ADVERTISEMENT

ന്യൂഡൽഹി∙ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനങ്ങൾ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രധാനമന്ത്രി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾക്കു തുടക്കമിട്ടത്. ഡിജിറ്റൽ ഇന്ത്യ എന്നത് വെറും ഒരു പേര് മാത്രമല്ലെന്നും രാജ്യത്തിന്റെ വികസനത്തിന്റെ വളരെ വലിയ ദർശനമാണെന്നും ഉദ്ഘാ‌ടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ എന്ന വലിയൊരു ദർശനം താൻ മുന്നോട്ടു വച്ചപ്പോൾ പരിഹസിച്ചവരുണ്ടെന്നും എന്നാൽ സാങ്കേതിക വിദ്യ പാവപ്പെട്ടവർക്ക് അപ്രാപ്യമാണെന്ന ചിന്ത തിരുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

‘‘ 2014 ൽ വെറും 2 മൊബൈൽ നിർമാണ യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ എട്ടുവർഷത്തിനിടെ നിർമാണ യൂണിറ്റുകളുടെ എണ്ണം 200 കടന്നു. 2022 ഒക്ടോബര്‍ ഒന്നിന് ചരിത്രത്തിലാണ് സ്ഥാനം. 5ജി അനന്തമായ സാധ്യതകൾ നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നു’’– ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. 2014 ല്‍ 25 കോടി ഇന്റര്‍നെറ്റ് കണക്ഷനുകളുണ്ടായിരുന്നത് ഇപ്പോള്‍ 85 കോടിയായി ഉയര്‍ന്നു. ഗ്രാമീണമേഖലയിൽ നിന്ന് കൂടതൽ ഇന്റര്‍നെറ്റ് ഉപഭോ‌ക്‌താക്കൾ ഉണ്ടാകുന്നതു സന്തോഷകരമായ കാര്യമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

modi
അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനങ്ങൾ രാജ്യത്തിന് സമർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നു

സാങ്കേതിക വിദ്യയുടെ എല്ലാ പ്രയോജനങ്ങളും രാജ്യത്തിന്റെ എല്ലാ വീടുകളിലും എത്തണമെന്ന വിശാലമായ കാഴ്‍ചപാടാണ് തനിക്ക് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീപാവലിക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട 13 നഗരങ്ങളിൽ മാത്രമാകും ആദ്യഘട്ടത്തിൽ 5 ജി സേവനങ്ങൾ ലഭ്യമാകുക. 5ജി രാജ്യത്ത് വിദ്യാഭ്യാസം, ആരോഗ്യം, ചരക്ക് നീക്കം, ബാങ്കിങ് ഉള്‍പ്പടെയുള്ള വിവിധ മേഖലകളില്‍ കാതലായ മാറ്റം കൊണ്ടുവരുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock
പ്രതീകാത്മക ചിത്രം. Photo Credit: Alexander Supertramp/Shutterstock

ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ–ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുത്തു. 2023 ഡിസംബറിൽ എല്ലാ താലൂക്കിലും ജിയോ 5ജി എത്തിക്കുമെന്നു മുകേഷ് അംബാനി പറഞ്ഞു. എട്ടു നഗരങ്ങളിൽ ഇന്നു മുതലും 2024 ൽ രാജ്യമാകെയും എയർടെൽ 5 ജി ലഭ്യമാക്കുമെന്നു എയർടെൽ മേധാവി സുനിൽ മിത്തൽ അറിയിച്ചു. ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും ഉടൻ 5ജി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അനുകൂല അന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.

English Summary: PM Narendra Modi Launches 5G Services In India
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com