ADVERTISEMENT

കോഴിക്കോട് ∙ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റു സംസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനയ്ക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതു സർക്കാർ തണുപ്പൻ സമീപനം സ്വീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിൽ പറഞ്ഞതെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘‘കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെയും അവിഹിത സഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്. നിയമപ്രകാരമേ നടപടിയെടുക്കാവൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാജ്യത്തെ നിയമപ്രകാരമാണ് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകളിൽ റെയ്ഡു നടത്താനോ പിടിച്ചെടുക്കാനോ സർക്കാർ തയാറാവുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും നിലപാടിനോട് ഇത് ചേർത്ത് വായിക്കേണ്ടതാണ്’ – സുരേന്ദ്രൻ പറഞ്ഞു.

‘‘പോപ്പുലർ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ തന്നെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനായിരുന്നു. എന്നാൽ ഇന്ന് പിണറായി വിജയനിലെത്തുമ്പോൾ സിപിഎം പൂർണമായും മതഭീകരവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഭരണഘടന അനുസരിച്ചല്ല, മറിച്ച് സിപിഎം തീരുമാനം അനുസരിച്ചാണ് സംസ്ഥാന ഭരണകൂടം പ്രവർത്തിക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പോപ്പുലർ ഫ്രണ്ടിനെതിരായ മൃദു സമീപനം’’ – കെ.സുരേന്ദ്രൻ ആരോപിച്ചു.

English Summary: Kerala Government trying to protect Popular Front, says K Surendran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com