ADVERTISEMENT

കോഴിക്കോട്∙ എന്‍ഡിഎഫിന്റെ പില്‍ക്കാല രൂപമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. നീതിയും സ്വാതന്ത്ര്യവും സുരക്ഷയും എല്ലാവര്‍ക്കും ലഭിക്കുന്ന സമത്വസമൂഹം സ്ഥാപിക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും യാഥാസ്ഥിതിക മതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനം പിഎഫ്ഐയെ പലപ്പോഴും പ്രതിക്കൂട്ടിലാക്കി. തുടക്കത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ടിന് ഇന്ന് 19 ഇടത്ത് കമ്മിറ്റികളുണ്ട്.

1987ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വടകര, നാദാപുരം മേഖലകളില്‍ സംഘര്‍ഷം പതിവായി. ഒരുവശത്ത് സിപിഎം പ്രവര്‍ത്തകരും മറുവശത്ത് മുസ്‌ലിം വിഭാഗത്തില്‍പെട്ട ചെറുപ്പക്കാരും. പൊലീസില്‍നിന്നു നീതി കിട്ടില്ലെന്ന് ആരോപിച്ച് പ്രതിരോധമെന്ന നിലയില്‍ വടകര സ്വദേശിയായ ഒരാള്‍ മുസ്‌ലിംകളായ ചെറുപ്പക്കാരെ കൂട്ടി കളരി ഉള്‍പ്പടെയുള്ള അഭ്യാസമുറകള്‍ പരിശീലിപ്പിച്ചു. നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) നേതാക്കളെ കണ്ട് സഹായം അഭ്യര്‍ഥിച്ചതോടെ നേതൃത്വം പഴയ സിമി നേതാക്കള്‍ ഏറ്റെടുത്തു. വടകരയിലെ വില്യാപ്പിള്ളിയില്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന സംഘടന രൂപം കൊണ്ടു. അധികം വൈകാതെ സംഘടന മലബാറില്‍ കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചു.

പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)
പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)

രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ 1993ല്‍ കോഴിക്കോട് സമ്മേളനം വിളിച്ച് നാഷണല്‍ ഡെവലപ്പ്മെന്റ് ഫ്രണ്ട് എന്നു പേരുമാറ്റി. ദേശീയ വികസന മുന്നണിയെന്നാണു പേരെങ്കിലും കുറ്റ്യാടിപള്ളിയിലെ ബോംബ് സ്ഫോടനം ഉള്‍‌പ്പെടെ ഒട്ടേറെ കേസുകളില്‍ എന്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ പ്രതിക്കൂട്ടിലായി. എന്‍ഡിഎഫിന്റ പില്‍ക്കാല രൂപമാണ് 2007ല്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ഇ. അബൂബക്കര്‍, പ്രഫ. പി.കോയ, നസിറുദ്ദീന്‍ എളമരം എന്നിവര്‍ സ്ഥാപകനേതാക്കള്‍. പ്രഖ്യാപിത ലക്ഷ്യം നീതിയും സ്വാതന്ത്ര്യവും സുരക്ഷയും എല്ലാവര്‍ക്കും ലഭിക്കുന്ന സമത്വസമൂഹം സ്ഥാപിക്കുക.

2009ല്‍ എട്ട് സംസ്ഥാനങ്ങളിലെ സമാന സംഘടനകള്‍ കൂടി പിഎഫ്ഐയിലെത്തി. 2009ല്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു. ക്യാംപസ് സംഘടനയെന്ന നിലയില്‍ ക്യാംപസ് ഫ്രണ്ടും സ്ത്രീകളുടെ സംഘടനയായി വിമന്‍സ് ഫ്രണ്ടും നിലവില്‍ വന്നു. 2009ലും 2010ലും നടത്തിയ ഫ്രീഡം പരേഡ് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നുവെന്നു ചൂണ്ടിക്കാണിച്ചു സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. 

പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)
പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽനിന്ന്. (ഫയൽ ചിത്രം: മനോരമ)

English Summary: History of the Popular Front Of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com