ADVERTISEMENT

രാജസ്ഥാൻ കോൺഗ്രസിലെ ഗെലോട്ട്–പൈലറ്റ് ഏറ്റുമുട്ടലിനെ പുതിയ തലത്തിലേക്ക് എത്തിച്ച വെളിപ്പെടുത്തലാണ് ഇന്നത്തെ മലയാള മനോരമയുടെ ഒന്നാം പേജിലെ വാർത്താചിത്രം. ആ ചിത്രം പിറന്ന വഴിയെക്കുറിച്ചു മനോരമ ഡൽഹി ചീഫ് ഫൊട്ടോഗ്രാഫർ ജെ.സുരേഷ് എഴുതുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീടിനു മുന്നിൽ മണിക്കൂറുകളോളം വാർത്താചിത്രങ്ങൾക്കു വേണ്ടി ഇതിനു മുൻപും കാത്തുനിന്നിട്ടുണ്ട്. രാജ്യകാര്യം യുപിഎ തീരുമാനിച്ച കാലത്തും അധികാരം ബിജെപിയിലേക്കു കൈവിട്ടുപോയ കഴിഞ്ഞ 8 വർഷങ്ങളിലും ആ വീടിനു രാഷ്ട്രീയ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. ആ വീടിനു മുന്നിലെ പല കാലത്തെ കാത്തുനിൽപു കൊണ്ട് കിട്ടിയ അനുഭവപാഠങ്ങൾക്കാണ് നന്ദി പറയുന്നത്. അല്ലെങ്കിൽ, മാധ്യമപ്രവർത്തകർക്കു മുഖം തരാതെ കടന്നു പോകുന്ന നേതാവിന്റെ സാധാരണ ചിത്രമായി അതു മാറുമായിരുന്നു. ആ ചിത്രത്തിലേക്കുള്ള വഴി ഇങ്ങനെയായിരുന്നു.

gehlot-car
അശോക് ഗെലോട്ട് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് എത്തുന്നു. ചിത്ര: ജി.സുരേഷ്∙മനോരമ

അഖിലേന്ത്യാ കോൺഗ്രസ് ഓഫിസ് അക്ബർ റോഡിലെ 24–ാം പ്ലോട്ടിലാണ്. ഇതിനോടു ചേർന്നുള്ള ഗേറ്റിലൂടെയും അഖിലേന്ത്യാ കോൺഗ്രസിന്റെ ‘ഹൈക്കമാൻഡായ’ സോണിയാ ഗാന്ധിയുടെ ജൻപഥ് 10–ാം നമ്പർ വീട്ടിലേക്ക് എത്താം. ഏതാനും ദിവസങ്ങളായി ഈ വീടിനു മുന്നിൽ ദേശീയ ചാനലുകൾ മുഴുവൻ സമയം കാത്തിരിപ്പിലാണ്. കോൺഗ്രസ് പ്രസിഡന്റ് ആരാകും എന്നതു മാത്രമല്ല, രാജസ്ഥാൻ രാഷ്ട്രീയത്തിൽ സച്ചിൻ പൈലറ്റിന് ഇനിയുള്ള പ്രസക്തി എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി തേടിയുള്ള നിൽപ്. ഏതാനും ദിവസങ്ങളായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വരവും പോക്കും ഡൽഹിയിൽ ആഘോഷമാണ്.

j-suresh
ജെ.സുരേഷ്

സോണിയയുടെ വീട്ടിലേക്ക് ഗെലോട്ട് വരുന്നുണ്ടെന്ന വിവരം കിട്ടിയതോടെ 11 മണിക്കു തന്നെ അവിടേക്ക് എത്തി. പതിവുപോലെ കാത്തുനിൽപ്. അതിനിടിയിൽ ചാനൽ സുഹൃത്തുക്കളുടെ ലൈവ് കമന്ററികൾ. സമയം വളരെ പെട്ടെന്നുപോയി. പന്ത്രണ്ടര കഴിഞ്ഞപ്പോഴേക്കും ഗെലോട്ടിന്റെ വരവിനുള്ള സമയം അടത്തുവരുന്നുവെന്ന സൂചന പോലെ പെട്ടെന്ന് ആൾക്കൂട്ടമേറി. റോഡ് പൂർണമായും ബ്ലോക്കാകുന്ന മട്ട്. ഗെലോട്ട് സാധാരണ കോൺഗ്രസ് നേതാവല്ലല്ലോ? രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ ഗെലോട്ടിന്റെ വരവിനൊന്നിച്ചു വലിയ പൊലീസ് സുരക്ഷയും ഉറപ്പായതു കൊണ്ട് അതിനനുസരിച്ചു ഏറ്റവും നല്ല പടം കിട്ടാവുന്നൊരിടത്തേക്കു മാറാമെന്നുറപ്പിച്ചു.

