ADVERTISEMENT

ന്യൂഡൽഹി ∙ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ രാജസ്ഥാനിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ശ്രമം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തെ എംഎൽഎമാരെ കണ്ട് അഭിപ്രായം തേടുന്നു. ശേഷം വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാകക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎൽഎമാരുടെ ആവശ്യം. ഗെലോട്ടും സച്ചിൻ പൈലറ്റും ഉടൻ ഡൽഹിയിലെത്തിയേക്കും.

നിര്‍ണായകഘട്ടത്തില്‍ അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഗെലോട്ടിനെ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അധികാര വടംവലി സങ്കീര്‍ണമായതോടെ  പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് നീട്ടുന്നതും ആലോചനയിലുണ്ട്. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം നിയമസഭാകക്ഷിയോഗം വിളിക്കാനാണ് നീക്കം. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന അടുത്തമാസം 19നുശേഷം എംഎല്‍എമാര്‍ സോണിയ ഗാന്ധിയെ കണ്ടേക്കും.  

ഗെലോട്ട് കോൺഗ്രസ് പ്രസിഡന്റാകുന്ന ഒഴിവിൽ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 92 എംഎൽഎമാർ രാജിഭീഷണി മുഴക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിട്ടെത്തി ചർച്ച നടത്തണമെന്നു ചിലർ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചു.

സച്ചിൻ മുഖ്യമന്ത്രിയാകുന്നതു തടയാനുള്ള അവസാനശ്രമമെന്ന നിലയിൽ ഇന്നലെ വൈകിട്ട് ഗെലോട്ട്പക്ഷ എംഎൽഎമാർ മന്ത്രി ശാന്തികുമാർ ധരിവാലിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു. പാർട്ടി പ്രസിഡന്റായാലും മുഖ്യമന്ത്രി പദവിയിൽ തുടരാൻ ഗെലോട്ടിനെ അനുവദിക്കണമെന്നും സർക്കാരിനെതിരെ മുൻപു വിമത നീക്കം നടത്തിയ സച്ചിനെ പിന്തുണയ്ക്കില്ലെന്നും ഇവർ നിലപാടെടുത്തു. രാത്രി 9 മണിയോടെ യോഗത്തിനു ശേഷം പുറത്തെത്തിയ എംഎൽഎമാർ തങ്ങൾ രാജിവയ്ക്കാൻ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.

English Summary: Rajasthan Congress Crisis : Party in Damage Control Mode as Gehlot Loyalists Quit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com