ADVERTISEMENT

ലക്നൗ ∙ പരീക്ഷയ്ക്കു തെറ്റായി ഉത്തരമെഴുതിയെന്ന് ആരോപിച്ച് അധ്യാപകൻ മർദിച്ച ദലിത് വിദ്യാർഥി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ പ്രതിഷേധം കനക്കുന്നു. അധ്യാപകന്റെ മർദനമേറ്റതിനെ തുടർന്നു തിങ്കളാഴ്ചയാണു പതിനഞ്ചുകാരൻ മരിച്ചത്. അധ്യാപകനെതിരെ ഐപിസി 308, 323, 504 വകുപ്പുകളും എസ്‌സി–എസ്‌ടി നിയമവും ചുമത്തി കേസെടുത്തു. കുട്ടിയുടെ മരണത്തിനു പിന്നാലെ അധ്യാപകനെ അറസ്റ്റ് ചെയ്യാനായി സ്കൂളിൽ എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരുന്നതായി പൊലീസ് അറിയിച്ചു.

യുപിയിലെ ഔരയ്യ ജില്ലയിൽ സെപ്റ്റംബർ ഏഴിനായിരുന്നു സംഭവമെന്നു പൊലീസ് പറയുന്നു. സാമൂഹികശാസ്ത്രം പരീക്ഷയിൽ ഒരു ചോദ്യത്തിനു തെറ്റായ ഉത്തരം എഴുതിയതിനാണു വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചത്. വടി കൊണ്ടുള്ള അടിയേറ്റ് കുട്ടി ബോധരഹിതനായി. പിതാവിന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ  റജിസ്റ്റർ ചെയ്തു. വിദ്യാർഥിയുടെ ചികിത്സ ഏറ്റെടുക്കാമെന്നു അധ്യാപകൻ സമ്മതിച്ചിരുന്നെന്നും എന്നാൽ കുറച്ചു പണം മാത്രമാണു നൽകിയതെന്നും പിതാവ് ആരോപിച്ചു.

ചികിത്സയ്ക്കു ചെലവായ ബാക്കി പണം ആവശ്യപ്പെട്ടു സമീപിച്ചപ്പോൾ ജാതീയമായി അധ്യാപകൻ അധിക്ഷേപിച്ചെന്നും പിതാവ് പറഞ്ഞു. ‘‘കുട്ടിക്കു വൃക്കസംബന്ധമായ അസുഖം നേരത്തേയുണ്ടായിരുന്നു. ലക്നൗവിലെ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. മർദനത്തിനുശേഷം രണ്ടു തവണകളായി 40,000 രൂപ അധ്യാപകൻ തന്നതായി വിദ്യാർഥിയുടെ പിതാവ് പറയുന്നുണ്ട്. നിരവധി പരിശോധനകൾ മകനു വേണ്ടിവന്നുവെന്നാണു പിതാവിന്റെ ആരോപണം. പക്ഷേ, കുട്ടിയെ രക്ഷിക്കാനായില്ല’’– ഔരയ്യ സർക്കിൾ ഓഫിസർ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

കുട്ടിയുടെ മരണത്തോടെ ഔരയ്യയിലും സമീപപ്രദേശങ്ങളിലും പ്രതിഷേധമുയർന്നു. രണ്ടു പൊലീസ് വാഹനങ്ങൾ തീയിട്ട പ്രതിഷേധക്കാർ രണ്ടു സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു. വിദ്യാർഥിയുടെ സ്കൂളിനു മുന്നിൽ കുത്തിയിരുന്നു നാട്ടുകാർ മുദ്രാവാക്യം മുഴക്കി. സമരം നേരിടാനെത്തിയ പൊലീസുകാർക്കുനേരെ കല്ലെറിഞ്ഞു. ക്രമസമാധാനം സംരക്ഷിക്കാൻ കൂടുതൽ സേനയെ പ്രദേശത്തു വിന്യസിച്ചു. പോസ്റ്റ്‍മോർട്ടത്തിനുശേഷം വിദ്യാർഥിയുടെ മൃതദേഹം വീട്ടുകാർക്കു കൈമാറി.

വിദ്യാർഥിയുടെ രോഗാവസ്ഥ, വീട്ടുകാരുടെ ആരോപണങ്ങൾ എന്നിവ വിശദമായി അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. ‍ഡോക്ടർമാരുടെ പാനലാണു പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഔരയ്യ എസ്‌പി ചാരു നിഗം വ്യക്തമാക്കി. 

English Summary: Dalit boy beaten by teacher dies in UP; protests held, police vehicles set on fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com