ashok-gehlot-1
അശോക് ഗെലോട്ട്. ചിത്രം: ജെ.സുരേഷ് ∙മനോരമ

വീടിനു മുന്നിലെ ബ്ലോക്ക് ചെന്നെത്തുന്നത് 200 മീറ്റർ മാറിയുള്ള ഒരു ട്രാഫിക് ജംക്‌ഷനിലേക്കാണ്. ഗെലോട്ടിന്റെ വാഹനവ്യൂഹം അവിടത്തെ ആൾത്തിരക്കിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്ന് ഊഹിച്ചു. മറ്റ് ഫൊട്ടോഗ്രാഫർമാരും ചാനൽ പ്രവർത്തകരും ഗെലോട്ടിനായി സോണിയയുടെ ഗേറ്റിനു മുന്നിൽ നിലയുറപ്പിച്ചപ്പോൾ ട്രാഫിക് ജംക്‌ഷൻ ഭാഗത്തേക്ക് ഓടിയെത്തി. ഊഹിച്ചതുതന്നെ സംഭവിച്ചു. ഗെലോട്ടിന്റെ വാഹനം വന്നതും അവിടത്തെ ഗതാഗത കുരുക്കിൽ ഒന്നു നിന്നു. അവിടം മുതൽ അങ്ങോട്ടേക്ക് ഗെലോട്ടിന്റെ വാഹനവ്യൂഹം പതുക്കെ മാത്രം നീങ്ങി. എല്ലാം നിമിഷനേരം കൊണ്ടായിരുന്നു. ക്യാമറയിലെ ക്ലിക്ക് ബട്ടണിൽനിന്നു കയ്യെടുക്കാതെ ക്ലിക്കുകളുമായി നിന്നു.

ashok-gehlot
അശോക് ഗെലോട്ട്. ചിത്രം: ജെ.സുരേഷ് ∙മനോരമ

ഇതിനിടയിൽ ഗെലോട്ടിന്റെ കയ്യിലെ കടലാസുകൾ ശ്രദ്ധിച്ചു. സച്ചിനെതിരെ കണക്കുനിരത്തിയുള്ള കുറ്റപത്രമായിരുന്നു അതെന്ന് അപ്പോൾ ഭാവനയിൽപോലും ഇല്ലായിരുന്നു. എങ്കിലും സോണിയയെ കാണാൻ പോകുമ്പോൾ കയ്യിൽ കരുതുന്ന കടലാസിൽ എന്താകുമെന്നതും അച്ചടക്കത്തോടെ, വടിവൊത്ത അക്ഷരങ്ങളാണെന്നതും കൗതുകമായി. ആ തോന്നൽ ഒന്നുകൊണ്ടു മാത്രം വെറുതെ ക്ലിക്ക് ചെയ്തു വച്ചതാണ്. ഓഫിസിലെത്തി നോക്കുമ്പോൾ എസ്പിയെന്ന് കത്തിൽ പലവട്ടം എഴുതിയിരിക്കുന്നത് എന്താണെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല; സച്ചിൻ പൈലറ്റ്.

venugopal-gehlot
കെ.സി.വേണുഗോപാൽ, അശോക് ഗെലോട്ട്: ചിത്രം: ജെ.സുരേഷ് ∙മനോരമ

തനിക്കൊപ്പം 102 എംഎൽഎമാരുണ്ട്, സച്ചിനുള്ളത് വെറും 18 പേർ മാത്രം. സച്ചിൻ കോൺഗ്രസ് വിടും. പിസിസി പ്രസിഡന്റായിരിക്കെ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇതിനായി 10–50 കോടി രൂപ വരെ ബിജെപി എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തു. ഇന്നുവരെ പുറത്തുപറയാത്ത പല ആരോപണങ്ങളും ഗെലോട്ട് അക്കമിട്ടു നിരത്തിയാണ് സോണിയയ്ക്ക് അരികിലേക്കു പോകുന്നതെന്നു മനസ്സിലാക്കിയ ചിത്രം മലയാള മനോരമയുടെ ഡെസ്ക്കിലേക്ക് അയച്ചു. ഇന്നതു പത്രത്തിന്റെ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു വന്നതോടെ പലഭാഗത്തുനിന്നു വിളികൾ വരുന്നു. ചിലത് ഇംഗ്ലിഷ് മാധ്യമങ്ങളാണ്. മനോരമയുടെ ക്രെഡിറ്റോടെ ആ പടം ഉപയോഗിച്ചോട്ടെയെന്നു ചോദിക്കാനുള്ള ആ വിളികൾ വലിയ ആത്മവിശ്വാസം തരുന്നു.

പത്ര ഫൊട്ടോഗ്രാഫിയിൽ ദിവസവും ഇത്തരം അനുഭവങ്ങളോ മുഹൂർത്തങ്ങളോ ഉണ്ടാകണമെന്നില്ല. അതേസമയം, ഒരു ഫൊട്ടോഗ്രാഫറെ സംബന്ധിച്ച് ഇത്തരം ചില നിമിഷങ്ങൾ എല്ലാകാലത്തേക്കുമുള്ളതാണ്. ആ നിമിഷത്തെ തോന്നലുകൾക്കും പിന്തുണച്ച സ്ഥാപനത്തിനും സഹപ്രവർത്തകർക്കും നന്ദി.

English Summary: Ashok Gehlot file report against Sachin Pilot to Sonia Gandhi; Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com