ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ കെ.ഇ.ഇസ്മായിലിനും സി.ദിവാകരനും പരോക്ഷ മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ വരുന്നുണ്ടെന്നും ആരൊക്കെയാണ് അതു സംഭാവന ചെയ്യുന്നതെന്ന് ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നും കാനം പറഞ്ഞു. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്, പാർട്ടി ജനറൽ സെക്രട്ടറിക്കു പകരം കാനം രാജേന്ദ്രനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്.

പാർട്ടി ചർച്ചകൾ ഹൈജാക്ക് ചെയ്യാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതായി കാനം പറഞ്ഞു. പാർട്ടിയിൽ വിഭാഗീയതയുണ്ട്, ഗ്രൂപ്പുകൾ തമ്മിൽ മത്സരമാണ് എന്നാണ് വാർത്തകൾ. അഭിപ്രായമുള്ളവരുടെ പാർട്ടിയാണ് സിപിഐ. അഭിപ്രായങ്ങൾ‌ ഘടകങ്ങളിൽ രേഖപ്പെടുത്താം. ചർച്ചകൾ സ്വാഭാവികമായും പാർട്ടിയിൽ നടക്കും. പക്ഷേ, തീരുമാനമെടുത്താൽ സിപിഐ അടിമുതൽ മുടിവരെ ഒറ്റക്കെട്ടായി നിൽക്കും. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളെക്കാൾ വലുതല്ല സമ്മേളനത്തിലെ മറ്റു കാര്യങ്ങൾ. താനാണ് പാർട്ടിയിൽ സീനിയറെന്നും പാർട്ടി അംഗസംഖ്യ വർധിച്ചത് നേതൃമാറ്റത്തിനു തടസ്സമല്ലെന്നുമുള്ള സി.ദിവാകരന്റെ വിമർശനങ്ങൾക്കും കാനം മറുപടി നൽകി.

1971ൽ തലസ്ഥാനത്ത് സംസ്ഥാന സമ്മേളനം നടന്നപ്പോഴാണ് താനും കെ.ഇ.ഇസ്മായിലും സംസ്ഥാന കൗൺസിലിൽ വന്നതെന്നു കാനം പറഞ്ഞു. അന്ന് 34,600 ആയിരുന്നു പാർട്ടി അംഗസംഖ്യ. ഇപ്പോൾ അംഗസംഖ്യ 1,77,600 ആണ്. ഗണ്യമായ വർധന മലപ്പുറം സമ്മേളനത്തിനുശേഷം തിരുവനന്തപുരത്ത് ഉണ്ടായി. 24,000 ആണ് തിരുവനന്തപുരത്തെ അംഗസംഖ്യ. ജനങ്ങളോടൊപ്പംനിന്ന് പ്രശ്നങ്ങളിൽ ഇടപെടുന്ന പാർട്ടിയാണ് സിപിഐ. പാർട്ടിയുടെ ഐക്യവും സംഘടനാ ശക്തിയും ഊട്ടിയുറപ്പിച്ച് ശക്തമായി മുന്നോട്ടു പോകാൻ തീരുമാനമെടുക്കുന്ന സമ്മേളനമാണ് നടക്കാൻ പോകുന്നത്. വാർത്തകളിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ട്.

കേരളത്തിൽ മാത്രമാണ് കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് ബദൽ ഉയർത്തുന്ന സർക്കാരുള്ളത്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനും സർക്കാരിനെതിരെ സമരം ചെയ്യാനും ബിജെപിയും കോൺഗ്രസും അധികമായി ജോലി ചെയ്യുന്നു. കേരളത്തിന്റെ വികസന ആവശ്യങ്ങൾക്ക് കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. അവരുടെ ഏജന്റായ ഗവർണർ ബില്ലുകൾ ഒപ്പിടാതെ സർക്കാരിന്റെ പ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തെ മുറിച്ചു കടക്കാൻ നമുക്ക് കഴിയും. പാര്‍ട്ടിയുടെ 14 ജില്ലാ സമ്മേളനത്തിലും എൽഡിഎഫ് വിടണമെന്ന് ആവശ്യം ഉയർ‌ന്നിട്ടില്ല. എൽഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന ആശയമാണ് അംഗീകരിക്കപ്പെട്ടതെന്നും കാനം പറഞ്ഞു.

English Summary: CPI State Conference: Kanam Rajendran Inaugurates Public Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com