ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി ജാർഖണ്ഡ് മുൻമന്ത്രി  കെ.എൻ.ത്രിപാഠി സമർപ്പിച്ച പത്രിക തള്ളി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതായി നേതൃത്വം അറിയിച്ചത്. അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ  മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ, ശശി തരൂർ എംപി എന്നിവരുടെ പേരുകളാണുള്ളത്.

ഖർഗെ 8 സെറ്റ് പത്രികകളും തരൂർ അഞ്ചും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്. ത്രിപാഠിയുടെ  പത്രികകളിൽ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്ന ഒരാളിന്റെ ഒപ്പിൽ വ്യത്യാസമുണ്ടെന്നും മറ്റൊരാൾ ഒപ്പ് ആവർത്തിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. 

വ്യാഴാഴ്ച രാത്രി വൈകി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലാണ് ഖർഗെയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയപ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖർഗെ രാജിവച്ചിരുന്നു. ഖർഗെയുടെ പത്രികകളിലൊന്നിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് എ.കെ.ആന്റണിയാണ്.

സ്ഥാനാർഥിയാകുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം പിന്മാറി. ഈ മാസം 8 വരെ പത്രിക പിൻവലിക്കാം. 17നു പിസിസി ആസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. ആകെ ഒൻപതിനായിരത്തിലധികം വോട്ടർമാരാണുള്ളത്. 19ന് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ. അന്നുതന്നെ ഫലപ്രഖ്യാപനം.

English Summary: Congress presidential poll:  nomination of Former Jharkhand minister K N Tripathi rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com