ADVERTISEMENT

ന്യൂഡല്‍ഹി∙ കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. 81,000 ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങള്‍ നിരോധനം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കേന്ദ്ര വിജ്ഞാപനത്തിന്റെ ചുവടു പിടിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്‌നാടും ഉത്തരവിറക്കി. കര്‍ണാടകയിലെ മംഗളൂരുവില്‍ സംഘടനയുടെ 12 ഓഫിസുകള്‍ അടച്ചുപൂട്ടി. 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷത്തേക്കു നിരോധിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമാണു നടപടി. ഐഎസ് ഉള്‍പ്പെടെ രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ അടിയന്തരമായി നിരോധിച്ചില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നും തീവ്രവാദത്തില്‍ അധിഷ്ഠിതമായ ഭരണം രാജ്യത്ത് അടിച്ചേല്‍പിക്കാന്‍ ശ്രമമുണ്ടാവുമെന്നും ഇന്നലെ പുലര്‍ച്ചെ 5.43നു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട്, റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുടെ അംഗീകാരം ആദായ നികുതി വകുപ്പും റദ്ദാക്കി. 

ഈ മാസം 22നും 27നുമായി കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 286 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് യുപി,കര്‍ണാടക,ഗുജറാത്ത് സര്‍ക്കാരുകള്‍ ശുപാര്‍ശ ചെയ്തതായി കേന്ദ്രം വ്യക്തമാക്കി. 

നിരോധിക്കപ്പെട്ട സംഘടനകള്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
നാഷനല്‍ വിമന്‍സ് ഫ്രണ്ട്
ജൂനിയര്‍ ഫ്രണ്ട്
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (NCHRO)
എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍
റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍
റീഹാബ് ഫൗണ്ടേഷന്‍ കേരള

English Summary: Twitter Account Of Banned Group PFI Taken Down In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com