ADVERTISEMENT

തിരുവനന്തപുരം ∙ കാട്ടാക്കട യൂണിറ്റിൽ വിദ്യാർഥിനിക്ക് കൺസഷൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധമെന്ന് കെഎസ്ആർടിസി. കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാർഥിയാണെന്ന് തെളിയിക്കേണ്ട രേഖകൾ ഹാജരാക്കാതെയും കൺസഷൻ വിതരണം ചെയ്തെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. കൺസഷൻ വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസിയിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് കോഴ്സ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ച ശേഷമാണ് കൺസഷൻ വിതരണം ചെയ്തതെന്ന് എംഡിയുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

സെപ്റ്റംബർ 9ന് വിദ്യാർഥിനി കൺസഷൻ എടുക്കുന്നതിന് കാട്ടാക്കട യൂണിറ്റിൽ എത്തിയിരുന്നു. 19ന് കോഴ്സ് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതു ഹാജരാക്കത്തതിനാൽ അന്നു കൺസഷൻ നൽകിയില്ല. 22ന് പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും കൺസഷന് ടോക്കൺ നൽകുകയും ചെയ്തു. ഇതിന്റെ രേഖകൾ കെഎസ്ആർടിസി പുറത്തുവിട്ടു.

26ന് ക്ലസ്റ്റർ ഓഫിസർ കെ.വി.അജി വിദ്യാർഥിനിയുടെ വീട്ടിലെത്തി കൺസഷൻ നേരിട്ട് കൈമാറുകയായിരുന്നു. ഇതാണ് വസ്തുത. പക്ഷേ, പുറത്തുവരുന്ന മറ്റു വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് എന്തു പ്രകോപനമുണ്ടായാലും കെഎസ്ആർടിസി ജീവനക്കാർ അപമര്യാദയായി പെരുമാറാൻ പാടില്ലാത്തതായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിക്കുവേണ്ടി എംഡി മാപ്പുപറഞ്ഞത്.

വസ്തുതകൾ ഇതാണെന്നിരിക്കെ തെറ്റായ വാർത്തകൾ ആവർത്തിച്ച് പ്രചരിപ്പിച്ച് കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തുന്നതിൽനിന്നും മാറിനിൽക്കണം എന്ന് അഭ്യർഥിക്കുന്നു. വിദ്യാർഥിനിയുടെ പിതാവ് തന്നെ നേരിട്ട് വസ്തുതാവിരുദ്ധമായ വാർത്ത നൽകുന്നത് തികച്ചും ഖേദകരമാണെന്നും കെഎസ്ആർടിസി അറിയിച്ചു.

English Summary: Concession Was Given to Student Following Guidelines; KSRTC Released the Documents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com