ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷനായാൽ പാർട്ടി ഘടനയിലും പ്രവർത്തന ശൈലിയിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുമെന്ന പ്രഖ്യാപനവുമായി ശശി തരൂർ. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സംസാരിക്കുമ്പോഴാണ് പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന തരൂരിന്റെ പ്രഖ്യാപനം. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസിനുള്ളിലെ ‘ഹൈക്കമാൻഡ് സംസ്കാരം’ ഉടച്ചുവാർക്കുമെന്നും തരൂർ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ എന്ത് ചെയ്യും, മുന്നിലുള്ള വലിയ വെല്ലുവിളികൾ എന്തെല്ലാം തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തരൂര്‍.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളിയായ മല്ലികാർജുൻ ഖർഗെയെ ‘കോൺഗ്രസിന്റെ ഭീഷ്മ പിതാമഹൻ’ എന്നു വിശേഷിപ്പിച്ച തരൂർ, ഖർഗെ തന്റെ സഹപ്രവർത്തകനാണെന്ന് ചൂണ്ടിക്കാട്ടി. ‘‘മല്ലികാർജുൻ ഖര്‍ഗെയുമായി സൗഹൃദ മല്‍സരം ആയിരിക്കും. ഖര്‍ഗെ മല്‍സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ പിന്തുണയുണ്ടാകും. 12 സംസ്ഥാനങ്ങളിലെ പ്രവർത്തകരുടെ പിന്തുണ ഉറപ്പാണ്’ – തരൂർ അവകാശപ്പെട്ടു.

എ.കെ.ആന്റണിയുടെ ഒപ്പിന് പ്രത്യേകതയില്ലെന്ന്, ഖർഗെയുടെ പത്രികയിൽ അദ്ദേഹം ഒപ്പിട്ടതിനെക്കുറിച്ച് തരൂർ പ്രതികരിച്ചു. ഖര്‍ഗെ തുടര്‍ച്ചയുടെ പ്രതീകമാണ്. ഞാന്‍ പുതിയ ചിന്താധാരയാണ്. പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കുമെന്നും ഒറ്റവരി പ്രമേയരീതി മാറുമെന്നും പത്രിക നല്‍കിയ ശേഷം തരൂര്‍ വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനത്തിനായി ഡൽഹിക്ക് അയയ്ക്കുന്ന രീതി മാറണമെന്നും തരൂർ അഭിപ്രായപ്പെട്ടു.

‘നിലവിലെ അവസ്ഥയെ പ്രതിനിധീകരിക്കുന്നവർക്കു പിന്നിൽ ഔദ്യോഗിക കേന്ദ്രങ്ങൾ അണിനിരക്കുന്നതിൽ വലിയ അദ്ഭുതമില്ല. പാർട്ടിയിൽ മാറ്റവും പാർട്ടിക്ക് വളർച്ചയും വേണമെങ്കിൽ എനിക്കു വോട്ടു ചെയ്യുക’ – തരൂർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന മത്സരം. ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ.എന്‍.ത്രിപാഠിയും പത്രിക നല്‍കിയിട്ടുണ്ട്. ഖര്‍ഗെയ്ക്കാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണ. മല്‍സരിക്കുമെന്ന് കരുതിയിരുന്ന ദിഗ്‍വിജയ് സിങ്ങും അശോക് ഗെലോട്ടും ജി 23 നേതാക്കളായ ഭൂപീന്ദര്‍ ഹൂഡയും മുകുള്‍ വാസ്‍നിക്കും അടക്കമുള്ളവരും ഖാര്‍ഗെയ്ക്ക് പിന്തുണയറിയിച്ചു. ഖർഗെയെ പിന്തുണയ്ക്കുമെന്ന് അശോക് ഗെലോട്ട്, മുകുള്‍ വാസ്നിക്, താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു.

∙ ‘മോദിയുടെ പ്രസംഗം കൊള്ളാം, പ്രവൃത്തിയിലില്ല’

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനാണെന്നും എന്നാൽ കാര്യത്തോടടുക്കുമ്പോൾ പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും തരൂർ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഏറ്റവും വലിയ എതിരാളിയാണ് മോദിയെന്ന് തരൂർ പറഞ്ഞു.

‘‘അദ്ദേഹത്തിന്റെ പ്രസംഗം തികച്ചും ശ്രദ്ധേയവും ആകർഷകവുമാണെന്ന് ഞാൻ കരുതുന്നു. നമ്മുടെ രാജ്യം കണ്ട ഏറ്റവും മികച്ച ഹിന്ദി പ്രഭാഷകൻ അദ്ദേഹം ആയിരിക്കാം. വാജ്‌പേയിക്ക് ആ പ്രശസ്തി ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും വാദിച്ചാലും, മിസ്റ്റർ മോദിയാണ് കൂടുതൽ കാര്യക്ഷമതയുള്ളതെന്ന് ആർക്കും പറയാം. അദ്ദേഹം നാടകീയതോടെയും ഫലപ്രദമായും കാര്യങ്ങൾ സംസാരിക്കും. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലഹീനത എന്തെന്നാൽ ആളുകളോട് പറയുന്നതും അവ നടപ്പിലാക്കുന്നതും തമ്മിലുള്ള അന്തരമാണ്. നിങ്ങൾ മികച്ച പ്രസംഗങ്ങൾ നടത്തുന്നു, അതിൽ നിങ്ങൾ പ്രശ്‌നങ്ങൾ കണ്ടെത്തുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. പക്ഷേ അത് നടപ്പിലാക്കുന്നില്ല എന്നതിന്റെ വലിയ ഒരു ഉദാഹരണം ഇവിടെ ഉണ്ട്. നോട്ട് നിരോധനം എന്ന ദുരന്തം.’ – തരൂർ പറഞ്ഞു.

English Summary: "Will Change High Command Culture": Shashi Tharoor After Filing Nomination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com