ADVERTISEMENT

തിരുവനന്തപുരം∙ കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ആറാം അഡീഷനൽ സെഷൻസ് കോടതി തള്ളി. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയുള്ള ആരോപണങ്ങൾ നിസാരമായി കാണാനാകില്ലെന്നു കേസ് ഡയറി പരിശോധിച്ചതിൽനിന്നും വ്യക്തമായതായി കോടതി ഉത്തരവിൽ പറഞ്ഞു. അന്വേഷണം തുടരാൻ പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് ജാമ്യം നിഷേധിക്കുകയാണെന്നും കോടതി പറഞ്ഞു. 

മകളുടെ മുന്നിൽവച്ച് പിതാവിനെ ദേഹോപദ്രവം ഏൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ മുൻകൂര്‍ ജാമ്യം അർഹിക്കുന്നില്ലെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ പറഞ്ഞു.

പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനാണ് മകൾ രേഷ്മയുടെ മുന്നിൽവച്ച് മർദനമേറ്റത്. പ്രതികളായ കെഎസ്ആർടിസി ജീവനക്കാർ ഒളിവിലാണ്. മുൻകൂർ ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് ഇവരെ അറസ്റ്റു ചെയ്യാത്തതെന്നാണ് ആക്ഷേപം. പ്രതികൾ വിവിധ യൂണിനുകളിൽ നേതാക്കളും അംഗങ്ങളുമാണ്. പ്രതികളായ കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ്, അസിസ്റ്റന്റ് സി.പി.മിലന്‍ എന്നിവരാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

മർദിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്താൻ പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പരാതിക്കാരനായ പ്രേമനൻ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തെറ്റായ പരാതികൾ നൽകുന്നയാളാണെന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ചൂണ്ടിക്കാട്ടി. പ്രേമനനെതിരെ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്.

മുൻകൂട്ടി ആസൂത്രണം ചെയ്തു ക്യാമറയുമായാണ് മറ്റൊരാളോടൊപ്പം പ്രേമനൻ സ്റ്റാൻഡിലേക്കു വന്നത്. കെഎസ്ആർടിസി തൊഴിലാളികൾ മോശക്കാരാണെന്നു ചിത്രീകരിക്കാൻ വിഡിയോ ചിത്രീകരിച്ച് ഉടനെ മാധ്യമങ്ങൾക്കു കൈമാറുകയായിരുന്നെന്നും ജാമ്യാപേക്ഷയിൽ പ്രതികൾ ചൂണ്ടിക്കാട്ടി.

ഈ മാസം 20ന് നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തു വരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. രേഖകൾ നേരത്തെ ഹാജരാക്കിയിരുന്നതിനാൽ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് അധികൃതർ വ്യാഴാഴ്ച വീട്ടിലെത്തിച്ചു.

English Highlights: KSRTC, Kattakkada Depot, Anticipatory Bail Plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com