ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടി കമ്മിറ്റികളില്‍ പ്രവർത്തിക്കാനുള്ള പ്രായപരിധി 75 വയസ്സാണെന്ന് ഒരു ഘടകത്തിലും തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐ നേതാവ് സി.ദിവാകരൻ. ആരു വിചാരിച്ചാലും തന്നെ പാർട്ടിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടക്കുന്നതിൽ തെറ്റില്ല. മത്സരത്തിനു പേടിയുമില്ല. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനം പാർട്ടിയുടെ വ്യക്തിത്വത്തിനു മങ്ങലേൽപിച്ചു. എൽഡിഎഫില്‍ സിപിഐയ്ക്ക് ഇത്ര റോൾ മതിയോ എന്നു പാർട്ടി ചിന്തിക്കണം. ലോകായുക്ത നിയമ ഭേദഗതിയുടെ ആവശ്യമില്ലായിരുന്നു. പാർട്ടി അംഗസംഖ്യയിലെ വർധന നേതൃസ്ഥാനത്തേക്കു വരുന്നതിനുള്ള മാനദണ്ഡമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 30നാണ് സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. സി. ദിവാകരൻ സംസാരിക്കുന്നു.

∙ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വോട്ടെടുപ്പു നടക്കുമെന്ന പ്രചാരണം ശക്തമാണ്?

സംസ്ഥാന നേതൃത്വത്തിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നതിൽ തെറ്റില്ല. നേതൃമാറ്റം പൊതുവേ എല്ലാവരും  അംഗീകരിക്കുന്നതാണ്. മാറ്റത്തിലൂടെയാണ് വിപ്ലവ പ്രസ്ഥാനം മുന്നോട്ടു പോകുന്നത്. സമൂഹത്തിൽ മാറ്റം വരണമെങ്കിൽ സംഘടനാ രംഗത്തും മാറ്റം വേണ്ടിവരും. പിന്നെ, പുതിയ രാഷ്ട്രീയ സാഹചര്യമാണ്. നിലവിലെ സെക്രട്ടറി രണ്ടു ടേം കഴിഞ്ഞു. ജില്ലാ നേതൃത്വത്തിൽ മൂന്നു ടേം കഴിഞ്ഞവരെ പാടില്ല എന്നു തീരുമാനിച്ചു. സ്വാഭാവികമായും അത് എല്ലാവരും അംഗീകരിച്ചു. സംസ്ഥാന തലത്തിൽ രണ്ടു ടേം കഴിഞ്ഞാൽ മാറ്റം ഉണ്ടാകണമെന്ന അഭിപ്രായത്തെ സ്വാഗതം ചെയ്യേണ്ടതാണ്.

∙ സെക്രട്ടറി പദവിയിൽ തുടരുമോയെന്ന ചോദ്യത്തിന്, സെക്രട്ടറിക്കു മൂന്നു ടേം ഉണ്ടെന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞത്. തന്റെ കാലത്ത് പാർട്ടി അംഗസംഖ്യയിൽ വലിയ മുന്നേറ്റം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. മാറ്റം വേണമെന്ന ആവശ്യത്തിനു പിന്നിലെന്താണ്?

രോഗി ആഗ്രഹിക്കുന്ന മരുന്നു കൊടുക്കാൻ കഴിയില്ല. അതാണ് അതിന്റെ മറുപടി.

∙ ഇപ്പോഴുള്ള നേതൃത്വത്തിന്റെ പ്രവർത്തന വീഴ്ചയാണോ മാറ്റം വേണമെന്ന ആവശ്യത്തിനു പിന്നിൽ?

പാർട്ടിയിൽ എല്ലാവരും ചേർന്നാണ് പ്രവർത്തിക്കുന്നത്. പ്രവര്‍ത്തനം ആരുടെയെങ്കിലും കുത്തകയാണോ? അംഗസംഖ്യയിലെ വർധന നേതൃസ്ഥാനത്തേക്കു വരുന്നതിനുള്ള മാനദണ്ഡമല്ല. പാർട്ടിയുടെ ഗുണം, പൊതുനിലപാട് എന്നിവയാണ് പാർട്ടിയുടെ വ്യക്തിത്വം തെളിയിക്കുന്നത്. അല്ലാതെ പാർട്ടിയിൽ അംഗസംഖ്യ ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? അംഗസംഖ്യ മാത്രമല്ല മറ്റു മാനദണ്ഡങ്ങളുമുണ്ട്.

∙ പാർട്ടിയുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ?

വ്യക്തിത്വം തകർത്തില്ല, വ്യക്തിത്വത്തിനു മങ്ങലേൽപിച്ചു. ലോകായുക്ത ഭേദഗതിയുടെ ആവശ്യമില്ലായിരുന്നു. അഴിമതിയും ജനാധിപത്യവുമായി എന്തു ബന്ധമാണുള്ളത്? ജുഡീഷ്യറിയേക്കാൾ വലുതാണ് നിയമസഭയും മുഖ്യമന്ത്രിയും എന്നാണ് ഭേദഗതി പറയുന്നത്. ഒരു മന്ത്രിയുടെ പേരില്‍ ആക്ഷേപം ഉണ്ടായാൽ മുഖ്യമന്ത്രി പരിശോധിക്കുമെന്നും മുഖ്യമന്ത്രിക്കു നേർക്കുള്ള ആക്ഷേപങ്ങൾ നിയമസഭ പരിശോധിക്കുമെന്നും ലോകായുക്ത ഭേദഗതിയിൽ പറയുന്നു. ആ പരിശോധന കൊണ്ട് എന്തു കാര്യം? അഴിമതിക്കു തടസ്സമായി നിൽക്കുന്ന ശക്തമായ നിയമമാണ് നായനാർ സർക്കാരിന്റെ കാലത്ത് ഇ.ചന്ദ്രശേഖരൻ നായർ കൊണ്ടുവന്നത്. സിപിഐ മന്ത്രിയാണ് നിയമം കൊണ്ടുവന്നത്. 

c-divakaran-54
സി.ദിവാകരൻ

ചില കാര്യങ്ങളിൽ പാർട്ടിക്കു വഴങ്ങേണ്ടി വന്നു. അതിലൊക്കെ സഖാക്കൾക്കിടയിൽ വലിയ അമർഷമുണ്ട്. സിൽവർലൈൻ പദ്ധതി കൊണ്ടുവന്നു. നടപ്പിലാക്കുമെന്നു പറഞ്ഞവർ തന്നെ പിൻവലിച്ചപ്പോൾ സിപിഐക്കു മറുപടിയില്ലാതായി. പദ്ധതിക്കായി എന്തു ബഹളമാണ് കാണിച്ചത്. അതുപോലെ വിഴിഞ്ഞം തുറമുഖ പ്രശ്നം. കേരളം ഭരിക്കുന്ന മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ഇടപെടൽ നടത്തി അതിൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണമായിരുന്നു. ഒരു വിഷയമുണ്ടായാൽ പിണറായി വിജയന്റെ ഗോദയിൽനിന്ന് എം.വി.ഗോവിന്ദന്റെ ഗോദയിലേക്ക് അടിക്കും. എം.വി.ഗോവിന്ദൻ തിരിച്ചു പിണറായിക്കു കൊടുക്കും. അങ്ങനെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം പോകുന്നത്. അതിലൊക്കെ സിപിഐ സഖാക്കൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാം.

പിണറായി വിജയൻ, എം.വി. ഗോവിന്ദൻ
പിണറായി വിജയൻ, എം.വി. ഗോവിന്ദൻ

∙ പാർട്ടി സിപിഎമ്മിനു വഴങ്ങിയെന്നാണോ?

സിപിഎമ്മിനു വഴങ്ങേണ്ട കാര്യമില്ല. സിപിഎം വലിയ കക്ഷിയാണ്. കേരളം ഭരിക്കുന്നവരാണ്. അവരുമായി യോജിച്ചു പോകേണ്ട സ്ഥലങ്ങളിൽ യോജിച്ചു പോകണം. അല്ലാത്ത ഘട്ടങ്ങളിൽ ശക്തമായ നിലപാടെടുക്കണം. അങ്ങനെ നിലപാടെടുക്കരുതെന്ന് സിപിഎം സിപിഐയോട് പറഞ്ഞിട്ടില്ല. നിലപാടുകളിൽ സിപിഐ പിന്നോട്ടു പോയോ എന്ന് ജനം തീരുമാനിക്കട്ടെ.

∙ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുമോ?

മത്സരത്തിനു പേടി ആർക്കുമില്ല. മത്സരം പേടിസ്വപ്നമായി പാർട്ടി കാണുന്നില്ല. മത്സരം നടക്കുന്നെങ്കിൽ നടക്കട്ടെ.

∙ പ്രായപരിധി 75 ആക്കിയ വിഷയത്തിലാണ് തർക്കങ്ങളുടെ ആരംഭം?

പ്രായപരിധി 75 വയസ്സാക്കി എന്ന് എകകണ്ഠമായി തീരുമാനിച്ചിട്ടില്ല. ഇതൊരു മാർഗ നിർദേശമാണ്. ഒരു ഘടകത്തിന്റെയും തീരുമാനമല്ല. പ്രായപരിധി 75 ആക്കിയെന്ന തീരുമാനം ഏതെങ്കിലും ഘടകമെടുത്താൽ ഞാൻ അംഗീകരിക്കും. അല്ലാതെ മാർഗനിർദേശം അംഗീകരിക്കാൻ തയാറല്ല. മാർഗനിർദേശം ഒരു ഘടകത്തിന്റെയും തീരുമാനമല്ല. അതൊരു ഉപദേശം മാത്രമാണ്. നീ നന്നായിട്ട് ജീവിക്കണം എന്നു പറയുന്നതുപോലുള്ളൊരു കാര്യം. ഈ തീരുമാനത്തിനു പാർട്ടി ഭരണഘടനാ സാധുതയില്ല. 

Kanam-Rajendran
കാനം രാജേന്ദ്രൻ

∙ പാര്‍ട്ടി ഇക്കാര്യം ചർച്ച ചെയ്തപ്പോൾ വിയോജിക്കാമായിരുന്നില്ലേ?

ചർച്ച ചെയ്തപ്പോൾ എതിർപ്പ് ഉണ്ടായില്ല. കാരണം ഇതൊരു നിർദേശം മാത്രമാണ്. വേണമെങ്കിൽ നടപ്പിലാക്കാം, നടപ്പിലാക്കാതിരിക്കാം. നിർബന്ധമായി നടപ്പിലാക്കാൻ ഒരുങ്ങുമ്പോഴാണ് എതിർപ്പുണ്ടാകുന്നത്.

∙ പ്രധാന നേതാക്കളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണോ നടപടി?

എനിക്കു പ്രശ്നമൊന്നുമില്ല. എന്നെ ആരു വിചാരിച്ചാലും ഒഴിവാക്കാനാകില്ല. എനിക്കു പൊതുരംഗത്തും സിപിഐയിലും നിന്നു പ്രവർത്തിക്കാൻ കഴിയും. പ്രായപരിധി അതിനു തടസ്സമല്ല. ഇവർ തടസ്സമാണെന്നു പറഞ്ഞാലും ഞാൻ അത് അംഗീകരിക്കാൻ പോകുന്നില്ല. എന്റെ പാർട്ടി പ്രവർത്തനം തുടരും. എന്നെ ജനങ്ങൾ കാണുന്നത് ഇയാൾ ഏത് ഘടകത്തിൽ ഉണ്ടെന്നു വിലയിരുത്തിയല്ല. സമൂഹം എന്നോട് ദേശീയ നിർവാഹക സമിതിയിൽ ഉണ്ടോ എന്നു ചോദിക്കില്ല. ജനങ്ങൾക്കിടയിൽ എന്നും പ്രവർത്തിക്കാനാകും. 75 വയസ്സെന്ന നിബന്ധന ആരോഗ്യപരമായ കാരണങ്ങളാലാണെങ്കിൽ എല്ലാവരുടെയും ആരോഗ്യം ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം. മെഡിക്കൽ പരിശോധന നടത്തുമ്പോൾ അറിയാമല്ലോ ആർക്കാണ് ആരോഗ്യം കൂടുതലെന്ന്.

∙ പ്രായപരിധി മാനദണ്ഡം കൂടുതൽ യുവാക്കൾക്ക് നേതൃത്വത്തിലേക്കു കടന്നു വരാനുള്ള അവസരം  ഒരുക്കില്ലേ?

വിവിധ ഘടകങ്ങളിൽ യുവാക്കൾക്ക് 20% നീക്കിവച്ചിട്ടുണ്ട്. യുവനേതാക്കൾ ഇവിടെ കൂട്ടത്തോടെ വന്ന് തട്ടി നിൽക്കുകയാണോ? 

∙ പാർട്ടിയിൽ വിഭാഗീയത ഉണ്ടോ?

എനിക്ക് അങ്ങനെ തോന്നുന്നില്ല. നേതാക്കൾ പറയും എന്റെ കൂടെ ഇത്രയും പേരുണ്ട് എന്നൊക്കെ. ആരുടെ കൂടെയും ആരുമില്ല. ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിയേ ഉള്ളൂ.

English Summary: Interview of CPI leader C.Divakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com