ADVERTISEMENT

തിരുവനന്തപുരം∙ സിപിഐയിലെ പ്രായപരിധി മാനദണ്ഡത്തേക്കാൾ, ഔദ്യോഗികപക്ഷത്തിന്റെ ഏകപക്ഷീയ നടപടികളെയും സിപിഎമ്മിനോടുള്ള വിധേയത്വത്തെയും സംസ്ഥാന സമ്മേളനത്തിൽ തുറന്നു കാട്ടാൻ എതിർപക്ഷത്തിന്റെ നീക്കം. കമ്മിറ്റികളിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 75 വയസ്സാക്കിയ നടപടിക്കെതിരെ പ്രമേയം അവതരിപ്പിക്കില്ല. കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കട്ടെ എന്നാണ് കാനം രാജേന്ദ്രന്റെ വിരുദ്ധചേരിയുടെ നിലപാട്. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകാനാണ് എല്ലാ സാധ്യതയും. മത്സരമുണ്ടായാൽ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മത്സരിക്കും.

പാർട്ടിയുടെ വ്യക്തിത്വം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎമ്മിന് അടിയറവ് വച്ചെന്ന അണികൾക്കിടയിലുള്ള ആക്ഷേപത്തെ ജ്വലിപ്പിക്കാനാണ് എതിർപക്ഷത്തിന്റെ തീരുമാനം. സമ്മേളന അന്തരീക്ഷം ഈ ചർച്ചയിലൂടെ തങ്ങൾക്ക് അനുകൂലമായി പരുവപ്പെടുത്താമെന്ന് അവർ കരുതുന്നു. സി.കെ.ചന്ദ്രപ്പനെ പോലുള്ള നേതാക്കൾ ചുരുങ്ങിയ കാലം കൊണ്ട് തിരികെപ്പിടിച്ച പാർട്ടിയുടെ കരുത്ത് കാനത്തിന്റെ നേതൃത്വത്തിൽ ചോർന്നെന്നു വിലയിരുത്തുന്ന നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. മൂർച്ചയേറിയ വിമർശനങ്ങളുമായി പാർട്ടി നിലപാടുകൾ തുറന്നു കാട്ടിയിരുന്ന കാനം സിപിഎമ്മിനോട് ചായ്‌വുള്ള ആളായി മാറിയെന്നാണ് ആരോപണം. 

സിൽവർലൈൻ വിഷയത്തിലടക്കം പാർട്ടി സെക്രട്ടറിയുടെ നിലപാടുകൾ അണികളെ അതിശയിപ്പിക്കുന്നതായി. സിൽവർലൈൻ വിഷയം പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടി വിമർശനങ്ങളെ കാനം തള്ളിയപ്പോൾ പ്രാദേശിക തലത്തിൽ ജനങ്ങളോട് വിശദീകരിക്കാനാകാതെ നേതൃത്വം കുടുങ്ങിയെന്നു എതിർചേരി ആരോപിക്കുന്നു. സിൽവർലൈനിൽ നേതൃത്വം സ്വീകരിച്ച നിലപാട് വിമർശന വിധേയമാകും. മാവോയിസ്റ്റു വേട്ടയ്ക്കും യുഎപിഎ നിയമത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച കാനത്തിന്റെ പിന്നീടുള്ള നിലപാടുകളിൽ എന്തു പറ്റിയെന്ന ചോദ്യമാകും എതിർചേരി ഉയർത്തുക.

സമ്മേളന കാര്യത്തിലടക്കം ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന വിമർശനവുമുണ്ട്. ഒക്ടോബർ ഒന്നിന് വൈകിട്ട് ഫെഡറിലസവും കേന്ദ്ര–സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാനും പങ്കെടുക്കുന്ന സെമിനാറുണ്ട്. ഇതിന്റെ പ്രചാരണത്തിനായി ഉപയോഗിച്ച ഫ്ലക്സിൽനിന്ന് സിപിഐ നേതാക്കളുടെ ചിത്രം ഒഴിവാക്കിയത് മനപ്പൂർവമാണെന്ന ആരോപണവും എതിർപക്ഷം ഉയർത്തുന്നു. 

ഇടതുമുന്നണിയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ അവതരിപ്പിക്കാറുണ്ടെന്നും അഭിപ്രായ പ്രകടനം പരസ്യമായി പറയേണ്ട കാര്യമില്ലെന്നും വിമർശനങ്ങൾക്കു കാനം വിഭാഗം മറുപടി പറയുന്നു. വ്യക്തിത്വം സംരക്ഷിച്ചാണ് മുന്നണിയിൽ പാർട്ടി മുന്നോട്ടു പോകുന്നത്. അഭിപ്രായങ്ങള്‍ മറ്റു പാർട്ടികളിലെപോലെ പരസ്യമായി പറയുന്നത് മുന്നണി സംവിധാനത്തെ തകർക്കുമെന്നും ഔദ്യോഗിക വിഭാഗം പറയുന്നു.

പാർട്ടിയുടെ അസ്ഥിത്വം തകർക്കുന്ന നേതൃത്വമെന്ന വിമർശനത്തിന് പ്രാധാന്യം ലഭിച്ചാൽ മത്സരത്തിൽ ഗുണം ചെയ്യുമെന്ന് കാനം വിരുദ്ധചേരി പ്രതീക്ഷിക്കുന്നു. മറുപക്ഷത്തുനിന്നും കൂടുതൽപേർ ഇപ്പുറത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് അവർ പങ്കുവയ്ക്കുന്നത്. മത്സരം ഉണ്ടായാലും പ്രശ്നമില്ലെന്ന വിലയിരുത്തലാണ് ഔദ്യോഗിക പക്ഷത്തിനുള്ളത്. ഒക്ടോബർ മൂന്നാം തീയതി സെക്രട്ടറിയെയും സംസ്ഥാന കൗൺസിലിനെയും തിരഞ്ഞെടുക്കുന്നതോടെ സമ്മേളനം അവസാനിക്കും.

Content Highlight: CPI State Conference, Tussle between factions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com