ഗെലോട്ടെങ്കിൽ പത്രിക നൽകുമെന്ന് സച്ചിന്റെ ഭീഷണി; വാതിലുകൾ തുറന്നിട്ട് ബിജെപി

sachin-pilot
സച്ചിൻ പൈലറ്റ്: ചിത്രം: facebook.com/sachinpilot
SHARE

ന്യൂഡൽഹി ∙ രാജസ്ഥാനിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അണിയറ നീക്കങ്ങൾക്കു ചരടുവലിച്ച അശോക് ഗെലോട്ടിനെ  അധ്യക്ഷ സ്ഥാനാർഥിയാക്കരുതെന്ന മുറവിളികൾക്കിടെ തിരക്കിട്ട ചർച്ചകളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. രാജസ്ഥാനിലെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച വിശദ റിപ്പോർട്ട് എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ്‌ മാക്കനും സോണിയയ്ക്കു കൈമാറിയിരുന്നു.

ഗെലോട്ടിനെ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ ഭീഷണി. ഗെലോട്ട് ഹൈക്കമാൻഡിനെയും പാർട്ടിയെയും അപമാനിച്ചെന്നും പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കണമെന്നും പ്രവർത്തക സമിതി അംഗങ്ങളും ശ‌ക്‌തമായ നിലപാട് എടുത്തതോടെ ഹൈക്കമാൻഡ് വെട്ടിലായി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ വഴി അടച്ച ഗെലോട്ട് സ്ഥാനാർഥിയായാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നു സച്ചിൻ അനുയായികളെ അറിയിച്ചിരുന്നു.

സച്ചിനായി ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേരാൻ സച്ചിൻ തീരുമാനിച്ചാൽ ബിജെപി കേന്ദ്രനേതൃത്വം വിഷയത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും മുതിർന്ന ബിജെപി നേതാവ് സതീഷ് പൂനിയ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സോണിയ ഗാന്ധി തന്റെ മക്കളുടെയും, ഗെലോട്ട് തന്റെ മകന്റെയും ഭാവി ശോഭനമാക്കാനാണു ശ്രമിക്കുന്നതെന്നും കുടുബാധിപത്യ രാഷ്ട്രീയമാണെന്നും കോൺഗ്രസിന്റെ പ്രശ്‌നമെന്നും ബിജെപി വ‌ക്‌താവ് ആർ.പി. സിങ് പ്രതികരിച്ചു. സച്ചിൻ പൈലറ്റ് രാജസ്ഥാന്റെ മുഖ്യമന്ത്രിയായാൽ തന്റെ മകൻ വൈഭവ് ഗെലോട്ടിന് ഭീഷണിയാകുന്നതിനാലാണു നാടകീയ നീക്കവുമായി ഗെലോട്ട് രംഗത്തെത്തിയതെന്നും ആർ.പി. സിങ് പ്രതികരിച്ചു. തന്റെയും മകന്റെയും രാഷ്‌ട്രീയ ഭാവി സുരക്ഷിതമാക്കാനാണ് എംഎൽഎമാരെ ഇളക്കി വിട്ടതെന്നും ആർ.പി. സിങ് ആരോപിച്ചു.

ashok-gehlot
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്: ചിത്രം: facebook.com/AshokGehlot

ഗെലോട്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനം സോണിയ ഗാന്ധിയുടെതാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഗെലോട്ടിനെ ഒഴിവാക്കുക എന്ന കടുത്ത നടപടിയിലേക്കു സോണിയ നീങ്ങിയാൽ, മല്ലികാർജുൻ ഖർഗെ, ദിഗ്‌വിജയ് സിങ്, മുകുൾ വാസ്നിക്, കമൽനാഥ്, സുശീൽ കുമാർ ഷിൻഡെ, പവൻകുമാർ ബൻസൽ എന്നിവരെ പരിഗണിച്ചേക്കും. ബൻസൽ ഇന്നലെ രണ്ട് സെറ്റ് നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് സമിതിയിൽനിന്നു കൈപ്പറ്റിയിരുന്നുവെങ്കിലും ആർക്കു വേണ്ടിയാണെന്ന് വ്യ‌ക്തമല്ല. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച ആണ്.

ഭാരത് ജോഡോ യാത്രക്ക് നേത്യത്വം നൽകുന്നതിനാൽ ദിഗ് വിജയ് സിങ്ങിനെ ഒഴിവാക്കാനാണ് സാധ്യത. പട്ടിക ജാതി വിഭാഗത്തിൽ നിന്നുളള നേതാക്കളെ പരിഗണിക്കുകയാണെങ്കിൽ മുകുൾ വാസ്നിക്കോ മല്ലികാർജുൻ ഖർഗെയോ സുശീൽ കുമാർ ഷിൻഡെയോ വന്നേക്കും. അതേസമയം രാജസ്ഥാനിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ ഗെലോട്ടിന്റെ അറിവോടെയാണെന്നും അച്ചടക്ക ലംഘനമാണെന്നുമാണ് എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും സോണിയ ഗാന്ധി അറിയിച്ചിട്ടുള്ളത്.

ജയ്പുരിലെ നിയമസഭാ കക്ഷി യോഗം ബഹിഷ്കരിച്ച് ഞായറാഴ്ച രാത്രി സമാന്തര യോഗം ചേർന്ന 92 എംഎൽഎമാരുടെ നടപടിയിൽ തനിക്കു പങ്കില്ലെന്ന ഗെലോട്ടിന്റെ വാദം ഹൈക്കമാൻഡ് വിശ്വസിച്ചിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന്റെ സമയവും സ്ഥലവും നിശ്ചയിച്ചത് ഗെലോട്ട് ആണെന്നും അതിൽ എംഎൽഎമാർ പങ്കെടുക്കാത്തതിൽ നിരപരാധിയാണെന്നുമുള്ള വാദം അംഗീകരിക്കുക ബുദ്ധിമുട്ടാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. എംഎൽഎമാരുടേത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ വ്യക്തമാക്കിയിരുന്നു.

English Summary: Doors open for Sachin Pilot: BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA