ADVERTISEMENT

തിരുവനന്തപുരം ∙ കണ്‍സഷൻ പുതുക്കാൻ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെത്തിയ ആമച്ചൽ സ്വദേശി പ്രേമനന്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മോശക്കാരായി കാണിക്കാന്‍ ക്യാമറയുമായി എത്തിയെന്നും വിഡിയോ മാധ്യമങ്ങള്‍ക്കു കൈമാറിയെന്നുമുള്ള പ്രതികളുടെ ആരോപണം നിഷേധിച്ച് പ്രേമനന്റെ മകള്‍ രേഷ്മ. കണ്‍സഷന്റെ പേരില്‍ വാക്കുതര്‍ക്കം മാത്രമാണ് ആദ്യമുണ്ടായത്. പിന്നീട് സുരക്ഷാ ജീവനക്കാരനും മറ്റും പിതാവിനെ മര്‍ദിക്കുകയായിരുന്നു. വിഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത് അവിടെ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരനാണെന്നും രേഷ്മ 'മനോരമ ഓണ്‍ലൈനോ'ട് പറഞ്ഞു.

‘‘സെപ്റ്റംബര്‍ 20ന് രാവിലെ 11 ഓടെയാണ് പപ്പയും ഞാനും കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. 1.30യ്ക്ക് എനിക്കു പരീക്ഷയുണ്ടായിരുന്നു. നേരത്തെ ബസ് സ്റ്റാൻഡിൽ എത്തിയതിനാൽ ഞാന്‍  സ്ത്രീകളുടെ വിശ്രമ മുറിയിലേക്കും പപ്പ കണ്‍സഷനുവേണ്ടിയും പോയി.  കൂട്ടുകാരിയും ഞാനും അവിടെ ഇരുന്നു പഠിക്കുകയായിരുന്നു. ഇടയ്ക്ക് ശുചിമുറിയിലേക്കു വന്നപ്പോഴാണ് ഓഫിസില്‍ നിന്നും ബഹളം കേട്ടത്. പപ്പയുടെ ശബ്ദമാണെന്നു മനസ്സിലായി. ഉടന്‍തന്നെ ഞാന്‍ അങ്ങോട്ടേക്ക് പോയി. പപ്പയുടെ കൈയില്‍പിടിച്ച് പപ്പാ നമുക്ക് പോകാമെന്നു പറയുമ്പോഴേക്കും അവിടത്തെ സുരക്ഷാ ജീവനക്കാരന്‍ പപ്പയുടെ കൈ ബലമായി പിടിക്കുകയും കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു.  പപ്പയെ അവരുടെ വിശ്രമ മുറിയിലേക്ക്  കൊണ്ടുപോയി മര്‍ദിച്ചു. 

premananreshma
പ്രേമനനും രേഷ്മയും, ഉദ്യോഗസ്ഥരോട് രേഷ്മ കയർക്കുന്നു.

കണ്‍സഷന് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് പപ്പയോട് അവര്‍ പറഞ്ഞത്. എന്നാല്‍ മൂന്നുമാസം മുന്‍പ് തന്നെ തന്നതാണ് ഇനി അതിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചത് അവര്‍ക്ക് ഇഷ്ടമായില്ല. കെഎസ്ആർടിസി ജീവനക്കാർ മോശമായി സംസാരിക്കാന്‍ തുടങ്ങിയതോടെ ‘നിങ്ങളെപ്പോലുള്ള ജീവനക്കാര്‍ ഉള്ളതുകൊണ്ടാണ് കെഎസ്ആര്‍ടിസി നന്നാവാത്തത്’ എന്ന് പപ്പ പറഞ്ഞു. അതോടുകൂടിയാണ് പ്രശ്‌നം തുടങ്ങിയത്. വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായത്. അവരാണ് കയ്യാങ്കളിയിലേക്ക് എത്തിച്ചതും പപ്പയെ മർദിച്ചതും. പപ്പയെ പുറത്തുനിന്നും മര്‍ദിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അവിടെ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനാണ് അത് പകര്‍ത്തിയത്.  അല്ലാതെ ഞങ്ങളാരും ക്യാമറയുമായി പോയിട്ടില്ല.’’- രേഷ്മ വിശദീകരിച്ചു. 

പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരനാണ് പ്രേമനന്‍. മലയന്‍കീഴ് മാധവകവി സ്മാരക ഗവ.ആര്‍ട്‌സ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് രേഷ്മ.

കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, ആര്യനാട് ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ പേഴുംമൂട് കള്ളോട് സ്വദേശി എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരന്‍ തിരുമല സ്വദേശി എസ്.ആര്‍.സുരേഷ് കുമാർ, അസിസ്റ്റന്റ് കള്ളിക്കാട് സ്വദേശി സി.പി.മിലന്‍ ഡോറിച്ച് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ സസ്‌പെന്‍ഷനിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷനൽ സെഷന്‍സ് കോടതി ഈ മാസം 28ന് പരിഗണിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പിച്ച അപേക്ഷ അഡീഷനൽ സെഷന്‍സ് കോടതിക്കു കൈമാറുകയായിരുന്നു.

പ്രേമനനെ മുറിയിലേക്ക് തള്ളി കയറ്റാനുള്ള മർദിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ശ്രമം തടയുന്ന മകൾ രേഷ്മ.രേഷ്മയുടെ കൂട്ടുകാരി അഖിലയാണ് പിന്നിൽ.
പ്രേമനനെ മുറിയിലേക്ക് തള്ളി കയറ്റാനുള്ള മർദിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ശ്രമം തടയുന്ന മകൾ രേഷ്മ.രേഷ്മയുടെ കൂട്ടുകാരി അഖിലയാണ് പിന്നിൽ.

പ്രേമനന്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ തെറ്റായ പരാതികള്‍ നല്‍കുന്നയാളാണെന്നും അദ്ദേഹത്തിനെതിരെ വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികള്‍ ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി ആസൂത്രണം ചെയ്തു ക്യാമറയുമായാണ് മറ്റൊരാളോടൊപ്പം പ്രേമനന്‍ സ്റ്റാന്‍ഡിലേക്കു വന്നത്. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ മോശക്കാരാണെന്നു ചിത്രീകരിക്കാന്‍ വിഡിയോ ചിത്രീകരിച്ച് ഉടനെ മാധ്യമങ്ങള്‍ക്കു കൈമാറുകയായിരുന്നെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

trivandrum-ksrtc-attack-case
വിഡിയോയിൽ നിന്ന്.

English Summary: Interview with Reshma, whose father was manhandled at Kattakkada KSRTC Depot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com