ADVERTISEMENT

ന്യൂഡൽഹി∙ മതസ്പർധയുണ്ടാക്കുന്നതിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് 10 യുട്യൂബ് ചാനലുകളിലെ 45 വിഡിയോകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. ഇവ നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം യുട്യൂബിനു നിർദേശം നൽകി.

മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വിഡിയോകളും ഇവയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നതായി കേന്ദ്രം അറിയിച്ചു. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ സർക്കാർ എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്തമായ ഭീഷണികൾ, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം വിഡിയോകൾ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകർക്കാനും സാധ്യതയുണ്ടെന്നു കണ്ടെത്തിയതായും കേന്ദ്രം അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീർ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരമാണ് നടപടി. 1.3 കോടിയോളം ആളുകൾ കണ്ട വിഡിയോകളാണു നീക്കം ചെയ്തത്. ചില വിഡിയോകൾ ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യക്കു പുറത്തു തെറ്റായ ബാഹ്യ അതിർത്തിയിൽ ചിത്രീകരിച്ചിരിക്കുന്നവയാണ്. ഇത്തരത്തിൽ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കണ്ടെത്തിയതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിരോധിച്ച വിഡിയോകളുടെ ഉള്ളടക്കം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തിനും രാജ്യത്തെ പൊതു ക്രമത്തിനും ഹാനികരമാണെന്നും മന്ത്രാലയം അറിയിച്ചു. 2000ലെ ഐടി നിയമത്തിന്റെ സെക്ഷൻ 69 എയുടെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഇവ നിരോധിച്ചത്.

English Summary: "Could Disrupt Public Order": Centre Blocks 45 YouTube Videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com