ADVERTISEMENT

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇന്നലെ രാത്രി കഴക്കൂട്ടത്തെ രഹസ്യകേന്ദ്രത്തിൽനിന്നാണ് സ്കൂട്ടർ പിടിച്ചെടുത്തതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആരാണ് സ്കൂട്ടർ ജിതിന് കൈമാറിയത്, അക്രമത്തിനുശേഷം ആരാണ് സ്കൂട്ടർ കൊണ്ടുപോയത് തുടങ്ങിയ വിവരങ്ങൾ പുറത്തുവരാനുണ്ട്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്.

ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവായ ജിതിൻ പിടിയിലായത്.

അക്രമം നടത്തിയശേഷം ജിതിൻ സഞ്ചരിച്ച ചുവപ്പു നിറത്തിലുള്ള സ്കൂട്ടർ ഒരു കാറിനടുത്തേക്ക് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് നിർണായകമായതെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമര്‍പിച്ച റിപ്പോർട്ടിൽ പറയുന്നു. കാറിന്റെ വിലാസം ജിതിന്റേതാണെന്നു അന്വേഷണത്തിൽ കണ്ടെത്തി. സ്കൂട്ടർ മറ്റൊരാൾക്ക് കൈമാറിയശേഷം ജിതിൻ കാറിൽ കയറി പോകുകയായിരുന്നു. ആക്രമണം നടന്ന ദിവസം ധരിച്ചിരുന്ന ടിഷർട്ടും ഷൂസും ധരിച്ച് മുൻപ് എടുത്ത ഫോട്ടോ ജിതിന്റെ ഫോണിൽനിന്നും കണ്ടെത്തിയതും വഴിത്തിരിവായി.

ഷൂസ് കണ്ടെത്താനായെങ്കിലും ടി ഷർട്ട് കണ്ടെത്താനായിട്ടില്ല. കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് എകെജി സെന്ററിനുനേരെ ആക്രമണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ജിതിന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.

English Highlights: AKG Centre attack, Crime Branch, Kerala Police, Scooter, T-Shirt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com