ADVERTISEMENT

തിരുവനന്തപുരം/കൊച്ചി ∙ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തുവന്ന് ഒരു ദിവസം പിന്നിടുമ്പോൾ നടപടികളുമായി കേരള പൊലീസ്. പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആലുവയിലെ പെരിയാർ വാലി ട്രസ്റ്റ്‌ അടച്ചുപൂട്ടി സീൽ ചെയ്തു. വ്യാഴാഴ്ച രാത്രിയോടെ പറവൂർ തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് നടപടി. എറണാകുളം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ട്രസ്റ്റ്‌.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം വന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും സംസ്ഥാനത്ത് കാര്യമായ നടപടികൾ ഇല്ലാത്തത് വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. നടപടികൾ കരുതലോടെ മതിയെന്ന നിർദേശമാണ് ആഭ്യന്തര വകുപ്പ് രാവിലെ നൽകിയതെന്നാണ് സൂചന. ഡിജിപിയുടെ നേതൃത്വത്തിൽ എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്.

ജാഗ്രത തുടരാനും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരെ നീരീക്ഷിക്കാനും യോഗത്തിൽ തീരുമാനമായി. പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് മറ്റു സംസ്ഥാനങ്ങൾ കടന്നിട്ടും കേരളത്തിൽ തീരുമാനമെടുക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്. രാത്രിയോടെ ഡിജിപി സർക്കുലർ ഇറക്കിയശേഷമാണ് നടപടി ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ മാത്രമേ ഓഫിസുകൾ സീൽ ചെയ്യുന്ന നടപടികൾ പൂർണതോതിൽ ഉണ്ടാകൂ എന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെ നടപടികളിലുണ്ടാകുന്ന കാലതാമസം ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് കേന്ദ്ര ഏജൻസികൾക്കുള്ളത്.

പൂട്ടേണ്ട ഓഫിസുകളുടെയും മരവിപ്പിക്കേണ്ട ബാങ്ക് അക്കൗണ്ടുകളുടേയും പട്ടിക നേരത്തെ തയാറാക്കിയ കേന്ദ്ര ഏജൻസികൾ കേന്ദ്ര തീരുമാനം വന്നയുടനെ നടപടികൾ ആരംഭിച്ചു. എന്നാൽ സംസ്ഥാന പൊലീസ് ഈ നടപടികൾ വ്യാഴാഴ്ച രാവിലെയും തുടങ്ങിയിരുന്നില്ല. പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക തലത്തിലുള്ള ഓഫിസുകളെ സംബന്ധിച്ച് ലോക്കൽ പൊലീസിനു കാര്യമായ വിവരം ലഭിച്ചതുമില്ല. സന്നദ്ധ സംഘടനകളുടെ ഓഫിസുകളും പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നതായി വിവരമുണ്ട്. നടപടികൾ വൈകുന്നതിനിടെ ചില ഓഫിസുകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വമേധയാ ഒഴിഞ്ഞു. ഈ ഓഫിസുകളിലുണ്ടായിരുന്ന സാധനങ്ങളും കൊണ്ടുപോയി.

English Summary: Delay in action on Popular Front by Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com