ് എംഎൽഎമാരെ താമസിപ്പിച്ചു. അവരാണ് നടപടിക്രമങ്ങൾ അലങ്കോലപ്പെടുത്തിയത്. പ്രതിപക്ഷത്തെ അവഹേളിക്കുന്ന സമീപനമാണ് സ്പീക്കർ സ്വീകരിച്ചത്. സംഘടിതമായി പ്രതിപക്ഷത്തെ ആക്രമിച്ചു. വനിതാ എംഎൽഎമാരെയും ഇന്നത്തെ മന്ത്രി വി.ശിവൻകുട്ടിയെയും ആക്രമിച്ചു. ബോധപൂർവം ഭരണപക്ഷക്കാരെ ഒഴിവാക്കി പ്രതിപക്ഷത്തിനു നേരെ രാഷ്ട്രീയ ലക്ഷ്യം വച്ച് യുഡിഎഫ് സർക്കാർ കേസെടുത്തു. യുഡിഎഫാണ് സഭയെ അലങ്കോലപ്പെടുത്തിയതെന്നും ഇ.പി.ജയരാജൻ പറഞ്ഞു. 

English Summary: Assembly rucks case: EP Jayarajan against UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com