ADVERTISEMENT

യുപിയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ കണ്ട് കണ്ണുനിറഞ്ഞ ഒരു ഐഎഎസ് ഓഫിസറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മലയാളിയായ റോഷൻ ജേക്കബായിരുന്നു ആ ഉദ്യോഗസ്ഥ. പ്രവർത്തനമികവു കൊണ്ട് റോഷൻ മുൻപും വാർത്തകളിലിടം നേടിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തു ശക്തമായപ്പോൾ അതിനെ പ്രതിരോധിക്കാൻ റോഷൻ നടത്തിയ ശ്രമങ്ങളും ലക്നൗവിലെ പ്രളയബാധിത മേഖലയിൽ രക്ഷാപ്രവർ‌ത്തനത്തിനു നേതൃത്വം നൽകിയതുമെല്ലാം വാർത്തയായിരുന്നു. അതിനെപ്പറ്റി ചോദിച്ചാൽ റോഷന്റെ മറുപടി ഇങ്ങനെയാണ്: ‘‘ഒരു പ്രശ്നമുണ്ടെങ്കിൽ അതിനിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നാണ് എന്റെ പോളിസി. ഓഫിസിൽ മാത്രം ഇരുന്നാൽ ആ പ്രശ്നത്തിന്റെ ആഴം മനസ്സിലാകണമെന്നില്ല. കഷ്ടപ്പെടുന്നവരുണ്ടെങ്കിൽ അവരുടെ കൂടെ നിന്ന് അവരുടെ കഷ്ടതകൾ അറിഞ്ഞ് അത് പരിഹരിക്കാൻ നോക്കണം. അങ്ങനെ ചെയ്തെങ്കിലേ നമുക്കാ പ്രശ്നത്തിന്റെ ആഴം മനസ്സിലാകൂ...’’ 

2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് തിരുവനന്തപുരം സ്വദേശിനി റോഷൻ ജേക്കബ്. 17 വർഷമായി ഉത്തർപ്രദേശ് കേ‍ഡ‍റിൽ വിവിധ പദവികളിൽ തന്റെ കയ്യൊപ്പു പതിപ്പിച്ച ഉദ്യോഗസ്ഥ. നിലവിൽ ലക്നൗ കമ്മിഷണറായ റോഷൻ ലക്നൗവിനു പുറമേ ആറു ജില്ലകളുടെ കൂടി ചാർജുള്ള ഡിവിഷനൽ കമ്മിഷണറാണ്. ഇപ്പോൾ വൈറലായ വിഡിയോയെ കുറിച്ച് റോഷൻ പറയുന്നത് ഇങ്ങനെയാണ്: ‘‘ഡിവിഷനൽ കമ്മിഷണർ എന്ന നിലയിൽ ഒരു റിവ്യൂ മീറ്റിങ്ങിന് പോയതാണ് ഞാൻ. ഇവിടെ ആറു ജില്ലകൾ എനിക്കു കീഴിലാണ്. അപകടം നടന്നതറിഞ്ഞപ്പോൾ ഞാൻ നേരിട്ടു ചെന്നു പറഞ്ഞാൽ അവരുടെ ചികിത്സയും മറ്റു കാര്യങ്ങളും വേഗത്തിലാക്കാൻ കഴിയുമല്ലോ എന്നു കരുതിയാണ് ആശുപത്രിയിലേക്ക് പോയത്. അപകടത്തിൽ പരുക്കേറ്റവരെ കണ്ടുകൊണ്ടു നടക്കുകയായിരുന്നു. അതിൽ കൊച്ചുകുട്ടികളും സ്ത്രീകളുമൊക്കെയുണ്ടായിരുന്നു. അവരുടെ ചികിത്സാ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടിയിലാണ് അവിടെ നിന്ന ഒരാൾ മൂന്നു ദിവസമായി ചികിത്സ ലഭിക്കാതെ ഒരു കുട്ടി അവിടെ കഴിയുന്നുണ്ടെന്ന് പറഞ്ഞത്. അതു കേട്ടാണ് ആ കുട്ടിയുടെ അരികിലെത്തുന്നത്. 

അവിടെ കട്ടിലിൽ കമഴ്ന്നു കിടക്കുന്ന കുട്ടിയേയും അവന്റെ അമ്മയേയുമാണ് കണ്ടത്. ഒരു മതിൽ വീണ് ഒരമ്മയുടെ മൂന്നു കുട്ടികൾ മരിച്ചിരുന്നു. അവരുടെ നാലാമത്തെ കുട്ടിയാണ് ഇത്. അവന്റെ നട്ടെല്ല് തകർന്നിരുന്നു. അവിടെ നട്ടെല്ലിന്റെ പരുക്കിന് ചികിത്സ ഇല്ലാത്തതിനാൽ ഡോക്ടർ മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ പറഞ്ഞുകാണണം. എന്നാൽ വളരെ പാവപ്പെട്ട കുടുംബമായതിനാൽ അവർക്ക് അതിനു കഴിയുമായിരുന്നില്ല. മൂന്നു വയസ്സുള്ള ഒരു കുട്ടി തിരിയാൻ പോലും കഴിയാതെ കിടക്കുന്നതു കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. അതാണ് കണ്ണു നിറഞ്ഞു പോയത്. 

ഒരുപാട് വലിയ അപകടങ്ങളും അതിൽ ഗുരുതരമായി പരുക്കേറ്റവരെയും ഒക്കെ കണ്ടിട്ടുള്ളതാണ്. എന്നാൽ അവിടെ മൂന്നു മക്കളെ നഷ്ടപ്പെട്ട ഒരു അമ്മ, കുഞ്ഞിങ്ങനെ മുഖം കമഴ്ത്തി കിടക്കുന്നു, അവന്റെ കരച്ചിൽ ഇതൊക്കെ സഹിക്കാൻ കഴിഞ്ഞില്ല. ഓഫിസർ എന്നതിനപ്പുറം എല്ലാവരും മനുഷ്യരാണല്ലോ. അവർക്ക് വേണ്ട ഭക്ഷണവും ധനസഹായവും ഒക്കെ കൊടുത്ത് ലക്നൗവിൽ എത്തിച്ചു. കെജിഎംഒഎയിലെ സീനിയർ ഡോക്ടർമാരോടു പറഞ്ഞ് സ്കാനിങ് ഒക്കെ നടത്തി വേണ്ട ചികിത്സ നൽകി. ഒന്നു രണ്ടു ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും. അതുകഴിഞ്ഞ് പോകാം.’’– റോഷൻ പറഞ്ഞു. 

പ്രശ്നങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് അവ പരിഹരിക്കാനുള്ള ആർജ്ജവം റോഷൻ ഇതിനു മുൻപും കാണിച്ചിട്ടുണ്ട്. അതിന് ജനങ്ങളുടെ കയ്യടിയും കിട്ടി. ഒരാഴ്ച മുൻപ് ലക്നൗവിലെ ജാനകിപുരം എന്ന പ്രദേശം വെള്ളക്കെട്ടിൽ മുങ്ങിയപ്പോൾ ആ വെള്ളത്തിലൂടെ നടന്നു നീങ്ങുന്ന റോഷന്റെ വിഡിയോയും സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. അവിടെയെത്തി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചു. 

‘‘നമ്മൾ സംഭവസ്ഥലത്തേക്ക് ഇറങ്ങിച്ചെന്നാൽ മറ്റുള്ളവരും നമ്മുടെ കൂടെ ചേർന്ന് ആ പ്രശ്നം വേഗം പരിഹരിക്കാൻ നോക്കും. വെള്ളക്കെട്ടിന്റെ കാര്യമെടുത്താൽ, ഞാൻ അവിടെ ചെന്നതുകൊണ്ട് മുനിസിപ്പൽ കോർപറേഷനും ജല അതോറിറ്റിയും അഗ്നിശമന സേനയുമെല്ലാം വരും. അതുകൊണ്ട് കാര്യങ്ങൾ പെട്ടെന്നു പരിഹരിക്കാൻ സാധിക്കും. ബെംഗളൂരുവിലും കൊച്ചിയിലുമൊക്കെ നടന്നപോലെ നഗരം മുഴുവൻ വെള്ളത്തിലായിരുന്നു. എന്നാൽ പെട്ടെന്നു തന്നെ വെള്ളമിറക്കാൻ കഴിഞ്ഞു. അത് ഒരാളുടെ പ്രയത്നം കൊണ്ടല്ല. പക്ഷേ നമ്മൾ ഇറങ്ങി ചെയ്യുമ്പോൾ ആ ടീം മുഴവൻ നമ്മുടെ കൂടെ നിൽക്കും’’– റോഷൻ വിശദീകരിച്ചു. 

എന്താണ് ഇങ്ങനെ ഒരു പ്രവർത്തനശൈലി എന്നു ചോദിച്ചാൽ റോഷൻ പറയുന്നത് ഇങ്ങനെയാണ്: ‘‘മനുഷ്യരുടെ കൂടെ നിൽക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടുമാത്രം’’.

റിട്ട. ഏജീസ് ഓഫിസ് ഉദ്യോഗസ്‌ഥൻ ചേന്നങ്കരി നാവള്ളിൽ തമ്പു കെ. ജേക്കബിന്റെയും നിയമസഭാ ലൈബ്രറിയിൽ ലൈബ്രേറിയനായിരുന്ന ലിയാമ്മ വർഗിസിന്റെയും ഏക മകളാണ് നാൽപത്തഞ്ചുകാരിയായ റോഷൻ.  തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജിൽനിന്നു ബിരുദവും ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ഐഎഫ്‌എസ് ഉദ്യോഗസ്‌ഥൻ അരിന്ദം ഭട്ടാചാര്യയാണു ഭർത്താവ്. ഒരു മകനും മകളുമുണ്ട്. 

ഝാൻസിയിലായിരുന്നു റോഷന്റെ ആദ്യ പോസ്റ്റിങ്.17 വർഷമായി യുപിയിലാണ്. ബസ്‌തി, ഗോണ്ട, കാൻപുർ, റായ്ബലേറി എന്നീ ജില്ലകളിൽ കലക്ടറായി സേവനനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ നാലു വർഷമായി മൈനിങ് ഡയറക്ടർ ആന്‍ഡ് സെക്രട്ടറിയാണ്. യുപിയിലെ മൈനിങ് വിഭാഗത്തിലെ ആദ്യ വനിത ഡയറക്ടറാണ്.

നാട്ടിലേക്ക് ഒരു മാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് റോഷന്റെ മറുപടി ഇങ്ങനെയാണ്: ‘‘നാട്ടിലേക്കു മാറാൻ രണ്ടു മൂന്നു വർഷം മുൻപ് ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ മുഖ്യമന്ത്രി വിട്ടില്ല. ഇപ്പോൾ കമ്മിഷണർ ആയതോടെ സ്മാർട്ട് സിറ്റി, ഡവലപ്മെന്റ് അതോറിറ്റി, സിറ്റി ട്രാൻസ്പോർട്ട് അങ്ങനെ പല ഡ്യൂട്ടികൾ ഇതിന്റെ കൂടെയുണ്ട്. ഇനിപ്പോ വരുന്നത് ചിന്തിച്ചിട്ട് കാര്യമില്ല.’’

English Summary: Roshan Jacob about why she breaks down while seeing child injured 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com