ADVERTISEMENT

ന്യൂഡൽഹി∙ കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നിസിൽ സ്വർണമെഡൽ നേടിയ ഭവിന പട്ടേലിന്റെ ഓട്ടോഗ്രാഫോടു കൂടിയ റാക്കറ്റ്, അതേ ഗെയിംസിൽ പങ്കെടുത്ത ഗുസ്തി ടീം അംഗങ്ങൾ ഒപ്പിട്ട ടീഷർട്ട്, നാഷനൽ പൊലീസ് മെമ്മോറിയലിന്റെ മാതൃക, ചെന്നൈയിൽ നടന്ന ചെസ് ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ഉപഹാരമായി ലഭിച്ച ഭാഗ്യചിഹ്നം തമ്പിയുടെ മാതൃക... പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച ഉപഹാരങ്ങളുടെ പ്രദർശനത്തിൽ ഇങ്ങനെ പലതുമുണ്ട് കാണുവാൻ. സമ്മാനമായി ലഭിച്ച 1,200ലേറെ ഉൽപന്നങ്ങൾ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണു പ്രദർശിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 2 വരെയുണ്ട് പ്രദർശനം. ഇവയുടെ ഓൺലൈൻ വിൽപനയും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. pmmementos.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്ത് ലേലത്തിൽ പങ്കെടുക്കാം. 

ഇതുവരെ ഏറ്റവുമധികം ആവശ്യക്കാർ വന്നിരിക്കുന്നത് ‘തമ്പി’ ശിൽപത്തിലാണ്. 5 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്ന ശിൽപത്തിനു ഇതുവരെ 53 പേർ വില പറഞ്ഞു. 6.15 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന പാരാലിംപിക്സിൽ സ്വർണമെഡൽ നേടിയ ഷൂട്ടിങ് താരം മനീഷ് നർവാലിന്റെ ഒപ്പിട്ട ടി ഷർട്ടിനു 10 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനു 13.20 ലക്ഷം വരെ വില പറഞ്ഞ് ആളെത്തി. കൂട്ടത്തിൽ ഏറ്റവും മൂല്യമേറിയതും ഇതാണ്. ചിത്രങ്ങൾ, ശിൽപങ്ങൾ, നാടോടി കലാരൂപങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്. ശിവഗിരിമഠം സമ്മാനിച്ച ശ്രീനാരായണഗുരുവിന്റെ പ്രതിമയും ലേലത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനവില 5,400 രൂപയാണ്. 

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ പ്രദർശനത്തിനുവച്ചിരിക്കുന്നു ( Photo: Screengrab: Manorama News)
പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ പ്രദർശനത്തിനുവച്ചിരിക്കുന്നു ( Photo: Screengrab: Manorama News)

ഇന്ത്യാഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് ശിൽപത്തിന്റെ മാതൃകയ്ക്കു 5 ലക്ഷം രൂപയാണ് അടിസ്ഥാന വില. ഇതിനു 6.15 ലക്ഷം രൂപ വരെ വില പറഞ്ഞു കഴിഞ്ഞു. എൻസിസി അലുംമ്നെ അസോസിയേഷൻ സമ്മാനിച്ച ആജീവനാന്ത കാർഡിന് 29 പേർ ആവശ്യക്കാരെത്തി. 1100 രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഇതിനു 23,000 രൂപ വരെ വിലപേശിയിട്ടുണ്ട്. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെയും വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മാതൃകകളും ലേലത്തിനുണ്ട്. വിൽപനയിലൂടെ സമാഹരിക്കുന്ന തുക ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതിയിലേക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

English Summary: Auction of PM’s gifts begins, over 1,200 items on offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com