ADVERTISEMENT

ന്യൂഡൽഹി ∙ ഭീകര പ്രവർത്തനങ്ങൾ ആരോപിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കൾ. രാജ്യവിരുദ്ധ ശക്തികൾക്കുള്ള ശക്തമായ സന്ദേശമാണു കേന്ദ്ര നടപടിയെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

‘‘ഈ രാജ്യത്തെ ജനങ്ങളുടെ കുറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. പ്രതിപക്ഷത്തുള്ള സിപിഐ, സിപിഎം, കോൺഗ്രസ് തുടങ്ങിയവരടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും പിഎഫ്ഐയുടെ നിരോധനം ആവശ്യപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട സിമി, കെഎഫ്ഡി (കർണാടക ഫോറം ഫോർ ഡിഗ്‌‍നിറ്റി) എന്നിവയുടെ പുനരവതാരമാണു പിഎഫ്ഐ. ഇവർ രാജ്യവിരുദ്ധ, ആക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

പരിശീലനത്തിനായി ചില പിഎഫ്ഐ നേതാക്കൾ അതിർത്തി കടന്നിരുന്നു. കേന്ദ്ര സർക്കാരിന്റേതു ശരിയായ തീരുമാനമാണ്.’’– ബസവരാജ് ബൊമ്മെ ചൂണ്ടിക്കാട്ടി. രാജ്യത്തു ഭീകരപ്രവർത്തനങ്ങളെ സഹായിക്കുകയും പിന്തുണയ്ക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘടനയ്ക്കെതിരെ ഉചിതമായ നടപടിയാണു കേന്ദ്രം സ്വീകരിച്ചതെന്നു കർണാടക ആഭ്യന്തരമന്ത്രി ആരഗ ജ്ഞാനേന്ദ്രയും പറഞ്ഞു.

രാജ്യം കോട്ടമില്ലാതെ തുടരാൻ പിഎഫ്ഐ നിരോധനം അനിവാര്യമായിരുന്നെന്നു ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ആരെയും ഉരുക്കുമുഷ്ടി കൊണ്ടു നേരിടണമെന്നും കേന്ദ്ര സർക്കാർ ശക്തമായ നടപടിയാണു സ്വീകരിച്ചതെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. അജ്മേർ ദർഗ മേധാവി സൈനുൽ ആബിദിൻ അലി ഖാനും നിരോധനത്തെ പിന്തുണച്ചു.

സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താൻ പദ്ധതിയിട്ട പിഎഫ്ഐയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമി‌‍ത് ഷായ്ക്കു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നന്ദി രേഖപ്പെടുത്തി. അതേസമയം, പിഎഫ്ഐ നിരോധനം പരിഹാരമല്ലെന്നു കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു. ‘‘രാജ്യത്തുടനീളം ഹിന്ദു വർഗീയതയാണ് ആർഎസ്എസ് പ്രചരിപ്പിക്കുന്നത്. ആർഎസ്എസും പിഎഫ്ഐയും തുല്യരാണ്. രണ്ടു സംഘടനകളെയും സർക്കാർ നിരോധിക്കേണ്ടിയിരുന്നു’’– കൊടിക്കുന്നിൽ പറഞ്ഞു.

English Summary: BJP leaders welcome ban on PFI, call it ‘long-time demand’; Congress MP asks why not RSS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com