ADVERTISEMENT

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ക്ഷമാപണക്കത്തുമായി ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിനു ശേഷം ഗെലോട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലെ എംഎല്‍എമാരുടെ മനസ് മാറ്റാനായില്ല. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയയോട് ക്ഷമ ചോദിച്ചു. മുഖ്യമന്ത്രിയായി തുടരണോ എന്ന് സോണിയ തീരുമാനിക്കുമെന്നും ഗെലോട്ട് പറഞ്ഞു.

ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും ശശി തരൂരും തമ്മിലുള്ള മത്സരം ഉറപ്പായി. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ദിഗ്വിജയ് സിങ്ങും ശശി തരൂരും പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ്. ഇതിനിടെ ദിഗ്‌വിജയ് സിങ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി.  കേരളത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ദിഗ്‌വിജയ് സിങ്ങിനെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് നേതൃത്വം വിളിച്ചു വരുത്തുകയായിരുന്നു.

ക്ഷമാപണക്കത്തുമായാണ് സോണിയയെ കാണാന്‍ ഗെലോട്ട് എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസിലെ 'രാജസ്ഥാന്‍ കലാപ'ത്തില്‍ ഗെലോട്ട് നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ഹൈക്കമാന്‍ഡിനെ താന്‍ ഒരിക്കലും വെല്ലുവിളിക്കില്ലെന്നുമറിയിച്ച് സോണിയയ്ക്കു ഗെലോട്ട് സന്ദേശമയക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന നിലപാട് സോണിയ കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു. എംഎല്‍എമാരുടെ മനസ്സ് മാറ്റാന്‍ കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ താനില്ലെന്ന നിലപാടും അശോക് ഗെലോട്ട് ഹൈക്കമാന്‍ഡിനെ അറിയിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ നിയമിക്കണമെന്ന സോണിയയുടെ നിര്‍ദേശത്തിനു വഴങ്ങിയാല്‍ മാത്രം ഗെലോട്ടിനെ സ്ഥാനാര്‍ഥിയാക്കുന്നത് ആലോചിക്കാമെന്നായിരുന്നു നിലപാടായിരുന്നു ഹൈക്കമാന്‍ഡിന്. ഗാന്ധി കുടുംബത്തെ പരസ്യമായി വെല്ലുവിളിച്ച ഗെലോട്ടിനെ പ്രസിഡന്റാക്കുന്നത് തെറ്റായ സന്ദേശമായിരിക്കും നല്‍കുകയെന്ന മറുവാദം ശക്തമായതിനു പിന്നാലെയാണ് ആശയക്കുഴപ്പം പരിഹരിക്കാനും അഭിപ്രായമാരായാനും തന്റെ വിശ്വസ്തനായ എ.കെ.ആന്റണിയെ സോണിയ ഡല്‍ഹിക്കു വിളിപ്പിച്ചത്. ഗെലോട്ടിനു പുറമേ സച്ചിന്‍ പൈലറ്റുമായും സോണിയ കൂടിക്കാഴ്ച നടത്തിയേക്കും. രാജസ്ഥാനിലെ വിമതനീക്കത്തിനു മുഖ്യപങ്കു വഹിച്ച് മന്ത്രി ശാന്തികുമാര്‍ ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മേന്ദ്ര പാഠക് എംഎല്‍എ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

English Summary: Ashok Gehlot met Sonia Gandhi Amid Rajasthan Trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com