‘ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ?’: കെ–റെയിലിൽ ചോദ്യശരങ്ങളുമായി ഹൈക്കോടതി

Mail This Article
കൊച്ചി∙ കെ–റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനോടു ചോദ്യശരങ്ങളുമായി ഹൈക്കോടതി. ഡിപിആറിനു കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്താണു ഗുണമെന്നു കോടതി ചോദിച്ചു. ഇത്രയധികം പണം ചെലവാക്കിയത് എന്തിനായിരുന്നു? ഇപ്പോൾ പദ്ധതി എവിടെ എത്തിനിൽക്കുന്നു? ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരു സമാധാനം പറയും? എന്തിനായിരുന്നു പ്രശ്നങ്ങളുണ്ടാക്കിയത്?
റെയിൽവേയുമായി കൃത്യമായ ആശയവിനിമയം നടക്കാത്തത് എന്തുകൊണ്ടായിരുന്നു? എന്തിനാണ് ഇത്രയധികം വിജ്ഞാപനങ്ങൾ? ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്? ഒരു പേരിട്ടാൽ പദ്ധതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് സർക്കാർ അഭിഭാഷകനു കോടതിയിൽ നേരിടേണ്ടി വന്നത്.
പദ്ധതിയുടെ പേരിൽ നാടകം കളിക്കുകയാണന്നു കുറ്റപ്പെടുത്തിയ കോടതി, മഞ്ഞക്കല്ലിനെയും പരിഹസിച്ചു. രാവിലെയാകുമ്പോൾ മഞ്ഞക്കല്ലുമായി ആരൊക്കെയോ വീടിനുമുന്നിൽ കയറിവരുമെന്നും ഇതൊക്കെ എന്തിനാണെന്ന് ആർക്കുമറിയില്ലെന്നും കോടതി പരിഹസിച്ചു. സിൽവർലൈൻ പദ്ധതി തുടങ്ങിയയിടത്തു തന്നെ വീണ്ടും വന്നുനിൽക്കുകയാണെന്നും പറഞ്ഞു.
English Summary: Kerala Highcourt Slams Silverline Project