ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ വൈസ് ചാൻസലര്‍ നിയമനത്തിനായി രൂപീകരിച്ച സേർച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കാൻ വിസിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഗവർണർ കത്തു നൽകുന്നത്. വിസി നിയമനത്തിനു സെനറ്റ് യോഗം വിളിച്ചു ചേർക്കാനാകില്ലെന്നു വൈസ് ചാൻസലർ നേരത്തെ ഗവർണറെ അറിയിച്ചിരുന്നു.

ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ സെനറ്റ് യോഗം പ്രമേയം പാസാക്കിയ സാഹചര്യത്തിൽ വീണ്ടും യോഗം വിളിക്കുന്നതിൽ പ്രസക്തിയില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. ഒക്ടോബർ 24നാണ് വിസിയുടെ കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു. പകരക്കാരനെ സർവകലാശാല നൽകാത്തതുകൊണ്ട് മൂന്നംഗ സേർച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ ഓഗസ്റ്റ് 5ന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്.

നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി ബില്ലിൽ സേർച് കമ്മിറ്റിയിൽ സെനറ്റിനു പകരം  സിൻഡിക്കറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, നിയമ ഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തത് കൊണ്ട് നിലവിലെ നിയമമനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെയാണ്  സേർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്. കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേ ബാഷിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ബട്ടു സത്യനാരായണഎന്നിവരാണ് സേർച് കമ്മിറ്റിയിലെ അംഗങ്ങൾ. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല വിമുഖത കാട്ടിയാൽ രണ്ടംഗ കമ്മിറ്റി വിസി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോയേക്കും.

English Summary: Kerala Governor tells Kerala University to name nominee in search panel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com