ADVERTISEMENT

തിരുവനന്തപുരം ∙ ഇ ഡിസ്ട്രിക്ട് പോർട്ടലിൽ വരുമാന സർട്ടിഫിക്കറ്റുകൾക്ക് ഉള്ള ഓൺലൈൻ അപേക്ഷാ പ്രവാഹം മൂലം വില്ലേജ് ഓഫിസുകളിൽ നിന്നു മറ്റു സർട്ടിഫിക്കറ്റുകളുടെ വിതരണവും സേവനവും തടസ്സപ്പെടുന്നത് ഉടൻ പരിഹരിക്കും. ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് അപേക്ഷ ആദ്യം പരിഗണിക്കാൻ വില്ലേജ് ഓഫിസർമാരെ അനുവദിക്കുന്ന തരത്തിൽ പ്രോസസിങ് രീതിയിൽ മാറ്റം വരുത്തണമെന്ന് റവന്യു മന്ത്രി കെ.രാജൻ ഇ ഡിസ്ട്രിക്ട് പോർട്ടലിന്റെ ചുമതലയുള്ള ഐടി വകുപ്പിനു നിർദേശം നൽകി. ഇതു സംബന്ധിച്ച ‘മനോരമ’ വാർത്തയും ജില്ലാ കലക്ടർമാർ ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ടും പരിഗണിച്ചാണു മന്ത്രിയുടെ ഇടപെടൽ.

അപേക്ഷയുടെ മുൻഗണനാക്രമം പാലിച്ചു മാത്രം വില്ലേജ് ഓഫിസർമാർക്ക് പ്രോസസിങ് അനുവദിക്കുന്ന തരത്തിലാണ് ഇപ്പോൾ പോർട്ടലിന്റെ പ്രവർത്തനം. അപേക്ഷകളുടെ എണ്ണം സാധാരണ നിലയിലാകും വരെ, അടിയന്തര ആവശ്യമുള്ള അപേക്ഷകൾക്ക് മുൻഗണനാക്രമം പാലിക്കാതെ അനുമതി നൽകുന്ന തരത്തിലാകും മാറ്റം.

സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സർക്കാർ നിർദേശം വന്നതോടെയാണ്, ദിവസേന 2 ലക്ഷം വരെ എന്ന തരത്തിൽ പോർട്ടലിൽ അപേക്ഷകൾ വർധിച്ചത്. വരുമാന സർട്ടിഫിക്കറ്റ് നൽകാൻ അടുത്ത വർഷം ഫെബ്രുവരി വരെ സാവകാശം സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും പെൻഷൻ ഗുണഭോക്താക്കൾ തിരക്കിട്ട് അപേക്ഷ സമർപ്പിക്കുകയാണ്.

English Summary: Minister K Rajan on Revenue Certificates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com