ജോഡോ യാത്രയിൽ ബുദ്ധിമുട്ടുണ്ടാവുന്നത് രണ്ടുകൂട്ടർക്ക്; ബിജെപിക്കും സിപിഎമ്മിനും: ജയറാം രമേശ്

Rahul Gandhi Bharat Jodo Yatra Malappuram | Photo: Twitter, @Jairam_Ramesh
ഭാരത് ജോഡോ യാത്രയിൽനിന്ന്. ( Photo: Twitter, @Jairam_Ramesh)
SHARE

പെരിന്തൽമണ്ണ (മലപ്പുറം)∙ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര 20–ാം ദിനത്തിൽ ഇന്ന് ഉച്ചവരെ 435 കിലോമീറ്ററുകൾ പൂർത്തിയാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. ഇന്നത്തെ ദിനം പൂർത്തിയാകുമ്പോൾ 445 കിലോമീറ്ററുകൾ പാദയാത്ര പൂർത്തീകരിക്കും. രണ്ടു വിശ്രമ ദിനങ്ങളുൾപ്പെടെ 19 ദിവസത്തെ കേരളത്തിലെ പ്രയാണം പൂർത്തിയാക്കി ജോഡോ യാത്ര സെപ്റ്റംബർ 29ന് തമിഴ്നാട്ടിലും 30ന് കർണാടകയിലും പ്രവേശിക്കും. 

ഇന്ന് മറ്റൊരു സന്തോഷവാർത്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ഭാരത് ജോഡോ യാത്രയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. യാത്ര ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ കാണുന്ന ആൾക്കൂട്ടം. രാഹുൽ ഗാന്ധിക്കുള്ള ജനപിന്തുണയുടെ നാന്ദിയാണിത്. രണ്ടുകൂട്ടർക്കാണ് ഈ യാത്രയിൽ ബുദ്ധിമുട്ടുണ്ടാവുന്നത് ഒന്ന് ബിജെപിക്കും മറ്റൊന്ന് കേരളത്തിലെ സിപിഎമ്മിനും’’– അദ്ദേഹം കൂട്ടിച്ചേർത്തു. 

ജോഡോ യാത്രയിൽ ഇന്ന് പട്ടിക്കാട് മുതൽ പാണ്ടിക്കാട് വരെയുള്ള പാദയാത്ര സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരായ യാത്രയാണ്. ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്റെ റിസോർട്ടിൽ ക്രൂരമായി കൊല്ലപ്പെട്ട അങ്കിതയ്ക്ക് നീതി തേടിയുള്ള യാത്രയാണിത്. ബിൽക്കിസ് ബാനുവിനും ഹത്രസിലെ പെൺകുട്ടിക്കും നീതിതേടിയുള്ള യാത്രയാണിത്.

കേന്ദ്രത്തിലെ ബിജെപി സർക്കാർ എല്ലാ കമ്മോഡിറ്റി ബോർഡുകളിലും ബിജെപിക്കാരെ തിരുകി കയറ്റി. അവയെ നേതാക്കളുടെ പാർക്കിങ് ബോർഡായി മാറ്റി. സ്‌പൈസസ് ബോർഡ്, റബർ ബോർഡ്, കോഫി ബോർഡ് ഇവിടെയൊന്നും പ്രഫഷനൽസിനെ കാണാനില്ല. വി.ജെ.കുര്യനെപോലുള്ള ക്വാളിഫൈഡ് പ്രഫഷനൽസ് ആയിരുന്നു യുപിഎ കാലത്ത് ഇത്തരം ബോർഡുകളെ നയിച്ചിരുന്നത്. ഇവയെല്ലാം ഇന്ന് ബിജെപിയുടെ പാർക്കിങ് ബോർഡായി.

സിപിഎമ്മിൽ രണ്ടു വിഭാഗമുണ്ട്. കേരളത്തിലെ സിപിഎമ്മും പുറത്തുള്ള സിപിഎമ്മും. കേരളത്തിനു പുറത്തുള്ള യച്ചൂരി അടക്കമുള്ള സിപിഎം നേതാക്കൾ ജോഡോ യാത്രയിൽ ആവേശം കൊള്ളുന്നു. സിപിഎം ആയാലും മമത ആയാലും കോൺഗ്രസിനെ ഇല്ലാതാക്കി ബിജെപിയുടെ വളർച്ചയ്ക്ക് വഴിമരുന്നിടുന്നവരാണ്. കോൺഗ്രസിലെ പ്രശ്നങ്ങളിൽ സിപിഎം ആശങ്കപ്പെടേണ്ട കാര്യമില്ല. അവർ കേരളത്തിലെ സർക്കാരിന്റെ പരാജയത്തെക്കുറിച്ച് ആശങ്കപ്പെട്ടാൽ മതി. കോൺഗ്രസിന്റെ പ്രശ്നങ്ങൾ തീർക്കാൻ കോൺഗ്രസിന് അറിയാമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

∙ യാത്രയുടെ ലക്ഷ്യവും മുദ്രാവാക്യവും ബിജെപിക്കെതിരെ: വി.ടി.ബൽറാം 

ബിജെപിക്കൊപ്പം ചേർന്ന് സിപിഎം ജോഡോ യാത്രയെ നഖശിഖാന്തം എതിർക്കുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം. ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചത് മുതൽ സിപിഎമ്മിലെ ചില യുവ നേതാക്കന്മാർ കണ്ടെയ്നർ യാത്രയെന്ന് പറഞ്ഞു തുടങ്ങി. ഇപ്പോൾ പിണറായി തന്നെ പറയുന്നു രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ മുഖമാണെന്ന്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഏതു ചെകുത്താനുമായും കൂട്ടുകൂടുന്ന ഇഎംഎസിന്റെ മനോഭാവത്തിൽനിന്നു പുറത്തുവരാൻ ബിജെപിയുടെ എ ടീമായി പ്രവർത്തിക്കുന്ന സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബൽറാം കുറ്റപ്പെടുത്തി.

ഇഎംഎസിന്റെ സ്വന്തം നാടായ ഏലംകുളത്ത് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബാനർ സ്ഥാപിച്ച ഡിവൈഎഫ്ഐ സ്വയം പരിഹാസ്യരാവുന്ന കാഴ്ചയാണ് കണ്ടത്. പ്രവർത്തകർ പാർട്ടി നിലപാട് തള്ളി സിപിഎം ഓഫിസിനു മുകളിൽ കയറി. അവർ രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ചു. ഹോളിവുഡ് അഭിനേതാക്കൾ അടക്കം ജോഡോ യാത്രയെ അനുകൂലിച്ചും രാഹുൽ ഗാന്ധിയെ പിന്തുണച്ചും രംഗത്ത് വരുമ്പോൾ ബിജെപിയെ സുഖിപ്പിക്കാൻ വിമർശനവുമായി സിപിഎം മുന്നോട്ട് വന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. രാഹുൽ ഗാന്ധി വിശാലമായ യാത്രയാണ് നടത്തുന്നത്. യാത്രയുടെ ലക്ഷ്യവും മുദ്രാവാക്യവും ബിജെപിയും സംഘപരിവാറിനുമെതിരാണ്. ഇവിടത്തെ ഞാഞ്ഞൂലുകളെയും അവരുടെ വിമർശനങ്ങളെയും അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും വി.ടി.ബൽറാം പറഞ്ഞു.

English Summary: Jairam Ramesh on Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA