ADVERTISEMENT

ന്യൂഡൽഹി∙ തുർക്കിയിലെ മതമൗലിക സംഘടനയുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ട്. സിറിയയിൽ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുന്ന അൽ ഖായിദ ബന്ധമുള്ള ഭീകരർക്ക് ആയുധങ്ങള്‍ കൈമാറുന്നത് ഈ സംഘടനയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഉയർന്ന രണ്ടു നേതാക്കൾ ഈ സംഘടനയുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

തുർക്കിയിലെ മനു‌ഷ്യാവകാശ സംഘടനയെന്ന പേരിൽ ഉയർത്തിക്കാണിക്കുന്ന ഐഎച്ച്എച്ച് എന്ന സംഘടനയുമായാണ് പോപ്പുലർ ഫ്രണ്ടിന് അടുത്ത ബന്ധമെന്നാണ് റിപ്പോർട്ട്. ‘ദ് ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ആൻഡ് ഹ്യുമാനിറ്റേറിയൻ റിലീഫ്’ എന്നാണ് സംഘടനയുടെ പേര്. എന്നാൽ അൽ ഖായിദയുമായി ബന്ധമുള്ള സന്നദ്ധസംഘടനയാണെന്നും സിറിയയിലെ ഭീകരർക്ക് ആയുധം കടത്തിക്കൊടുക്കുന്നുണ്ടെന്നും 2014 ജനുവരിയിൽ ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു.

തുർക്കി മുൻ ധനമന്ത്രിയും നിലവിലെ പ്രസിഡന്റ് തയിപ് എർദോഗന്റെ മരുമകനുമായ ബെറാത് അൽബയ്റാക്കിന്റെ ചോർത്തപ്പെട്ട ഇമെയിലിൽ ഐഎച്ച്എച്ച് ലിബിയൻ സംഘടനകളെ ആയുധവത്കരിക്കുന്നുണ്ടെന്ന പരാമർശം ഉണ്ടായിരുന്നു. തുർക്കി രഹസ്യാന്വേഷണ ഏജൻസിയായ എംഐടിയുമായി ചേർന്നു പ്രവർത്തിക്കുന്ന സംഘടനയാണ് ഐഎച്ച്എച്ച്.

പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ.എം.അബ്ദുൽ റഹിമാൻ, പ്രഫ. പി.കോയ എന്നിവർക്ക് ഐഎച്ച്എച്ച് ഇസ്താംബൂളിൽ സ്വകാര്യ സത്കാരം നൽകിയിരുന്നുവെന്ന് ‘നോർഡിക് മോണിറ്ററി’ന്റെ റിപ്പോർട്ടിൽ പറയുന്നു. സ്റ്റോക്കോം ആസ്ഥാനമായ നോർഡിക് മോണിറ്റർ ഭീകരപ്രവർത്തനം, മതമൗലിക വാദം, വിഘടനവാദം, മറ്റു കുറ്റകൃത്യങ്ങൾ തുടങ്ങിവ ട്രാക്ക് ചെയ്യുന്ന രഹസ്യാന്വേഷണ വിഭാഗമാണ്. തുർക്കി കേന്ദ്രീകരിച്ചാണ് അവരുടെ പ്രധാന പ്രവർത്തനം.

2016ൽ എർദോഗനുനേരെ അട്ടിമറി ശ്രമമുണ്ടായപ്പോൾ എർദോഗനെ പിന്തുണച്ച് പോപ്പുലർ ഫ്രണ്ട് പ്രസ്താവന ഇറക്കിയിരുന്നു. സർക്കാരിൽ ഇസ്‌ലാമിസ്റ്റുകളുടെ അധികാരം കേന്ദ്രീകരിക്കാനും വിമർശകരെ ഒതുക്കാനും എർദോഗന്റെ അറിവോടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കമാണതെന്ന് പിന്നീടു പുറത്തുവന്നിരുന്നു. ‘ഇന്ത്യൻ പൊലീസുകാരാൽ പീഡിപ്പിക്കപ്പെടുന്നവർ’ എന്ന വിശേഷണമാണ് പോപ്പുലർ ഫ്രണ്ടിന് തുർക്കി സർക്കാർ അവരുടെ ഔദ്യോഗിക വാർത്താ ഏജൻസിയിൽ വന്ന വാർത്തയിൽ നൽകിയത്.

തീവ്രമത ആശയങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇരു സംഘടനകളുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡുമായും പോപ്പുലർ ഫ്രണ്ടിന് സാമ്യമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള തലത്തിൽ മുസ്‌ലിംകളെ ഒന്നിപ്പിക്കുക, ജനങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ച് രാഷ്ട്രീയ ശക്തിയാകുക എന്നതുൾപ്പെടുന്ന മുസ്‌ലിം ബ്രദർഹുഡിന്റെ ആശയം സ്വീകരിച്ചാണ് ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടും മറ്റു പല രാജ്യങ്ങളിലെ സംഘടനകളും പ്രവർത്തിക്കുന്നതെന്നും ഈ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

സമുദായത്തിനു വേണ്ടിയല്ല, സ്വന്തം സംഘടനയുടെ നേട്ടത്തിനാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്തുണ നേടാൻ മുസ്‌ലിം വിഭാഗത്തിൽ ഉപയോഗിക്കുന്ന വാക്കുകൾക്കുപരിയായി ‘ഫെയ്ത്ത്’ എന്ന വാക്കാണ് പോപ്പുലർ ഫ്രണ്ട് കൂടുതലായി ഉപയോഗിച്ച വന്നതെന്നും റിപ്പോർട്ടിലുണ്ട്.

English Summary: PFI maintains close ties with a radical Turkish group that provides arms to Syrian jihadists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com