ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിന്റെ മാതൃക പിന്തുടർന്നാണ് പ്രായപരിധി മാനദണ്ഡം ഉൾപ്പെടെയുള്ള പരിഷ്ക്കരണങ്ങൾ കൊണ്ടുവരാൻ സിപിഐ തീരുമാനിച്ചതെങ്കിലും സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പാർട്ടി അഭിമുഖീകരിക്കുന്നത് സിപിഎം ഒരുപരിധിവരെ അവസാനിപ്പിച്ച വിഭാഗീയത. ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ, പാർട്ടി സെക്രട്ടറി മാറണമെന്നു പാർട്ടി സമ്മേളനത്തിനു മുന്നോടിയായി മുതിർന്ന നേതാക്കൾ തന്നെ സൂചന നൽകിയതോടെ വെള്ളിയാഴ്ച തുടങ്ങുന്ന സമ്മേളനം വിഭാഗീയ പോരാട്ടങ്ങൾക്കു വേദിയാകുമെന്നുറപ്പായി. നിലവിലെ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മത്സരമുണ്ടാകുമെന്നാണ് മുതിർന്നനേതാവ് സി.ദിവാകരനും കെ.ഇ.ഇസ്മയിലും നൽകുന്ന സൂചന. 30നാണ് തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്.

ജില്ലാ സമ്മേളനങ്ങളില്‍ മത്സരങ്ങളിലൂടെ ഔദ്യോഗികപക്ഷത്തിന് അപ്രതീക്ഷിത ആഘാതം സൃഷ്ടിച്ചതിന്റെ വലിയരൂപം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കെ.ഇ.ഇസ്മയിലിനെ പിന്തുണയ്ക്കുന്നവരുടെ നീക്കം. പാർട്ടിയിൽ കാനംവിഭാഗം ആധിപത്യം നേടിയതും മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലിനെയും സി.ദിവാകരനെയും പ്രായപരിധിയുടെ പേരിൽ ഒഴിവാക്കാൻ ഒരുങ്ങുന്നതുമാണ് ഇപ്പോഴത്തെ പോരിനു വഴിതുറന്നത്. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ജില്ലകളിൽനിന്നുള്ള പിന്തുണ ഇരുവിഭാഗവും പരാമാവധി സംഭരിക്കുന്നുണ്ട്. നേതൃമാറ്റം അനിവാര്യമാണെന്നായിരുന്നു സി.ദിവാകരന്റെ തുറന്നു പറച്ചിൽ. കെ.ഇ.ഇസ്മയിൽ രൂക്ഷപ്രതികരണത്തിനു മുതിർന്നില്ലെങ്കിലും മത്സരം നടക്കുമെന്ന സൂചനയാണ് നൽകിയത്.

75 വയസ്സെന്ന പ്രായപരിധി മാനദണ്ഡത്തിൽ പാർട്ടിയുടെ ഒരു ഘടകവും തീരുമാനമെടുത്തിട്ടില്ലെന്നും മാർഗരേഖ മാത്രമായ കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും സി.ദിവാകരൻ പറയുന്നു. ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗരേഖ സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും അംഗീകരിച്ചതാണെന്നും താഴേത്തട്ടിൽ നടപ്പിലാക്കിയ പ്രായപരിധി മാനദണ്ഡം സംസ്ഥാനതലത്തിൽ മാത്രം എങ്ങനെ മാറ്റുമെന്നും കാനം വിഭാഗം ചോദിക്കുന്നു. ജില്ലാ സമ്മേളനങ്ങളിൽ ഇടുക്കിയിൽ കെ.കെ.ശിവരാമനും എറണാകുളത്ത് കെ.രാജുവും അതത് ജില്ലാ കൗൺസിലുകളിൽ തുടരുന്നതിനെ ചൂണ്ടിക്കാട്ടിയാണ് മറുപക്ഷം ഈ വാദത്തെ എതിർക്കുന്നത്. ആരോഗ്യമുള്ളവർ പാർട്ടി പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി ഇടപെടുമ്പോൾ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ ചിലരെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും കാനം വിരുദ്ധ ചേരി പറയുന്നു. സി.ദിവാകരന്റെ തുറന്നു പറച്ചിൽ അച്ചടക്ക ലംഘനമായി കാണാനുള്ള നീക്കങ്ങൾ എതിർപക്ഷം ആരംഭിച്ചു.

മത്സരിക്കാൻ കെ.ഇ.ഇസ്മയിൽ പക്ഷം തീരുമാനിച്ചാൽ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു മത്സര രംഗത്തിറങ്ങാനാണ് സാധ്യത. പ്രകാശ്ബാബു ഇതുവരെ മനസ്സ് തുറന്നിട്ടില്ല. കാനത്തിനെതിരെ പടയൊരുക്കം ശക്തമാണെന്ന സൂചനകളാണ് ജില്ലാ സമ്മേളനങ്ങളിലുണ്ടായത്. മലപ്പുറം, കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ സമ്മേളനത്തിൽ വോട്ടെടുപ്പ് നടന്നു. കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം, പാലക്കാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ കാനം പക്ഷത്തിനാണ് ആധിപത്യം. സംസ്ഥാന സമ്മേളന പ്രതിനിധികളിലും കാനം വിഭാഗത്തിന് ആധിപത്യമുണ്ട്. മത്സരത്തിലൂടെ കാനത്തെ അട്ടിമറിക്കുക എളുപ്പമാകില്ല. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ദേശീയസെക്രട്ടറിയറ്റംഗം അതുൽകുമാർ അഞ്‌ജാൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇരുവർക്കും മുന്നിൽ പരാതികളുടെ കെട്ടഴിക്കാനാണ് ഇരുവിഭാഗത്തിന്റെയും നീക്കം. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനായാൽ അത് നിലപാടുകൾ ഉറപ്പിക്കാൻ സഹായകമാകുമെന്ന് ഇരുവിഭാഗവും പ്രതീക്ഷ പുലർത്തുന്നു.

English Summary: CPI state conference to see tussle between Kanam, Ismail factions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT