ADVERTISEMENT

സെന്റ് പീറ്റേഴ്സ്ബർഗ് (യുഎസ്)∙ അതിശക്തമായ കാറ്റും പേമാരിയുമായി ‘ഇയൻ’ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ഗൾഫ് കോസ്റ്റിൽ ആഞ്ഞടിച്ചു. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കാറ്റുവേഗത്തിൽ അതിശക്തമായ നാലാം വിഭാഗത്തിലായിരുന്നു ‘ഇയനെ’ വർഗീകരിച്ചിരിക്കുന്നത്. മണിക്കൂറിൽ 241 കി.മീ വേഗത്തിലാണ് കാറ്റു വീശിയത്. ഫ്ലോറിഡയിൽ കരയിൽത്തൊട്ട ഇയന്റെ വേഗത മുന്നോട്ടുപോകുന്തോറും കുറഞ്ഞു. നിലവിൽ മധ്യ ഫ്ലോറിഡയിൽക്കൂടി വീശുന്ന കാറ്റിനെ ഒന്നാം വിഭാഗത്തിലാണ് ഇപ്പോൾ പെടുത്തിയിരിക്കുന്നത്.

വൻ നാശനഷ്ടമാണ് ഇയൻ വരുത്തിവച്ചിരിക്കുന്നത്. ചില മേഖലകളിൽ പ്രളയജലം വീടിന്റെ മേൽക്കൂരയ്ക്കു മുകളിൽ വരെ എത്തിയതായി പ്രദേശത്തുനിന്നുള്ള വിഡിയോകളിൽനിന്നു വ്യക്തമാകുന്നുണ്ട്. ചുഴലിക്കാറ്റ് അകത്തേക്ക് കടക്കുന്തോറും കുറഞ്ഞത് 60 സെ.മീ മഴ വരെ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും അനുബന്ധമായി ഇപ്പോഴും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഫ്ലാഷ് ഫ്ലഡ്സിന് (പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം) സാധ്യതയുണ്ട്.

(Photo - Twitter/@accuweather)
(Photo - Twitter/@accuweather)

പ്രാദേശിക സമയം ബുധൻ ഉച്ചകഴിഞ്ഞ് 3.05നാണ് ഫ്ലോറിഡയിലെ ഫോർട്ട് മേയേഴ്സിന് പടിഞ്ഞാറുള്ള കയോ കോസ്റ്റ എന്ന ദ്വീപിനു സമീപമാണ് ഇയൻ കരയിൽത്തൊട്ടത്. പിന്നീട് ഫ്ലോറിഡയുടെ വൻകരയിലേക്ക് ചുഴലിക്കാറ്റ് നീങ്ങി. അപ്പോൾ 145 കി.മീ ആണ് കാറ്റിന്റെ വേഗത. ചില മേഖലകളിൽ 12 അടിക്കുമുകളിൽ കടൽവെള്ളം കയറിയിരുന്നു.

പോർട്ട് ഷാർലെറ്റിലെ ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മേൽക്കൂര കാറ്റ് കൊണ്ടുപോയി. 160 രോഗികള്‍ ഇവിടെ ഉണ്ടായിരുന്ന സമയത്തായിരുന്നു കാറ്റ് വീശിയത്. കാറ്റിനൊപ്പം മഴയുമെത്തിയതോടെ ഐസിയുവിൽ വെള്ളം നിറഞ്ഞു. മറ്റു നിലകളിലേക്കും ഈ വെള്ളം പടർന്നു. രോഗികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയാണ്. നിലവിൽ രണ്ടുപേർക്കുള്ള മുറിയിൽ നാലു പേരെ വരെയാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.

(Photo - Twitter/@GilsonWeather)
(Photo - Twitter/@GilsonWeather)

ഫ്ലോറിഡയിൽ അങ്ങോളമിങ്ങോളം വൈദ്യുതി മുടങ്ങി. 20 ലക്ഷത്തിലധികംപേർ വൈദ്യുതി ഇല്ലാതിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഫോർട്ട് മെയേഴ്സിൽ 96% പേർക്കും വൈദ്യുതിയില്ലെന്ന് നഗരത്തിന്റെ മേയർ അറിയിച്ചു. ജാക്സണ്‍വില്ലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള വ്യാഴാഴ്ചത്തെ എല്ലാ സർവീസുകളും റദ്ദാക്കി. ഓർലാൻഡോ, റ്റാംപ തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളിലെ പല സർവീസുകളും റദ്ദാക്കിയിരുന്നു.

ചുഴലിക്കാറ്റിനെത്തുടർന്നു ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മൂന്നു ലക്ഷത്തോളം പേർക്കു വൈദ്യുതി മുടങ്ങി. രണ്ടായിരത്തിലേറെ വിമാനസർവീസുകൾ റദ്ദാക്കി. റ്റാംപ മേഖലയിലുൾപ്പെടെ ആളുകളെ ഒഴിപ്പിച്ചു. ക്യൂബയിൽ നാശം വിതച്ച ശേഷമാണു ചുഴലിക്കാറ്റ് യുഎസ് തീരമടുത്തത്.

English Summary: Hurricane Ian makes landfall in Florida - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com