ADVERTISEMENT

ആലുവ∙ മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി ലൈജു (36), മകൾ ആര്യനന്ദ (6) എന്നിവരാണു മരിച്ചത്. ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ രാവിലെ 10നാണ് സംഭവം. അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദ സ്കൂൾ ബസിൽ കയറാൻ നിന്നപ്പോൾ ലൈജു സ്കൂട്ടറിൽ കയറ്റി ആലുവയിലേക്കു കൊണ്ടുവരികയും പാലത്തിൽ നിന്നു പുഴയിലേക്ക് എറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നാലെ ലൈജുവും ചാടി.

സംഭവം കണ്ട യാത്രക്കാരാണു പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്. ദുബായിയിൽ ജോലി ചെയ്യുന്ന ഭാര്യ സവിത അവധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സമയത്തായിരുന്നു സംഭവം.

ദൃക്സാക്ഷികളായ 2 നാട്ടുകാർ ഇവരെ രക്ഷിക്കാൻ പിന്നാലെ നീന്തിയെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്നു മടങ്ങി. അഗ്നിരക്ഷാസേനയും 10 അംഗ സ്കൂബ ടീമും നാട്ടുകാരും ചേർന്നു പിന്നീടു നടത്തിയ തിരച്ചിലും വിഫലമായി. വൈകിട്ടു ലൈജുവിന്റെ മൃതദേഹം പാലത്തിനു താഴെയുള്ള ഹോട്ടലിനു സമീപവും ആര്യനന്ദയുടേതു തൈനോത്ത് കടവിനു സമീപവും കണ്ടെത്തി. പാലത്തിൽ വച്ചിരുന്ന ലൈജുവിന്റെ സ്കൂട്ടറിൽ നിന്നു ലഭിച്ച രേഖകളും ആര്യനന്ദയുടെ സ്കൂൾ ബാഗുമാണ് ഇവരെ തിരിച്ചറിയാൻ സഹായകമായത്.

ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റിനു ശേഷം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. സംസ്കാരം ഇന്ന് ഉച്ചയോടെ കപ്രശേരി എസ്എൻഡിപി ശ്മശാനത്തിൽ. പുഴയിൽ ചാടുകയാണെന്നു ലൈജു നാട്ടിൽ ഒരാൾക്കു വാട്സാപ് സന്ദേശം അയച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. പുതുവാശേരിയിൽ സാനിറ്ററി കട ഉടമയാണു ലൈജു. ചന്ദ്രന്റെയും ശാന്തയുടെയും മകൻ. ഭാര്യ ചേർത്തല സ്വദേശി സവിത. മകൻ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവൻ വിദ്യാർഥി.

English Summary: Father jumped into river with Daughter in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com